ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു.
വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ തീരുമാനമെടുത്തതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സർവകലാശാലകളിൽ നിന്നു സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള താമസം ഒഴിവാക്കാൻ ഡിജിലോക്കർ വഴി നേരിട്ട് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കും. നിലവിൽ സാങ്കേതിക സർവകലാശാലയിൽ ഇത് നടപ്പാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സർവകലാശാലകളെ കരിവാരിത്തേക്കരുത്. എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ വിജിലൻസ് അറസ്റ്റ് ചെയ്യുകയും അവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പുതല അന്വേഷണങ്ങൾ നടത്തിവരികയാണ്. ഇവർക്കു സ്ഥാനക്കയറ്റം ലഭിച്ചത് സർക്കാർ പരിശോധിച്ചതായും അതിൽ അപാകതയില്ലെന്നു കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.
Content Summary: Foreign Investments In The Higher Education Sector