ADVERTISEMENT

കാടും മലയും പുഴയും താണ്ടി അമ്പൂരിയിലെ കുന്നത്തുമലയിലുള്ള ഏകാധ്യാപക വിദ്യാലയത്തിൽ ഉഷാകുമാരി ടീച്ചർ പഠിപ്പിക്കാനെത്തിയത് ഒന്നും രണ്ടുമല്ല, 24 വർഷമാണ്. ആനയും കടുവയുമുള്ള കാട്ടിലൂടെ, കുട്ടികൾക്കുള്ള അരിയും സാധനങ്ങളും തലയിൽ ചുമന്ന് മല കയറിയിരുന്ന ടീച്ചർ കണ്ണുതെളിച്ചു വിട്ടത് എത്രയോ കുട്ടികൾക്കാണ്. ജോലി സ്ഥിരമല്ലായിരുന്നെങ്കിലും ചുമതലകൾ പലതായിരുന്നു, അധ്യാപിക, കുട്ടികൾക്കു ഭക്ഷണമുണ്ടാക്കൽ, ഒരേസമയം ക്ലർക്കിന്റെയും പ്രധാനാധ്യാപികയുടെയും ജോലികൾ, ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കൽ അങ്ങനെ പല റോളുകൾ. അതിനിടയിലും മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്‌കാരം അടക്കമുള്ള അംഗീകാരങ്ങൾ ഉഷാകുമാരി ടീച്ചറെ തേടിയെത്തിയത് വിദ്യ പകർന്നു നൽകുന്നതിലുള്ള പ്രതിബദ്ധതയുടെ പ്രതിഫലമായാണ്. ആ ഉഷ ടീച്ചർ ഇനി പെൻഷൻ അർഹത പോലും സംശയത്തിലായ ഒരു തൂപ്പുജോലിക്കാരിയാണ്. ജോലി സ്ഥിരപ്പെടുത്തണമെന്ന നിരന്തര ആവശ്യത്തിനു സർക്കാർ ചെവി കൊടുത്തപ്പോൾ കിട്ടിയ ഫലം. 

 

ഇത് ഉഷ ടീച്ചറിന്റെ മാത്രം അവസ്ഥയല്ല. കേരളത്തിലെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ സർക്കാർ അടച്ചു പൂട്ടിയപ്പോൾ അവിടെ പഠിപ്പിച്ചിരുന്ന 344 അധ്യാപകർക്കാണ് ജോലി നഷ്ടമായത്. അവരെയാണ് ഇപ്പോൾ സ്വീപ്പർമാരായി നിയമിച്ചത്. അവിടെ പഠിച്ചിരുന്ന കുട്ടികളെ അടുത്തുള്ള സ്കൂളുകളിലേക്കു മാറ്റും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചത്. അവിടുത്തെ താൽക്കാലിക അധ്യാപകർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നൽകുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്വീപ്പർ തസ്തികയിലാണ് നിയമിച്ചത്. അതോടെ സ്ഥിര ജോലി ലഭിക്കുന്നതിനൊപ്പം ശമ്പളവർധനയുമുണ്ടാകും. പക്ഷേ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നൽകുമെന്ന വാഗ്ദാനം നടപ്പായില്ലെന്നാണ് പരാതി.

from-teacher-to-sweeper-the-life-and-struggles-of-ushakumari-article-three
കെ. ആർ. ഉഷാകുമാരി

 

വികസനം എത്തിനോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലാണ് മിക്കവാറും ഏകാധ്യാപക വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നത്. യാത്രാസൗകര്യമടക്കം എത്താത്ത അത്തരം ഇടങ്ങളിലേക്ക് സ്ഥലം മാറിയെത്തുക എന്നതുപോലും ശിക്ഷയായി കരുതിയിരുന്ന അധ്യാപകരുണ്ട്. അവർക്കിടയിലാണ് അമ്പൂരിയുടെ സ്വന്തം ഉഷാ കുമാരി ടീച്ചർ വ്യത്യസ്തയാകുന്നത്. കാൽ നൂറ്റാണ്ടാകുന്നു ഉഷാകുമാരി ടീച്ചർ കാടും മലയും പുഴയും താണ്ടി യാത്ര തുടങ്ങിയിട്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ ഒന്നിച്ചിരുത്തിയാണ് ഏകാധ്യാപക വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. അമ്പൂരിയിലുള്ളത് ആദിവാസി വിഭാഗത്തിലെ കുട്ടികളായിരുന്നു.

 

കുറച്ച് നാൾ മുൻപാണ് അധ്യാപിക ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉഷ ടീച്ചർ അടക്കമുള്ള ചില അധ്യാപകർ നിരാഹാര സമരം തുടങ്ങിയത്. അത് ഫലം കണ്ടു. അവർക്ക് സ്ഥിര നിയമനം കിട്ടി, പക്ഷേ അതുവരെയുണ്ടായിരുന്ന അധ്യാപികയുടെ റോളിലേക്കല്ല, സ്വീപ്പർ ജോലിയിലേക്ക്..

 

from-teacher-to-sweeper-the-life-and-struggles-of-ushakumari-article-two
കെ. ആർ. ഉഷാകുമാരി

‘‘കുറേ നാളായി ഞങ്ങൾ ജോലി സ്ഥിരപ്പെടുത്താൻ ആവശ്യപ്പെടുന്നു, ഒരു സ്വീപ്പർ പോസ്റ്റെങ്കിലും ലഭിച്ചാൽ മതിയെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ഇതു കിട്ടിയതിൽ ഞങ്ങൾക്ക് വിഷമമൊന്നുമില്ല, പക്ഷേ ടീച്ചർ ഇതല്ല അർഹിച്ചിരുന്നത് എന്നൊക്കെ മറ്റുള്ളവർ പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല’’ – ഉഷാകുമാരി ടീച്ചർ പറയുന്നു. 

 

ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടുമ്പോൾ അധ്യാപകരുടെ ജീവിതം മാറിമറിഞ്ഞതു മാത്രമല്ല സംഭവിച്ചത്. അത്തരം സ്‌കൂളുകളിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ ഭാവി ചോദ്യചിഹ്നമാണ്. ഉഷ ടീച്ചറിന് അതാണ് ഏറ്റവും വലിയ സങ്കടവും. വലിയ ബുദ്ധിമുട്ടുകൾ നേരിട്ടാണ് അടുത്തുള്ള വിദ്യാർഥികൾ പോലും പഠിക്കാൻ സ്കൂളിലെത്തിയിരുന്നത്.

 

പിന്നാക്ക മേഖലയിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാൻ വേണ്ടി 1997 ൽ തുടങ്ങിയതാണ് ഏകാധ്യാപക വിദ്യാലയങ്ങൾ. കൂടുതലും പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന അല്ലെങ്കിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കാനായി എത്തുന്നതും. ഇത്തരം സ്ഥാപനങ്ങൾ പൂട്ടുമ്പോൾ പല കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങുക തന്നെ ചെയ്യും. തൊട്ടടുത്തുള്ള മറ്റു സ്‌കൂളുകളിലേക്കു പോകാൻ കുട്ടികൾക്കുള്ള ബുദ്ധിമുട്ട് ഇതിനകം തന്നെ പല പഞ്ചായത്തുകളും അറിയിക്കുന്നുണ്ട്. കുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളെങ്കിലും നിലനിർത്തണമെന്നാണ് അവരുടെ ആവശ്യം. 

 

മുൻപും ഉഷാകുമാരി ടീച്ചറുടെ കഥ ലോകം കണ്ടിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ആവശ്യമായ സാധനങ്ങളും തലയിൽ ചുമന്ന് ഒരു വടിയും കുത്തി മല കയറി സ്‌കൂളിലെത്തുന്ന ടീച്ചറുടെ ദുരിത പർവ്വം ചർച്ചയായിട്ടുമുണ്ട്. പക്ഷേ അതെല്ലാം ത്യാഗമനസ്ഥിതിയോടെ മാത്രമായിരുന്നു ടീച്ചർ കണ്ടിരുന്നത്.

 

‘‘അർഹമായ ജോലി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി തരുമെന്ന് പറഞ്ഞിരുന്നു. ഞങ്ങളിൽ പലർക്കും അൻപത് വയസ്സിനു മുകളിലുണ്ട്, റിട്ടയർ ആവാറായി. ഇരുപത്തിനാലു വർഷമാണ് അമ്പൂരിയിലുണ്ടായിരുന്നത്. പ്രധാന അധ്യാപികയുടെ ജോലിയും കുട്ടികൾക്ക് എല്ലാ വിഷയവും എടുക്കുകയും ചില ദിവസങ്ങളിൽ കഞ്ഞി വയ്ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ജോലി സ്ഥിരപ്പെടുത്തണമെന്നും സ്വീപ്പർ ആയെങ്കിലും കിട്ടിയാൽ മതിയെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇരുപത്തിനാലു വർഷം ജോലി ചെയ്ത സ്‌കൂൾ പൂട്ടിയാൽ വീട്ടിൽ വെറുതെ ഇരിക്കുന്നതിലും നല്ലതാണല്ലോ സ്വീപ്പർ ജോലി എന്നോർത്തു.’’ ഉഷാകുമാരി ടീച്ചർ പറയുന്നു. 

 

ടീച്ചറുടെ പ്രതിസന്ധി തീരുന്നില്ല. ജോലി സ്ഥിരപ്പെട്ടെങ്കിലും ഇനി അഞ്ചു വർഷത്തെ സർവീസ് മാത്രമാണ് ബാക്കി. 20 വർഷമെങ്കിലും സർവീസ് ഉണ്ടെങ്കിലേ പെൻഷന് അർഹതയുള്ളൂ. അതുകൊണ്ട് ഉഷ ടീച്ചർക്ക് പെൻഷൻ പോലെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ അസ്ഥിരത തുടരുകയാണ്. 

 

സ്വീപ്പർ ജോലി ചെയ്യുന്നതിൽ തനിക്കു മടിയൊന്നുമില്ലെന്നു ടീച്ചർ പറയുന്നുണ്ടെങ്കിലും കുറച്ചു മാസങ്ങൾക്കു മുൻപ് വരെ വിദ്യാർഥികൾക്ക് അറിവ് പകർന്നു കൊടുത്തിരുന്നവരെ പെട്ടെന്ന് അധ്യാപകജോലിയിൽനിന്നു മാറ്റി മറ്റൊരു ജോലി നൽകുമ്പോൾ അതിലുള്ള ധാർമികത എത്രയുണ്ട് എന്നതാണ് സംസ്ഥാനം ഇപ്പോൾ ചർച്ച ചെയ്യുന്നത്. അധ്യാപന മികവിനു ദേശീയ പുരസ്‌കാരം വരെ ലഭിച്ച ഒരു അധ്യാപിക കൂടിയാകുമ്പോൾ അവരെ സ്നേഹിച്ചിരുന്നവരുടെ ആശങ്ക അസ്ഥാനത്തല്ല. ഈ വിഷയത്തിൽ അമ്പൂരിയിലെ ജനങ്ങൾ തുടങ്ങിവച്ച പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ പടരുകയാണ്. 

 

‘‘ഈ വർഷവും ഞാനവിടെയുണ്ടാകുമെന്ന് അമ്പൂരിയിലെ ജനങ്ങൾ വിശ്വസിച്ചിരുന്നു. പക്ഷേ അവസാന നിമിഷത്തിലാണ് അവരും അറിഞ്ഞത് സ്‌കൂൾ പൂട്ടിയതും എനിക്ക് വേറെ ജോലി കിട്ടിയതും. അപ്പോഴും എനിക്ക് സ്വീപ്പർ ജോലിയാണ് ലഭിച്ചതെന്ന് അവർ വൈകിയാണ് അറിഞ്ഞത്. യാത്ര പറയാൻ എല്ലാവരും വന്നിരുന്നു’’ – ടീച്ചർ പറയുന്നു.

 

ഒരു ജോലിയും നിസ്സാരവും മോശവുമല്ല, പക്ഷേ അർഹതയുള്ളവർക്ക് അതനുസരിച്ചു ജോലി നൽകുക എന്നതാണ് നീതി. ഏറെ ബുദ്ധിമുട്ടുകളും നിരാഹാര സമരം അടക്കമുള്ള പ്രതിഷേധങ്ങളും കടന്നാണ് ഉഷാകുമാരി ഉൾപ്പെടെയുള്ള അധ്യാപകർ സ്ഥിരജോലിയിലേക്ക് എത്തിയത്. ഇത്രയും കാലം സംരക്ഷിച്ച, ഇപ്പോൾ സ്ഥിര ജോലി നൽകിയ സർക്കാരിനെ ഉഷാകുമാരി ടീച്ചർ കുറ്റപ്പെടുത്തുന്നില്ല. കാലം ഇത്തരം അധ്യാപകരോട് നീതി കാണിച്ചോ എന്നത് മാത്രമാണ് പ്രശ്നം. പെൻഷൻ പറ്റാറാകുന്ന പ്രായത്തിൽ അർഹിക്കുന്ന സർവീസ് ആനുകൂല്യങ്ങളെങ്കിലും അവർക്ക് നൽകിയിരുന്നെങ്കിൽ പല അധ്യാപകരുടെയും സങ്കടം കുറഞ്ഞിരുന്നേനേ. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ സഹിച്ച്, വിദൂരമേഖലകളിലെ സ്‌കൂളുകളിൽ വർഷങ്ങളോളം കുട്ടികൾക്ക് അറിവു പകർന്നവരാണിവർ. അവർ തീർച്ചയായും നീതിയർഹിക്കുന്നുണ്ട്. 

Content Summary : From teacher to sweeper, the life and struggles of Ushakumari 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com