ADVERTISEMENT

ഹയർ സെക്കൻഡറി പരീക്ഷയിൽ ഒരു വിഷയത്തിനു തോറ്റവർക്ക് ഇനി ആ വിഷയത്തിലെ രണ്ടു വർഷത്തെ പരീക്ഷയും ഒരുമിച്ച് എഴുതേണ്ട. വിജയത്തിനായി രണ്ടു വർഷത്തെ പരീക്ഷയുടെ മാർക്ക്‌ ഒന്നിച്ച് പരിഗണിക്കുന്നതു തുടരുമെങ്കിലും തോറ്റവർ ഇഷ്ടമുള്ള വർഷത്തെ പരീക്ഷ എഴുതിയാൽ മതി. വേണമെങ്കിൽ രണ്ടു വർഷത്തെ പരീക്ഷയും എഴുതാം.

പുനർമൂല്യനിർണയത്തിൽ ഒരു മാർക്ക് അധികം ലഭിച്ചാലും അനുവദിക്കും. നിലവിൽ 5% മാർക്ക് അധികമായി ലഭിച്ചാലേ അനുവദിക്കൂ. ഇതുൾപ്പെടെ പരിഷ്കരിച്ച പരീക്ഷാ മാന്വലിന്റെ കരടു നിർദേശങ്ങൾ ഇന്നലെ ചേർന്ന അധ്യാപക സംഘടനാ യോഗവും അംഗീകരിച്ചു. സർക്കാർ ഉടൻ അന്തിമ ഉത്തരവിറക്കും.

പരീക്ഷ എഴുതാൻ 75% ഹാജർ വേണമെന്ന നിബന്ധനയിൽ മാറ്റമില്ല. എന്നാൽ, ഒഴിവാക്കാനാകാത്ത പ്രതികൂല സാഹചര്യമാണെങ്കിൽ 50% ഹാജർ‌ ഉള്ളവർക്കും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക അനുമതിയോടെ പരീക്ഷ എഴുതാം. പരീക്ഷ മൂല്യനിർണയം സംബന്ധിച്ച കരടിലെ നിർദേശങ്ങളിൽ അധ്യാപക സംഘടനകൾ എതിർപ്പറിയിച്ചു. 3 മണിക്കൂറിൽ ബോട്ടണി, സുവോളജി പരീക്ഷകളുടെ 20 പേപ്പറും മറ്റു വിഷയങ്ങളുടെ 13 പേപ്പറും മൂല്യനിർണയം നടത്തണമെന്നതു യഥാക്രമം 30, 20 എന്നിങ്ങനെ വർധിപ്പിച്ചതിനെയാണ് എതിർത്തത്.

അർധവാർഷിക പരീക്ഷ ഒഴിവാക്കിയേക്കും

സ്‌കൂളുകൾ വൈകി തുറന്ന പശ്ചാത്തലത്തിൽ അർധ വാർഷിക പരീക്ഷ ഒഴിവാക്കി ക്ലാസുകൾ നഷ്ടപ്പെടാത്ത വിധം ക്ലാസ്‌ പരീക്ഷകൾ നടത്താൻ സാധ്യത. ഇന്നലെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ക്യുഐപി യോഗത്തിലാണ് ഈ നിർദേശം ചർച്ച ചെയ്തത്. ക്യുഐപിയിൽ ഇല്ലാത്ത അധ്യാപക സംഘടനകളുടെ യോഗം ഇന്നു ചേരുന്നുണ്ട്‌. ഇന്നത്തെ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.

Content Summary: Higher Secondary Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com