ADVERTISEMENT

കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡിസ്ക്) നോളജ് ഇക്കോണമി മിഷൻ മുഖേന 20 ലക്ഷം പേർക്കു തൊഴിൽ നൽകുന്ന പദ്ധതിയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 45,94,543 പേർ. 

എറണാകുളം ഒഴികെയുളള ജില്ലകളിൽ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സർവേയിലാണ് ഇത്രയധികം പേർ റജിസ്റ്റർ ചെയ്തത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാൽ എറണാകുളത്തെ സർവേ മാറ്റിവച്ചിരിക്കു കയാണ്. ഉപതിരഞ്ഞെടുപ്പു നടന്ന തദ്ദേശ വാർഡുകളിലെ കണക്കുകളും ലഭ്യമാകാനുണ്ട്. ഇതുകൂടി ചേരുമ്പോൾ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷം കവിയുമെന്നു പ്രതീക്ഷിക്കുന്നു. 

 

തൊഴിൽ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. ഏതെങ്കിലും വീട് സർവേയിൽനിന്നു വിട്ടുപോയിട്ടുണ്ടെങ്കിൽ വാർഡ് അംഗത്തെയോ എഡിഎസ്–സിഡിഎസ് ഭാരവാഹികളെയോ ബന്ധപ്പെടാം. കെ.ഡിസ്ക് ഹെൽപ്‌ലൈനിലും (0471–2737881) വിവരങ്ങൾ അറിയിക്കാം.

 

റജിസ്ട്രേഷൻ കൂടുതൽ മലപ്പുറത്ത്; കുറവ് വയനാട്ടിൽ 

 

13 ജില്ലകളിലായി 68,43,742 വീടുകൾ സന്ദർശിച്ചാണു കുടുംബശ്രീ പ്രവർത്തകർ സർവേ നടത്തിയത്. ഏറ്റവും കൂടുതൽ തൊഴിലന്വേഷകർ റജിസ്റ്റർ ചെയ്തതു മലപ്പുറം ജില്ലയിലാണ്–5,66,480. കുറവ് വയനാട് ജില്ലയിൽ–1,43,717. 18നും 59നും ഇടയിൽ പ്രായമുള്ളവരെയാണു റജിസ്ട്രേഷനിൽ ഉൾപ്പെടുത്തിയത്. റജിസ്റ്റർ ചെയ്തവരിൽ 58% പേരും സ്ത്രീകളാണ്. 

 

റജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരിൽ ഏറ്റവും കൂടുതൽ പ്ലസ് ടു യോഗ്യതയുള്ളവരാണ്–21,22,790. ഐടിഐ യോഗ്യത നേടിയ 2,46,998 പേരും 3,60,279 ഡിപ്ലോമക്കാരും 14,05,019 ബിരുദധാരികളും 4,59,459 ബിരുദാനന്തര ബിരുദധാരികളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവർ 37.14 ലക്ഷമാണ്. 40 വയസ്സു വരെയാണു റജിസ്ട്രേഷൻ. കുടുംബശ്രീ സർവേയിൽ 59 വയസ്സു വരെയുള്ളവരെ പരിഗണിച്ചു. പ്ലസ് ടുവിനു മുകളിൽ യോഗ്യതയുള്ളവരെയാണ് കെ.ഡിസ്ക് സർവേയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യാനുള്ള യോഗ്യത എസ്എസ്എൽസിയാണ്.

 

Content Summary : Over 45 lakh job seekers register kdisc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com