ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ്ടു പരീക്ഷയെ വിവാദത്തിലാക്കിയ കെമിസ്ട്രിക്ക് വിജയം മുൻ വർഷത്തെക്കാൾ 4.1% കുറഞ്ഞതിനൊപ്പം എ പ്ലസ് നേടിയവരുടെ എണ്ണവും കുത്തനെ കുറഞ്ഞു. സയൻസ് വിഷയങ്ങളിൽ കെമിസ്ട്രിക്കു മാത്രമാണ് ഇത്തവണ വിജയം 90 ശതമാനത്തിൽ താഴെയായത്. 1,80,900 പേർ പരീക്ഷ എഴുതിയതിൽ 1,61,254 പേരാണു വിജയിച്ചത്. കഴിഞ്ഞ വർഷം 64,308 പേർ എ പ്ലസ്  നേടിയെങ്കിൽ ഇത്തവണ  30,615 ആയി കുറഞ്ഞു. ഇത്തവണ കുട്ടികളെ ഏറെ വലച്ചതു കെമിസ്ട്രിയായിരുന്നു. ഓർഗാനിക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട 3 പാഠഭാഗങ്ങളിൽ നിന്നായിരുന്നു പകുതിയിലധികം ചോദ്യങ്ങളും. അവസാന ചോദ്യം സിലബസിനു പുറത്തുനിന്നായിരുന്നു. 

 

മൂല്യനിർണയമാണ് ഏറെ വിവാദം സൃഷ്ടിച്ചത്. അധ്യാപകസമിതി തയാറാക്കിയ ഉത്തരസൂചിക കുട്ടികൾക്ക് അനാവശ്യമായി മാർക്ക് നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യകർത്താവ് തന്നെ തയാറാക്കിയ സൂചിക നൽകുകയായിരുന്നു. അതോടെ ഭൂരിഭാഗം അധ്യാപകരും മൂല്യനിർണയം ബഹിഷ്കരിച്ചു. ഒടുവിൽ സർക്കാരിനു വഴങ്ങേണ്ടി വന്നു. പുതിയ അധ്യാപകസമിതി തയാറാക്കിയ ഉത്തരസൂചിക ഉപയോഗിച്ചാണ് പുനർമൂല്യനിർണയം നടത്തിയത്. ആദ്യ ഉത്തരസൂചികയ്ക്കു സമാനമായിരുന്നു ഇതും. വിജയശതമാനം കുറഞ്ഞതും പരീക്ഷാ വിവാദവും തമ്മിൽ ബന്ധമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവും പറഞ്ഞു.

 

plus-two-result-002

കെമിസ്ട്രി, ഫിസിക്സ്, കണക്ക്: പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന ഇല്ല

ഇരട്ട മൂല്യനിർണയം നടത്തിയ കെമിസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ പേപ്പറുകൾക്കു പുനർമൂല്യനിർണയവും സൂക്ഷ്മപരിശോധനയും ഉണ്ടാകില്ല. പ്രധാന വിഷയങ്ങളിൽ വിജയശതമാനം ഏറ്റവും കുറഞ്ഞത് ഇംഗ്ലിഷിനാണ്. കഴിഞ്ഞ വർഷം 92.61% പേർ ജയിച്ചപ്പോൾ ഇത്തവണ 83.87% പേരാണ് യോഗ്യത നേടിയത്. പക്ഷേ, ഇംഗ്ലിഷ് ഒഴികെ മറ്റ് 12 ഭാഷാ വിഷയങ്ങളിലും 97 ശതമാനത്തിനു മുകളിലാണു വിജയം. കണക്ക്, കെമിസ്ട്രി പരീക്ഷകളിലും വിജയം മുൻ‌ വർഷത്തെക്കാൾ 4 ശതമാനത്തിലേറെ കുറഞ്ഞു. കണക്കിന് 88.91% പേരും (കഴിഞ്ഞ വർഷം 93.43), കെമിസ്ട്രിക്ക് 89.14% പേരും (കഴിഞ്ഞ വർഷം 93.24) ആണു ജയിച്ചത്.

 

40% പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുന്ന ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾ മാത്രമായി പരീക്ഷ നടന്ന കഴിഞ്ഞ വർഷം ഇംഗ്ലിഷ് ലിറ്ററേച്ചർ ഒഴികെ എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിനു മുകളിലായിരുന്നു വിജയം. ആകെ വിജയശതമാനവും എ പ്ലസ് വിജയം നേടിയവരുടെ എണ്ണവും ഉയരുകയും ചെയ്തു. എന്നാൽ, ഇത്തവണ ഫോക്കസ് ഏരിയയിൽ 60% പാഠഭാഗങ്ങൾ ഉൾപ്പെടുത്തുകയും 30% ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ചോദ്യപ്പേപ്പറിൽ 100% ചോദ്യങ്ങൾ അധികമായി ഉൾപ്പെടുത്തിയത് ഇത്തവണ 50% ആയി കുറച്ചു.

വി.ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി

ഹയർ സെക്കൻഡറി പരീക്ഷാഫലം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചു. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടക്കുകയാണ്. മൂല്യനിർണയം ആരംഭിച്ച ശേഷം നോട്ടിസ് പോലും തരാതെയാണു പണിമുടക്കിയത്. ഇത് അനുവദിക്കാനാകില്ല. പരീക്ഷ ആരംഭിക്കുന്നതിനു മുൻപും പല ആക്ഷേപങ്ങളും ചിലർ ഉന്നയിച്ചിരുന്നു. അതെല്ലാം മറികടന്നാണ് കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചത്.  

 

 

 

സിബിഎസ്ഇ ഫലം ജൂലൈ പകുതിയോടെ

ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 പരീക്ഷാഫലത്തിന് ഇനിയും കാത്തിരിക്കണം. 12–ാം ക്ലാസ് പരീക്ഷ കഴി‍ഞ്ഞ ദിവസമാണു പൂർത്തിയാക്കിയത്. മൂല്യനിർണയ നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത മാസം ആദ്യ ആഴ്ചകളിൽ മാത്രമേ പരീക്ഷാഫലം പുറത്തെത്താൻ സാധ്യതയുള്ളൂ. അതേസമയം, ഈ വർഷത്തെ 2 ടേം പരീക്ഷകളിൽ ഓരോന്നിനും എത്ര വെയ്റ്റേജ് നൽകണമെന്നു തീരുമാനിച്ചിട്ടില്ല. പല സംസ്ഥാന ബോർഡുകളും 10, 12 ക്ലാസ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. 11–ാം ക്ലാസ് പ്രവേശനത്തിനുള്ള നടപടികളും വൈകാതെ ആരംഭിക്കും.

 

Content Summary : Kerala Plus Two Result 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com