ADVERTISEMENT

കുഞ്ഞുങ്ങൾക്കു മൂന്നു വയസ്സായാൽ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ലോകത്തേക്ക് അവരെ കൈപിടിച്ചു നടത്താൻ വെമ്പൽ കൊള്ളുന്നവരാണ് മാതാപിതാക്കൾ. രണ്ടേ മുക്കാൽ വയസ്സു മുതൽ  അങ്കണവാടിയിലോ പ്ലേ സ്കൂളിലോ കുട്ടികളെ അയച്ച് സൗഹൃദത്തിന്റെയും കളിചിരികളുടെയും ലോകം അവർക്ക് പരിചയപ്പെടുത്തി കൊടുക്കാറുമുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വേറിട്ട്, പുസ്തകങ്ങളും അക്കങ്ങളും അക്ഷരങ്ങളുമൊന്നുമില്ലാത്ത മറ്റൊരു ലോകം കുഞ്ഞുമക്കൾക്കായി ഒരുക്കിയിരിക്കുകയാണ് ബേബിറൂട്ട്‌സ് എന്ന ആശയത്തിലൂടെ  മുൻ എംഎൽഎ ജയിംസ് മാത്യു. കളികളിലൂടെ കാര്യം പഠിപ്പിക്കുന്ന, ജീവിതത്തെ കുറച്ചു കൂടി റിയലിസ്റ്റിക്കായി സമീപിക്കാവുന്ന തരത്തിലൊരു സ്ഥാപനം കണ്ണൂരിൽ കുഞ്ഞുങ്ങൾക്കായി ഒരുക്കിയ ജയിംസ് മാത്യുവിന്റെ വേറിട്ട ശൈലിയെ സമൂഹമാധ്യമ കുറിപ്പിലൂടെ പരിചയപ്പെടുത്തുകയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്ക്

 

ഡോ. ടി. എം. തോമസ് ഐസക്കിന്റെ കുറിപ്പ്:

 

ജയിംസ് മാത്യു ഒരു വിദ്യാഭ്യാസ പരീക്ഷണത്തിലാണ്. ഒന്നര വയസ്സു മുതൽ അഞ്ചര വയസ്സു വരെയുള്ള കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എങ്ങനെയായിരിക്കണം? ജയിംസിനു ചില കൃത്യമായ ധാരണകളുണ്ട്. അതു ചെയ്തു കാണിക്കുകയാണു ലക്ഷ്യം. “ബേബി റൂട്ട്സ്” എന്നൊരു പ്ലേ സ്കൂൾ സ്ഥാപിച്ചു കഴിഞ്ഞു. നല്ല വലിയ ഇരുനില വീട് വാടകയ്ക്ക് എടുത്തു. വീടും നാലുചുറ്റുപാടുമുള്ള മുറ്റവും കളിയിടങ്ങളാക്കിക്കൊണ്ടിരിക്കുകയാണ്. വീടിനു ചുറ്റും കളിവണ്ടി ഓടിക്കാൻ കൊച്ചു ട്രാക്ക്. കുട്ടികൾ കളിച്ചു ട്രാഫിക് റൂൾ പഠിക്കും. കളിവീടുകളിൽ കുട്ടികൾക്ക് വീട് ഒരുക്കാം, പാചക കളികൾ നടത്താം. വീടിനു ചുറ്റുമായിട്ടും ഫലവൃക്ഷങ്ങളും ചെടികളുമൊക്കെയുണ്ട്. വെള്ളത്തിൽ കളിക്കാൻ സൗകര്യമുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുടെ കൊച്ചു മാതൃകകളുണ്ട്.

 

ഡോ. ടി. എം. തോമസ് ഐസക്, ജയിംസ് മാത്യു
ഡോ. ടി. എം. തോമസ് ഐസക്കിനോട് ബേബി റൂട്ടിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുന്ന ജയിംസ് മാത്യു.

കളിയിലൂടെ, കഥയിലൂടെ, കരയിലൂടെ, പാട്ടുകളിലൂടെ, അഭിനയത്തിലൂടെ, പ്രകൃതി നിരീക്ഷണത്തിലൂടെ കുഞ്ഞുങ്ങളുടെ അറിവും ബുദ്ധിയും വികസിക്കാൻ സാഹചര്യമൊരുക്കുന്നു. അക്ഷരവും അക്കവും പഠിപ്പിക്കില്ല. പുസ്തകങ്ങളുമില്ല. പഠനം മുഴുവൻ മേൽപറഞ്ഞവയുടെ അടിസ്ഥാനത്തിലുള്ള സംവേദനത്തിൽ നിന്നാണ്. ഗണിതത്തിന്റെയും വ്യാകരണത്തിന്റെയുമെല്ലാം യുക്തി കുട്ടിയുടെ മനസ്സിൽ ഉണ്ടായിക്കോളും എന്നതാണു സമീപനം. അധ്യാപകനിൽ നിന്നെന്നതുപോലെ തന്നെ കുട്ടികൾ പരസ്പരം കളിച്ചും ചിരിച്ചും പഠിക്കും. ഒന്നര മുതൽ അഞ്ചര വരെ വയസ്സ് പ്രായം അനുസരിച്ചുള്ള പ്രത്യേക ക്ലാസ്സൊന്നും ഇല്ല. എല്ലാവരും ഒരുമിച്ചാണ്. അതും ബോധപൂർവമുള്ള ഒരു സമീപനമാണ്.

 

ഓരോ കുട്ടിയുടെയും ശീലവും താൽപര്യവുമെല്ലാം കണ്ടറിഞ്ഞും രക്ഷകർത്താക്കളോടു ചർച്ച ചെയ്തും ഓരോരുത്തർക്കും പ്രത്യേക പ്ലാനുണ്ടാവും. 4-5 കുട്ടികൾക്ക് ഒരു അധ്യാപകൻ വീതം ഉണ്ടാവും. കുഞ്ഞുങ്ങളെ അവരുടെ സ്വാഭാവിക വളർച്ചയ്ക്കായി പരിശീലിപ്പിക്കാം എന്നതാണ് ആദർശം. ഉത്തരവാദിത്വമുള്ള രക്ഷിതാക്കളായി മാറാൻ മാതാപിതാക്കൾക്കും പരിശീലനം നൽകുന്നു.

 

ഫിൻലൻഡിലെ ശിശു വിദ്യാഭ്യാസം പ്രസിദ്ധമാണ്. ഏഴാം വയസ്സിൽ ഒന്നിൽ ചേരുന്നതുവരെ കുട്ടി അക്ഷരവും അക്കവും പഠിക്കുന്നതു നിഷിദ്ധമാണ്. പക്ഷേ ഹൈസ്കൂൂൾ കഴിയുന്നതിനു മുമ്പ് ഫിൻലൻഡിലെ കുട്ടികൾ വിദ്യാഭ്യാസ നിലവാരത്തിൽ പശ്ചാത്യ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിലയിലെത്തും. ശൈശവ കാലത്തെ പാഠ്യരീതി കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയ്ക്കു വഴിയൊരുക്കുകയും പിന്നീട് അതിവേഗം വിദ്യ നേടുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് കുട്ടികളുടെ മനസ്സിൽ വിവരങ്ങൾ കുത്തിനിറയ്ക്കരുത്. 

ജയിംസ് മാത്യുവിന്റെ പരസ്യം ഫിൻലൻഡ് മാതൃക എന്നാണ്. അതോടൊപ്പം ഉഷാ മേനോന്റെ ഡൽഹിയിലെ ജോഡോ ഗ്യാൻ പ്രസ്ഥാനം അവരുടെ കാൽനൂറ്റാണ്ടു കാലത്തെ പ്രവർത്തനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ സജീവ പിന്തുണയും നൽകുന്നുണ്ട്.

 

ഏതാണ്ട് രണ്ട് മണിക്കൂറോളം സമയമെടുത്താണ് ജയിംസ് ഓരോ കളിമൂലകളും അവയുടെ പ്രവർത്തന രീതികളുമൊക്കെ വിശദീകരിച്ചു തന്നത്. കാര്യമൊക്കെ ഗംഭീരം. പക്ഷേ എന്റെ സംശയം ഇതൊക്കെ ചെയ്യുന്നതിനു പറ്റിയ അധ്യാപകരെ കിട്ടുമോ എന്നുള്ളതാണ്. ഫിൻലൻഡ് ശിശു വിദ്യാഭ്യാസത്തിന്റ ആണിക്കല്ല് വിദഗ്ധപരിശീലനം നേടിയ അധ്യാപകരാണ്. അപേക്ഷിക്കുന്നവിൽ 10 ശതമാനം പേരെ മാത്രമേ ഒരു വർഷം ശിശു അധ്യാപകരാകാൻ തിരഞ്ഞെടുക്കൂ. പരിശീലനം പൂർത്തിയാക്കിയാൽ നല്ല ശമ്പളമുണ്ട്. സ്കൂൾ അധ്യാപകരെപ്പോലെ തന്നെ സാമൂഹിക അംഗീകാരവും. ജീവിതം മുഴുവൻ നീളുന്ന പഠനത്തിന് അധ്യാപകൻ തയാറാവുകയും വേണം. ഇതുപോലുള്ള അധ്യാപകരെ എങ്ങനെ ജയിംസിന് ഉറപ്പാക്കാനാകും?

 

ഒറ്റ വഴിയേയുള്ളൂ. ജയിംസിനെപ്പോലെ ശിശുവിദ്യാഭ്യാസത്തിൽ വട്ടുപിടിച്ചിട്ടുള്ള കുറച്ചധികം സന്നദ്ധപ്രവർത്തകരെ കണ്ടെത്തണം. ബേബി റൂട്ട്സിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യാനും സാമാന്യവൽക്കരിക്കാനും കുറേയേറെ വിദഗ്ധരെയും കണ്ടെത്തണം. ജയിംസിനെ അറിയാവുന്നതുകൊണ്ട് ഇതൊക്കെയാണ് മൂപ്പരുടെ പ്ലാനെന്നു തോന്നുന്നു.

 

Content Summary : Dr. T.M Thomas Issac Talks About Baby Root Initiative -  Education Method 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com