ADVERTISEMENT

ആലുവ ∙ വിദ്യാർഥികൾക്കു  ഇനി സ്കൂൾ ബസ് ഡ്രൈവർമാർക്കും യൂണിഫോം വേണം. എന്നാൽ എത്ര പേർക്കറിയാം വിദ്യാർഥികളപ്പോലെ അച്ചടക്കത്തോടെ ജീവിക്കുന്നവരാണ് സ്കൂൾ ബസ് ഡ്രൈവർമാരെന്ന്. സാധാരണ ബസുകൾ ഓടിക്കുന്നവരേക്കാൾ തികഞ്ഞ ആത്മാർപ്പണത്തോടെ ജോലി ചെയ്യുന്നവരാണ് സ്കൂൾ ബസ് ഡ്രൈവർമാർ. അതുകൊണ്ടു തന്നെയാണ് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ അവരുടെ കൈകളിൽ വിശ്വസിച്ച് ഏൽപിക്കുന്നതും. തിരക്കും അപകടവും നിറഞ്ഞ റോഡുകളിൽ രാവിലെയും വൈകിട്ടും കുറെ സമയം ഡ്രൈവർമാരുടെയും ഒരു ആയയുടെയും സംരക്ഷണ വലയിത്തിലാണു കുഞ്ഞുങ്ങൾ. സ്കൂൾ ബസ് ഓടിക്കുമ്പോൾ ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ മാത്രമല്ല, ഓരോ കുഞ്ഞുങ്ങളുടെ മുഖത്തും എത്തും. 

 

വിരമിച്ചാലും വിശ്രമിക്കില്ല

ആലുവ തായിക്കാട്ടുകര ഐഡിയൽ പബ്ലിക് സ്കൂൾ ഡ്രൈവർ കെ.എം. അബ്ദുൽ ലത്തീഫ്
ആലുവ തായിക്കാട്ടുകര ഐഡിയൽ പബ്ലിക് സ്കൂൾ ഡ്രൈവർ കെ.എം. അബ്ദുൽ ലത്തീഫ്

 

സ്കൂൾ ബസ് ഡ്രൈവർമാരിൽ 50 ശതമാനത്തോളം പേർ കെഎസ്ആർടിസി റിട്ട. ഡ്രൈവർമാരാണ്. അന്തർ സംസ്ഥാന ലോറികളും സ്വകാര്യ ബസുകളും ഓടിച്ചിരുന്നവരും ഒട്ടേറെ. പ്രായം കൂടിയതു കൊണ്ടും വീടിനടുത്തുള്ള ജോലി എന്ന നിലയിലും വേണ്ടത്ര ഒഴിവു സമയം കിട്ടുമെന്നതും ആണ് പലരും ഈ ജോലി തിരഞ്ഞെടുക്കാൻ കാരണം. ക്ഷമയാണ് ഈ ജോലിക്ക് ഏറ്റവും പ്രധാനം. മാലാഖക്കുഞ്ഞുങ്ങളാണു ബസ്സിൽ. അവരെ സുരക്ഷിതമായും നിശ്ചിത സമയത്തും വീട്ടിലും സ്കൂളിലും എത്തിക്കേണ്ട ചുമതല ഡ്രൈവർമാരിൽ നിക്ഷിപ്തമാണ്. സർക്കാർ ചട്ടം അനുസരിച്ചു 10 വർഷം മുൻ പരിചയവും 40 വയസ്സിനു മുകളിൽ പ്രായവും ഉള്ളവരെ മാത്രമേ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരായി നിയമിക്കൂ. 40 മുതൽ 80 വയസ്സു വരെ ഉള്ളവർ ജില്ലയിൽ സ്കൂൾ ബസുകൾ ഓടിക്കുന്നുണ്ട്.

 

ഡ്രൈവിങ് മാത്രമല്ല യോഗ്യത 

ആലുവ തായിക്കാട്ടുകര ഐഡിയൽ പബ്ലിക് സ്കൂൾ ഡ്രൈവർ കെ.എം. അബ്ദുൽ ലത്തീഫ്
ആലുവ തായിക്കാട്ടുകര ഐഡിയൽ പബ്ലിക് സ്കൂൾ ഡ്രൈവർ കെ.എം. അബ്ദുൽ ലത്തീഫ്

മുതിർന്ന പെൺകുട്ടികളും മറ്റും യാത്ര ചെയ്യുന്നതിനാൽ സ്വഭാവശുദ്ധി ഉള്ളവരെ മാത്രമേ ഈ ജോലിയിൽ നിയമിക്കൂ കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂൾ ഡയറക്ടറായ പ്രദീപ് കുര്യാക്കോസ് പറഞ്ഞു. മദ്യപാനവും ക്രിമിനൽ പശ്ചാത്തലവും ഉള്ളവരെയും ജോലിക്ക് എടുക്കില്ല. 5 മുതൽ 20 വരെ ഡ്രൈവർമാരുള്ള സ്കൂളുകളുണ്ട് ജില്ലയിൽ. സ്കൂൾ ബസുകൾ അപകടത്തിൽ പെടുന്നത് അപൂർവമാണ്. അതിനാൽ ഇവ ഇൻഷുർ ചെയ്യാൻ ഇൻഷുറൻസ് കമ്പനികൾ തമ്മിൽ മത്സരമുണ്ട്.

 

തികഞ്ഞ സംതൃപ്തി 

ശമ്പളം ഒരുപാടില്ലെങ്കിലും ജോലിയിൽ സംതൃപ്തനാണെന്ന് ആലുവ തായിക്കാട്ടുകര ഐഡിയൽ പബ്ലിക് സ്കൂളിൽ 10 വർഷമായി ജോലി ചെയ്യുന്ന കെ.എം. അബ്ദുൽ ലത്തീഫ് പറഞ്ഞു. രാവിലെയും വൈകിട്ടുമായി നാലോ അഞ്ചോ മണിക്കൂറേ ജോലിയുള്ളൂ. ഇടയ്ക്കുള്ള സമയം വീട്ടുകാര്യങ്ങൾക്കും സ്വകാര്യ വാഹനങ്ങൾ ഓടിക്കാനും മാറ്റിവയ്ക്കാം. അതുവഴി അധിക വരുമാനം ലഭിക്കും. ഇഎസ്ഐ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ശനി, ഞായർ അവധിയും അവധിക്കാല ശമ്പളവുമാണ് മറ്റൊരു ആകർഷണം. കോവിഡ് കാലത്ത് സ്കൂൾ പ്രവർത്തിച്ചില്ലെങ്കിലും മുടങ്ങാതെ ശമ്പളം കിട്ടിയെന്നു കളമശേരിയിൽ സ്കൂൾ ബസ് ഡ്രൈവറായ സലാം പറഞ്ഞു. സ്കൂൾ ബസുകൾക്കു പ്രത്യേക നിറം വന്നതോടെ ദൂരെ നിന്നു തന്നെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വാഹനം തിരിച്ചറിയാൻ കഴിയുന്നുണ്ട്.

 

മതിപ്പു മാത്രം 

സ്കൂൾ ബസ് ഡ്രൈവർമാരെക്കുറിച്ച് തനിക്കു നല്ല മതിപ്പാണെന്ന് ആലുവ ജോയിന്റ് ആർടിഒ സലിം വിജയകുമാർ പറഞ്ഞു. ജിപിഎസും സ്പീഡ് ഗവർണറും ഉള്ളതിനാൽ 48–50 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പോകാനാവില്ല. ബസുകളിൽ ഇവ വരുന്നതിനു മുൻപും അതീവ ശ്രദ്ധയോടെയാണു ഡ്രൈവർമാർ സ്കൂൾ ബസുകൾ ഓടിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, മോട്ടർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യും. 

 

Content Summary : Uniform For School Bus Drivers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com