ADVERTISEMENT

അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ വിജ്ഞാപനമിറങ്ങിയ വർഷം. എങ്കിലും പ്രതീക്ഷയോടെ കാത്തിരുന്ന ചില വിജ്ഞാപനങ്ങൾ (PSC Notifications) പ്രസിദ്ധീകരിക്കാതെ പോയതിന്റെ നിരാശ–2021 ലെ പിഎസ്‌സി നിയമനനടപടികളുടെ പൊതുചിത്രമിതാണ്. സർവകലാശാലാ ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർ, കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിലെ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, കേരള ബാങ്കിലെ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം എന്നിവ കഴിഞ്ഞ വർഷം പ്രതീക്ഷിച്ചെങ്കിലും  നടക്കാതെ പോയി. കെഎഎസ് രണ്ടാം വിജ്ഞാപനവും വന്നില്ല. പ്രായപരിധി അവസാനിച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരമാണ് വിജ്ഞാപനങ്ങൾ വൈകുന്നതിലൂടെ നഷ്ടപ്പെടുന്നത്. 

യോഗ്യതയിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെപോയതാണ് എഎംവിഐ, സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനങ്ങളുടെ വഴിമുടക്കിയത് രണ്ടു വിജ്ഞാപനങ്ങൾ ഒന്നിച്ചു പ്രസിദ്ധീകരിച്ച് നിയമനം നടത്തുന്നതിലെ സങ്കീർണതയാണ് കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനത്തിനു തടസ്സമായത്. കേരള ബാങ്കിലേക്കുള്ള വിജ്ഞാപനമാകട്ടെ സ്പെഷൽ റൂൾ തയാറാക്കുന്നതിലെ താൽപര്യമില്ലായ്മ കാരണം അനിശ്ചിതത്വത്തിലാണ്. കെഎഎസ് രണ്ടാം വിജ്ഞാപനത്തിനായി സർക്കാരിന്റെ അനുമതി കാക്കുകയാണു പിഎസ്‌സി. 

കേന്ദ്ര മാനദണ്ഡത്തിലുടക്കി എഎംവിഐ വിജ്ഞാപനം 

അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർ തസ്തികയിൽ പിഎസ്‌സി നിയമനം നടന്നിട്ട് ഒന്നര വർഷമാകുന്നു. മുൻ റാങ്ക് ലിസ്റ്റ് 2020 ഓഗസ്റ്റ് 6നാണ് അവസാനിച്ചത്. യോഗ്യതയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റത്തിനനുസരിച്ച് സംസ്ഥാനത്തു മാറ്റം വരുത്താത്തതാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള തടസ്സം. അടിസ്ഥാനയോഗ്യതകൾക്കൊപ്പം ഗവൺമെന്റ് അംഗീകൃത ഓട്ടമൊബീൽ വർക്‌ഷോപ്പിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം ഈ തസ്തികയുടെ യോഗ്യതയായിരുന്നു. എന്നാൽ, കേന്ദ്രം ഇത് ഒഴിവാക്കി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പിഎസ്‌സി സർക്കാരിനു കത്തയച്ചിരുന്നെങ്കിലും വിശദീകരണം ലഭിച്ചിട്ടില്ല. മറുപടി ലഭിച്ചെങ്കിലേ പിഎസ്‌സിക്കു വിജ്ഞാപനമിറക്കാൻ കഴിയൂ. ‌മുന്നൂറിലേറെപ്പേർക്ക് ഉറപ്പായും നിയമനം ലഭിക്കേണ്ട തസ്തികയിലെ നിയമന നടപടികളാണ് നിസ്സാരകാരണത്തിന്റെ പേരിൽ വൈകിക്കുന്നത്. മുൻ ലിസ്റ്റിൽ 372 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

യോഗ്യതയിൽ തട്ടി വാഴ്സിറ്റി LGS 

അഞ്ഞൂറിലധികം നിയമനാവസരമുള്ളതാണു സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തിക. യോഗ്യതയുമായി ബന്ധപ്പെട്ട ചെറിയ അവ്യക്തതയാണ് വിജ്ഞാപനം വൈകിക്കുന്നത്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഏഴാം ക്ലാസ് ജയം, ബിരുദം പാടില്ല എന്നീ യോഗ്യതകളാണ് സർവകലാശാല ലാസ്റ്റ് ഗ്രേഡിനു നിശ്ചയിച്ചിരുന്ന യോഗ്യത. ഇതിൽ മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവിനൊപ്പം ഏഴാം ക്ലാസ് ജയം എന്ന നിബന്ധന വന്നതിൽ ആശയക്കുഴപ്പമുണ്ടെന്നറിയിച്ച് പിഎസ്‌സി സർക്കാരിനു കത്തയച്ചു. ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിൽ വിവിധ സർവകലാശാലകളിലെ വ്യത്യസ്ത തസ്തികകൾക്ക് ഏകീകൃത യോഗ്യത സ്വീകരിക്കാനാകുമോ എന്നതിലും സർക്കാർ വ്യക്തത വരുത്തിയാലേ ഈ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിയൂ. 

ചട്ടത്തിൽ കരടായി കേരള ബാങ്ക് 

കേരള ബാങ്ക്  തസ്തികകളിലേക്കുള്ള നിയമനം പിഎസ്‌സി വഴി നടത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സ്പെഷൽ റൂൾപോലും തയാറാക്കിയിട്ടില്ല. ആകെയുള്ള ഇരുപതോളം തസ്തികകളിൽ പത്തിൽ താഴെയേ പിഎസ്‌സി വഴി നിയമനമുള്ളൂ. പിഎസ്‌സി നിയമനത്തിനുള്ള കരടുചട്ടം തയാറാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അന്തിമചട്ടം പുറത്തിറക്കിയിട്ടില്ല. ചട്ടം പുറത്തിറക്കി അതു പിഎസ്‌സി പരിഗണിക്കണം. ഭേദഗതികൾ ഉണ്ടെങ്കിൽ തിരുത്തലുകൾ വരുത്തിയേ അന്തിമ വിജ്ഞാപനം വരൂ. സഹകരണം മുഖ്യ വിഷയമായി പഠിച്ചവർക്കാണ് ഇതുവരെ ജോലി ലഭിക്കാറുണ്ടായിരുന്നത്. എന്നാൽ, കേരള ബാങ്കിലെ നിയമനത്തിൽ സഹകരണത്തിനു വലിയ പ്രാധാന്യമില്ലെന്നാണ് വിവരം. 

കമ്പനി/ബോർഡ് അസിസ്റ്റന്റ് രണ്ടാം വിജ്ഞാപനം ഈ വർഷം

രണ്ടു റാങ്ക് ലിസ്റ്റുകൾ ഒന്നിച്ചു പ്രസിദ്ധീകരിക്കുന്നത് നിയമനത്തിൽ ഉണ്ടാക്കുന്ന സങ്കീർണതയാണ് കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് വിജ്‍ഞാപനം വൈകിപ്പിക്കാൻ കാരണം.  രണ്ടു ലിസ്റ്റിലും ഒരേ ഉദ്യോഗാർഥികൾ ഉൾപ്പെടുന്നതിനാൽ ഒരു ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ കൃത്യമായി നടക്കാതെ പോകുമെന്ന കാരണംകൊണ്ടാണ് ഒരു വിജ്ഞാപനം മാത്രം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചത്. ഇതിലെ രണ്ടാമത്തെ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കും. 

Content Summary : Record-breaking run of Kerala PSC in 2021: A recap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com