ADVERTISEMENT

രാജ്യത്തെ പ്രതിഭാധനരായ സാങ്കേതിക വിദ്യാർഥികൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ‘സൃഷ്ടി’ അഖിലേന്ത്യാ എൻജിനീയറിങ് പ്രൊജെക്ട് പ്രദർശനം  കോവിഡ് ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു . ടെക്‌നോളജി  വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി  സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ്  സംഘടിപ്പിച്ചുവരുന്ന സൃഷ്ടിയുടെ എട്ടാമത് എഡിഷനാണ് ഏപ്രിൽ 25,26  തീയതികളിൽ ക്യാംപസിൽ അരങ്ങേറുക. സാങ്കേതികവിദ്യാ രംഗത്തെ ഇന്ത്യയിലെ യുവതലമുറയെ വ്യാവസായികമേഖലയുമായി ബന്ധപ്പെടുത്തി  ടെക്‌നോളജി രംഗത്തെ ഏറ്റവും പുതിയ വിജ്ഞാന മേഖലകൾ   പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് സെന്റ്ഗിറ്റ്സ്  പ്രദർശനത്തിലൂടെ നിർവഹിക്കുന്നത്. " Technology for the marginalised" ("സാങ്കേതികവിദ്യ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായ്") എന്നതാണ് വർഷത്തെ പ്രദർശനവിഷയം.

 വിദ്യാഭ്യാസമേഖലയിലെ നൂറ്റാണ്ടുകളുടെ പൈതൃകമുള്ള അക്ഷരനഗരിയായ കോട്ടയത്തിനു വിളിപ്പാടകലെ  പാത്താമുട്ടം എന്ന പ്രകൃതിരമണീയമായ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്ന് വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്ര സഹകരണം ഉൾപ്പെടെ തിളക്കമാർന്ന നേട്ടങ്ങളുമായി മികവിനെ പടവുകൾ കയറുകയാണ്. വിദ്യാഭ്യാസരംഗത്തെ സൂക്ഷ്മാംശങ്ങളിൽ പോലും പുലർത്തുന്ന ഗുണനിലവാരമാണ് ഈ സ്ഥാപനങ്ങളുടെ വിജയത്തിന് പിന്നിലെ അടിസ്ഥാനപാഠം. തികച്ചും മത്സരാധിഷ്ഠിതമായ മേഖലയിൽ തങ്ങളുടേതായ ഇടം നേടുക മാത്രമല്ല ''ലേൺ ഗ്രോ എക്സൽ ''എന്ന സ്ഥാപനത്തിന്റെ ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് പുതിയ പന്ഥാവുകളിലൂടെ സഞ്ചരിക്കുകയാണ് സെയിന്റ്ഗിറ്റ്സ്.

saintgits-02

 

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ ജീവിതം  മെച്ചപ്പെട്ടതാക്കാൻ ഉതകുന്ന പുതിയ സാങ്കേതികവിദ്യകളും ആശയങ്ങളുമാണ് ഇത്തവണത്തെ സൃഷ്ടിയുടെ പ്രത്യേകത. തോട്ടിപ്പണിയെന്ന മനുഷ്യത്വരഹിതമായ തൊഴിലിനെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ രാജ്യത്തെ സഹായിച്ച മാൻഹോൾ റോബോട്ടുകൾ, ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായി വിലകുറഞ്ഞ ആർത്തവകാല നാപ്കിനുകൾ ഉണ്ടാക്കുന്ന യന്ത്രം തുടങ്ങിയവ പോലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ  സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് നയിക്കുവാൻ പര്യാപ്തമായ സാങ്കേതിക കണ്ടുപിടുത്തങ്ങളായിരിക്കും മേളയുടെ മുഖ്യ ആകർഷണം. അപകടകരമായ തൊഴിലിടങ്ങളിലെ പുതിയ സാങ്കേതിക സുരക്ഷാസംവിധാനങ്ങൾ, അതിവേഗത്തിലുള്ള കമ്യൂണിക്കേഷൻ & മൊബിലിറ്റി,  ആരോഗ്യ-കാർഷിക മേഖലകളിലെ പുതുതലമുറ സാങ്കേതിക വിദ്യകൾ, ഭിന്നശേഷിക്കാർക്ക്  സഹായകരമായ നൂതന സാങ്കേതിക ഉപകരണങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള ടെക്‌നോളജി സാദ്ധ്യതകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സ്വാധീനം തുടങ്ങിയ പ്രധാന മേഖലകളിൽ ഊന്നിയുള്ള പ്രൊജെക്ടുകളാണ് പ്രദർശിപ്പിക്കപ്പെടുക. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ 21-ാം നൂറ്റാണ്ടിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും സൃഷ്ട്ടിയിൽ ഇടം പിടിക്കും.

saintgits-02

 

സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, യുവസംരംഭകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ (KSUM) സഹകരണത്തോടെയാണ് പ്രദർശനവും മത്സരവും നടക്കുക. ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനികളായ ആൻസിസ്‌ (ANSYS)- Entuple Technologies, മാത്ത് വർക്ക്‌സ് (MathWorks), കോൺസെപ്റ്റിയ കണക്ട് (Conceptia Konnect), റെസ്‌പൊ (Rezpo), നിയോ ടോക്യോ (NeoTokyo), സ്പീക്ക് ആപ്പ് (SpeakApp), മെഗാസൊലൂഷൻസ് (Mega Solutions) എന്നിവരാണ് സൃഷ്ടിയുടെ വ്യാവസായിക സഹകർത്താക്കൾ. കൂടാതെ,  സെന്റ്ഗിറ്റ്സ് ഐ.ഇ.ഡി.സി, സെന്റ്ഗിറ്റ്സ് സെന്റർ ഫോർ ഇന്നൊവേഷൻ & എന്റർപ്രണർഷിപ് (SCIE) എന്നിവരുമായി സഹകരിച്ചാണ്  "സൃഷ്ടി" സംഘടിപ്പിക്കുന്നത്.

saintgits-03

 

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഫുഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, അനലറ്റിക്കൽ, റോബോട്ടിക്‌സ് എന്നീ പന്ത്രണ്ട് വിഭാഗങ്ങളിലായി അഞ്ച്  ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള അവാർഡുകൾക്കായി പ്രോജക്ടുകൾ മത്സരിക്കും. പ്രദർശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന്  "ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്" ആയി ഒരു ലക്ഷം രൂപയും, മികച്ച ഗൈഡിനു 5000 രൂപയും, ഓരോ വിഭാഗത്തിലെയും മികച്ച പ്രോജക്ടിന് 12,000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച ജനപ്രിയ പ്രോജക്ടിനും മികച്ച സ്ഥാപനത്തിനും മികച്ച ബിസിനസ് പ്ലാനിനും പ്രത്യേകം പുരസ്ക്കാരങ്ങൾ ഒരുക്കിയിരിക്കുന്നു.

 

പുതിയ സാങ്കേതികവിദ്യകളുടെ ദേശീയതലത്തിലുള്ള  മികച്ച പ്രൊജക്ടുകളുമെന്നതിന്  കഴിഞ്ഞ ഒരു വർഷത്തെ മാത്രം ക്യാമ്പസിലെ 500-ലധികം ജോബ് പ്ലേസ്മെന്റുകൾ തന്നെ തെളിവ്. സൃഷ്ടി നൽകുന്ന കുതിപ്പിന്റെ  ചിറകേറിയാണ് കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ പദവി സെയിന്റ്ഗിറ്റ്സ് നേടിയത്. മുൻവർഷങ്ങളിലേതുപോലെ ഇന്ത്യയിലെ പതിനഞ്ചിലധികം സംസ്ഥാനങ്ങളിലെ മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ 1500-ൽ പരം ആധുനിക സാങ്കേതിക ആവിഷ്കാരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങൾ സൃഷ്ടിയിൽ പ്രദർശിപ്പിക്കപ്പെടും. കൂടാതെ സെന്റ്ഗിറ്റ്സിലെ വിവിധ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റുകൾ ഒരുക്കുന്ന പ്രോജക്ടുകളും പ്രദർശനത്തിൽ ഇടം പിടിക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൗജന്യമായി രണ്ടു ദിവസത്തെ പ്രദർശനം വീക്ഷിക്കാവുന്നതാണ്.

 

സൃഷ്ടിയുടെ ഭാഗമായി മുൻവർഷം ആരംഭിച്ച സ്കൂൾ വിദ്യാർഥികൾക്കായുള്ള , 'സമീക്ഷ' പോസ്റ്റർ പ്രെസൻറ്റേഷൻ മത്സരവും ഏപ്രിൽ 26ന് നടക്കും. "സാങ്കേതികവിദ്യ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായ്" എന്നുള്ള വിഷയത്തെ അധികരിച്ചുള്ള  നൂതന ആശയങ്ങളാണ്  വിദ്യാർഥികൾ പോസ്റ്റർ രൂപത്തിൽ   അവതരിപ്പിക്കേണ്ടത്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽനിന്നും  ഏറ്റവും മികച്ച  സാങ്കേതിക പ്രൊജക്ടുകൾ അവതരിപ്പിക്കപ്പെടുന്ന മേളയിൽ, തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുക വഴി വിദ്യാർഥികൾക്ക്  മുന്നിൽ ആധുനിക വൈജ്ഞാനിക മേഖലകളിൽ പുതിയ  വാതായനങ്ങൾ തുറക്കപ്പെടുകയാണ്.

 

Content Summary: Srishti'22 - SAINTGITS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com