ADVERTISEMENT

ഭാവനാശാലികൾക്ക് എന്ത് അദ്ഭുതവും പ്രവർത്തിക്കാനാകുമെന്ന് ഒരു ‘ചാക്കോ മാഷു’ മാത്രമല്ല ഒരുപാടു ചാക്കോ മാഷുമാർ പണ്ടു പറഞ്ഞിട്ടുണ്ട്.  ചാക്കോമാഷിനു മുൻപ് പല മഹാന്മാരും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ഭാവനയുണ്ടെങ്കിൽ പുതുമ മാത്രമല്ല, പത്തുകാശും കൈയിലെത്തുമെന്നതിന് ഉദാഹരണങ്ങളേറെ.  

 

∙ ബസിൽ എത്ര ഭാവനയാകാം? 

Kerala Govt. Converts Bus Into Classroom for KG Students
വിദ്യാർഥികൾ പഠന വണ്ടിയിൽ.

 

അടുത്ത കാലത്ത് ബസിലാണ് ഏറ്റവുമധികം ഭാവന കലർത്തിക്കാണുന്നത്.  അതും കേരളത്തിൽ. ബസ് ക്ലാസ് മുറിയാക്കുന്ന പരീക്ഷണം ഇവിടെയാണ് അരങ്ങേറുന്നത്. ഡൽഹി രാജേന്ദ്ര നഗറിൽ ഐഐടി പഠിച്ചിറങ്ങിയ രണ്ടു യുവാക്കൾ ചേർന്ന് കട്ടപ്പുറത്തിരുന്ന ഒരു ഡബിൾ ഡക്കർ ബസ് വാങ്ങി. എന്നിട്ടതൊരു ന്യൂ ജെൻ കഫെ ആയി രൂപാന്തരപ്പെടുത്തി. എസിയും വൈഫൈയും ഒക്കെമുണ്ട്. ചെറുപ്പക്കാരാണ് കസ്റ്റമേഴ്സിൽ അധികവും. അവർക്ക് ഒരു കോഫിയും നുണഞ്ഞ് എത്ര നേരം വേണമെങ്കിലും ബസിൽ കയറിയിക്കാം.  ഒരു സീറ്റു ബുക്ക് ചെയ്ത് അവിടെ ലാപ് ടോപ്പും തുറന്നിരുന്ന് ഓഫിസ് ജോലികൾ ചെയ്യാം. വായിക്കാൻ പുസ്തകങ്ങളും ആനുകാലികങ്ങളും ഉണ്ട്. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന ചെറുപ്പക്കാർ ഒട്ടേറെ.

 

∙ ഫുഡ് ഓൺ വീൽസ് 

Kerala Govt. Converts Bus Into Classroom for KG Students
പഠന വണ്ടിയിൽ ക്രമീകരിച്ചിരിക്കുന്ന സീറ്റുകൾ.

 

ഡൽഹിയിൽ തന്നെ ട്രാൻസ്പോർട്ട് കോർപറേഷന്റെ കട്ടപ്പുറത്തുള്ള ബസുകൾ ചെറുകിട റസ്റ്ററന്റുകളായി മാറിയ കഥകളും ഒട്ടേറെയുണ്ട്.  ഈ മാതൃക ഹൈദരാബാദിലും ബെംഗളൂരുവിലുമുണ്ട്. സ്ട്രീറ്റ് റെസ്റ്ററന്റുകള്‍, ഫുഡ് ഓൺ വീൽസ് തുടങ്ങിയ പേരുകളിലാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. 

 

∙ ചലിക്കുന്ന ചിത്രശാല 

antony-raju
ഗതാഗതമന്ത്രി ആന്റണി രാജു

 

മീററ്റിൽ ബസ് ഒരു സഞ്ചരിക്കുന്ന സിനിമാ ശാലയാണ്. പുതിയ ചിത്രങ്ങളടക്കം ബസിലിരുന്നു കാണാം. പുതിയ ചിത്രങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്ക്  എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന സിനിമാ ടാക്കീസുകൾക്കു തുടക്കമിട്ടത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ‘ടൂറിങ് ടാക്കീസ്’ എന്ന പേരിൽ സഞ്ചരിക്കുന്ന ചിത്രശാലകൾ നടത്തുന്നുണ്ട്. പക്ഷേ പ്രദർശനം ബസിലല്ലെന്നു മാത്രം. സിനിമ പ്രദർശിപ്പിക്കാനുളള പ്രൊജക്ടറും തിരശീലയുമടക്കമുള്ള സാമഗ്രികൾ ബസിൽ വിവിധ ഇടങ്ങളിലെത്തിക്കുന്നതാണ് പദ്ധതി.

 

∙ ബസിൽ പുസ്തകശാല

 

ബസിൽ പുസ്തശാലയൊരുക്കിയുള്ള പരീക്ഷണങ്ങൾ രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാമുണ്ട്. കേരളത്തിലും സ്വകാര്യ പ്രസാധകരടക്കം ഇതു പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുണ്ട്. ഒരു പടി കൂടി കടന്ന് ബസ് പച്ചക്കറിക്കടയായി മാറ്റിയ പരീക്ഷണം പക്ഷേ കേരളത്തിൽ മാത്രമാണു കാണാനാവുക. കുടുംബശ്രീയ്ക്കാണ് പച്ചക്കറി കട നടത്താൻ സർക്കാർ വക ബസു വിട്ടുനിൽകിയത്. 

 

∙ പഠനവണ്ടി വിവാദം

മന്ത്രി വി.ശിവൻകുട്ടി
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

 

പരീക്ഷാക്കാലത്ത് വിദ്യാലയങ്ങളിലേക്കു പോകുന്ന കുട്ടികൾ ബസിലിരുന്നു പഠിക്കുന്ന കാഴ്ച പതിവാണെങ്കിലും അവർ സ്ഥിരമായി ബസിലിരുന്നു പഠിക്കുന്ന സംവിധാനത്തിന് ആദ്യമായി രൂപം നൽകിയിരിക്കുന്നതു കേരളത്തിലാണ്. അതിന്റെ ‘ക്രെഡിറ്റ്’ ഇപ്പോഴത്തെ സർക്കാരിനു മാത്രം അവകാശപ്പെടുന്നതും.  വിദ്യാഭ്യാസ മേഖലയിൽ ഇതിനു മുൻപൊന്നും ഇത്തരം ഭാവന പ്രയോഗിച്ചു കണ്ടിട്ടില്ലെന്നു ചുരുക്കം. 

Kerala Govt. Converts Bus Into Classroom for KG Students
പഠനവണ്ടി പദ്ധതി പ്രകാരം ക്ലാസ്മുറിയാക്കി മാറ്റിയ കെഎസ്ആർടിസി ലോഫ്ലോർ ബസ്.

 

∙ വിമർശനം വേണ്ട, ഒന്നു വന്നു കാണൂ.. 

 

ഇതു ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നതാണ്. കെഎസ്ആർടിസി ബസ് സർവീസു നടത്തിപ്പിൽ ഭാവനയില്ലെന്ന് ജീവനക്കാരോ നാട്ടുകാരോ പറഞ്ഞാൽ അതൊന്നും സമ്മതിച്ചു തരുന്നയാളല്ല  ഗതാഗതമന്ത്രി. ബസ് തെക്കുവടക്കു മാത്രം ഓടിച്ചിട്ടു കാര്യമില്ലെന്നാണ് അദ്ദേഹം പൊതുവെ പറയാറ്. ലാഭം ഉണ്ടാക്കണം. ബസ് ഓടിയാലും ഇല്ലെങ്കിലും അതുപയോഗിച്ച് നൂറു കൂട്ടം കാര്യങ്ങൾ ചെയ്യാമെന്ന് മന്ത്രി പറയുന്നു. അതിന് ഒരുദാഹരണം മാത്രമാണ് ഓടാതെ കിടന്നിരുന്ന ലോ ഫ്ലോർ എസി ബസുകൾ ക്ലാസ് മുറികളാക്കുന്ന പഠനവണ്ടിയെന്ന പദ്ധതി. 

 

∙ ആദ്യം വിവാദം പിന്നാലെ ക്ലാസ്മുറിവണ്ടി 

 

ലോ ഫ്ലോർ ബസുകൾ ക്ലാസ് മുറികളാക്കുമെന്ന പ്രഖ്യാപനം വിവാദമായ പശ്ചാത്തലത്തിലാണ് തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്ന രണ്ടു ബസുകൾ പെട്ടന്ന് ക്ലാസ് മുറികളായി മാറ്റാൻ തീരുമാനിച്ചിരുന്നത്.  തിരുവനന്തപുത്ത് മണക്കാട്ടുള്ള ടിടിഐയ്ക്കു വേണ്ടി തിടുക്കത്തിൽ ലോ ഫ്ലോർ ബസ് ക്ലാസ് മുറിയാക്കി മാറ്റിയെടുക്കുകയായിരുന്നു.  രണ്ടാമത്തെ പഠനവണ്ടി മണ്ണാർക്കാട് താമസിയാതെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം.

 

∙ എഴുപതു ലക്ഷം ചെറിയ തുകയാണോ ? 

 

‘നാസയേക്കാൾ വലിയ കണ്ടുപിടുത്തമാണെന്നൊക്കെ പറഞ്ഞ് പരിഹസിക്കുന്നവർ ഏറെയായിരുന്നു. അവർ ഈ പഠനവണ്ടിയൊന്നു കാണാൻ വരണം’– ആന്റണി രാജു പറയുന്നു. ‘എഴുപതു ലക്ഷം മുടക്കി ഒരു ക്ലാസ് മുറി പണിതെടുക്കുന്നതിനേക്കാൾ എത്രയോ മികച്ച കാര്യമാണ് അതേ വിലയുള്ള ബസ് ക്ലാസ് മുറിയാക്കുന്നത്..?’ അദ്ദേഹം ചോദിക്കുന്നു.

 

∙ സ്വപ്നത്തിൽ കണ്ടതാണോ ഇത്? 

 

ആന്റണി രാജുവിന് കട്ട സപ്പോർട്ടുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും രംഗത്തുണ്ട്. ‘കെഎസ്ആർടിസി ബസ് ക്ലാസ് മുറിയാകുമെന്ന് സ്വപ്നത്തിൽ പോലും നമ്മൾ കരുതിയിരുന്നില്ല. ഈ ആശയം മുന്നോട്ടു വച്ചപ്പോൾ വിമർശിച്ചവർക്കുള്ള മറുപടിയാണ് യാഥാർഥ്യമായിരിക്കുന്നത്.’– ശിവൻകുട്ടി പറയുന്നു. 

 

∙ കെഎസ്ആർടിസിയുടെ സഹായമില്ല

 

ബസ് കെഎസ്ആർടിസി നൽകിയെങ്കിലും ക്ലാസ് മുറിയായി പണിതെടുത്തത് വിദ്യാഭ്യാസ വകുപ്പാണ്. അതിനു തങ്ങൾ തയാറല്ലെന്ന് നേരത്തെ തന്നെ കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം വ്യക്തമാക്കിയിരുന്നു. അഞ്ചു ദിവസം കൊണ്ടാണ് ബസ് ക്ലാസ് മുറിയാക്കിയത്.  ആകെ മൊത്തം കളർഫുള്ളാണ് ബസിന് ഉൾവശം.  ബാഗു തൂക്കാനും പുസ്തകങ്ങൾ സൂക്ഷിക്കാനും ഷെൽഫ് അടക്കമുള്ള സൗകര്യമുണ്ട്. സ്മാർട് ടിവി, ഇരിക്കാൻ വർണ ചിത്രങ്ങളുള്ള കസേരയും വച്ചെഴുതാൻ ടേബിളും. ക്ലാസ് മുറി എസിയാണെന്നു പ്രത്യേകം പറയേണ്ടതില്ല. എസിയില്ലെങ്കിൽ പഠനം ഒരു വഴിയാകുമെന്ന് ആരോഗ്യപ്രവർത്തകർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. 

 

∙ കൂടുതൽ പഠനവണ്ടികൾ വരുമോ? 

 

അതിനു സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സംസ്ഥാനത്തെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയിട്ടുണ്ടെന്നും പഠനവണ്ടികളുടെ ആവശ്യമില്ലെന്നും വിദ്യാഭ്യാസ സംഘടനകളും അധ്യാപക സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. 

 

Content Summary : Classroom On Wheels  Kerala Govt. Converts Bus Into Classroom for KG Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com