ADVERTISEMENT

കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) പരീക്ഷയുടെ ജൂൺ 12നു നടക്കുന്ന ആദ്യ ടെസ്റ്റിന് മേയ് 23 വരെ അപേക്ഷിക്കാം. ഈ വർഷം 3 തവണ ഓൺലൈൻ അഭിരുചി പരീക്ഷയുണ്ട്.

ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ (www.coa.gov.in).

 

5–വർഷ ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാം പ്രവേശനത്തിനുള്ള അഭിരുചി നിർണയിച്ച് പ്രവേശനാർഹത ഉറപ്പാക്കാനാണ് ‘നാറ്റ’ എന്ന പരീക്ഷ കൗൺസിൽ നടത്തുന്നത് (വെബ്: www.nata.in. ഹെൽപ് ഡെസ്ക്: 08045549467, nata.helpdesk2022@gmail.com).

 

3 പരീക്ഷ വരെ എഴുതാം: താൽപര്യമനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ ടെസ്റ്റിനു റജിസ്റ്റർ ചെയ്യാം. ഒരു ടെസ്റ്റെഴുതിയാൽ അതിന്റെ സ്കോറും, 2 ടെസ്റ്റെഴുതിയാൽ അവയിൽ മികച്ച സ്കോറും, 3 ടെസ്റ്റെഴുതിയാൽ മെച്ചമായ 2 സ്കോറുകളുടെ ശരാശരിയുമാകും പരിഗണിക്കുക.180 മിനിറ്റ് നേരത്തെ ടെസ്റ്റ് രാവിലെ 10നും ഉച്ചകഴിഞ്ഞ് 2.30നും തുടങ്ങും. 125 ചോദ്യങ്ങൾ. ചോദ്യമനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ മാർക്ക്. ആകെ 200 മാർക്ക്. ‌‌

 

5 രീതിയിലായിരിക്കും ചോദ്യങ്ങൾ: മൾട്ടിപ്പിൾ ചോയ്സ് (MCQ), മൾട്ടിപ്പിൾ സിലക്ട്  (MSQ), പ്രിഫറൻഷ്യൽ ചോയ്സ് (PCQ), ന്യൂമറിക്കൽ ആൻസർ (NAQ), മാച്ച് ദ് ഫോളോയിങ് (MFQ) എന്നിങ്ങനെയാണ്. ഇത്തവണയും ഡ്രോയിങ് ടെസ്റ്റില്ല.

 

nata-01

ഭാഷ മുഖ്യമായും ഇംഗ്ലിഷാണെങ്കിലും ചില ചോദ്യങ്ങൾ പ്രാദേശിക ഭാഷകളിലുമുണ്ടാകും. 7 തരം റീസണിങ് സങ്കേതങ്ങൾ പ്രയോഗിക്കുന്ന ചോദ്യങ്ങൾ വഴി പരീക്ഷാർഥിയുടെ വിവിധ കഴിവുകൾ പരിശോധിക്കും. നിഗമനങ്ങളിലെത്താനും തീർപ്പു കൽപിക്കാനുമുള്ള ശേഷിയും പരിശോധിക്കുന്നുണ്ട്. 

 

nata-02

ജ്യോമട്രിയടക്കം മാത്തമാറ്റിക്സ്, ഫിസിക്സ്, ഭാഷയും വ്യാഖ്യാനവും, രൂപകൽപനയുടെ പ്രാഥമിക തത്വങ്ങൾ, സൗന്ദര്യബോധം, വർണസിദ്ധാന്തങ്ങൾ, പുതുചിന്ത, ദൃശ്യബോധം, ചിത്രാലങ്കാരങ്ങൾ, കെട്ടിടങ്ങളുടെ ഘടന, കെട്ടിടനിർമാണത്തിന്റെ ബാലപാഠങ്ങൾ, നിർമാണവസ്തുക്കൾ, ആർക്കിടെക്ചറിലെ പദസമ്പത്ത് എന്നുതുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്നു ചോദ്യം വരും. പൊതുവിജ്ഞാനവും ഉണ്ടായിരിക്കും.

 

മുൻപരീക്ഷകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയുള്ള പരിശീലനം പ്രധാനം. ചോദ്യോത്തരങ്ങൾ നൽകുന്ന ഗ്രന്ഥങ്ങളും വെബ്സൈറ്റുകളും പ്രയോജനപ്പെടുത്താം. പഠിച്ചുണ്ടാക്കിയ അറിവു പരിശോധിക്കുകയല്ല, സ്വാഭാവിക അഭിരുചി വിലയിരുത്തുകയാണു ലക്ഷ്യമെന്ന് നാറ്റ ഇൻഫർമേഷൻ ബ്രോഷറിലുണ്ടെങ്കിലും, മുൻചോദ്യങ്ങളുമായുള്ള പരിചയം സഹായകമായിരിക്കും. 

 

ചിത്രരചനാവൈഭവമുണ്ടെന്നു കരുതി, വെറുംകയ്യോടെ ടെസ്റ്റിനു പോയാൽ നല്ല മാർക്ക് കിട്ടിയെന്നുവരില്ല. നാറ്റയുടെ രീതിക്കനുസരിച്ച് ചിട്ടയൊപ്പിച്ചു തയാറെടുക്കുന്നതു പ്രധാനം.

 

അപേക്ഷ: നാറ്റ അപേക്ഷ സമർപ്പിക്കാനുള്ള രീതി ബ്രോഷറിന്റെ 6–9, 17–19 പുറങ്ങളിലുണ്ട്. അപേക്ഷാഫീ ഒരു ടെസ്റ്റിന് 2000 രൂപ, 2 ടെസ്റ്റിന് 4000 രൂപ. 3 ടെസ്റ്റിനും ചേർത്ത് 5400 രൂപ. പട്ടിക, ഭിന്നശേഷി, വനിത, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1500 / 3000 / 4050 രൂപ. വിദേശത്ത് പരീക്ഷയെഴുതാൻ 10,000 / 20,000 / 27,000 രൂപ. പരീക്ഷാകേന്ദ്രങ്ങളുടെ മുൻഗണനാക്രമം അപേക്ഷയിൽ നല്‍കാം. പ്രോസസിങ് ചാർജും ജിഎസ്ടിയും പുറമേ.

 

പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ 158 കേന്ദ്രങ്ങൾക്കു പുറമേ ദുബായ്, മനാമ, ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. 

 

ബിആർക് യോഗ്യതയിൽ വ്യത്യാസം: നാറ്റ ബ്രോഷർ പ്രകാരം ബിആർക് പ്രവേശനത്തിന് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തമായും പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളും ചേർത്തും 50% വീതം മാർക്ക് വേണം. മാത്‌സ് ഉൾപ്പെട്ട 3 വർഷ ഡിപ്ലോമയിൽ മൊത്തം 50% മാർക്ക് ആയാലും മതി. 

 

പക്ഷേ കേരളത്തിലെ എൻട്രൻസ് വ്യവസ്ഥയനുസരിച്ച് ബിആർക് പ്രവേശനത്തിന് മിനിമം മാർക്ക് നിബന്ധനയില്ല. എന്നാൽ നാറ്റ–2022 പരീക്ഷയിൽ ജൂലൈ 31നു മുൻപ് യോഗ്യത നേടുകയും വേണം. ബിആർക്കിനു ലാറ്ററൽ എൻട്രിയില്ല. 

 

Content Summary: National Aptitude Test in Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com