ADVERTISEMENT

മെയിൻ ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർഥികളില്ലാതിനാൽ റവന്യു വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകൾ അവസാനിക്കുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ റാങ്ക് ലിസ്റ്റ് റദ്ദായി. കൊല്ലത്തെ ലിസ്റ്റ് അടുത്ത നിയമന ശുപാർശയോടെ അവസാനിക്കും. മറ്റു ജില്ലകളിലെ ലിസ്റ്റുകളും 3 വർഷ കാലാവധി പൂർത്തിയാക്കാതെ അവസാനിക്കാനാണു സാധ്യത. ലിസ്റ്റിന്റെ കാലാവധിക്കുളളിൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള ഒഴിവു മുന്നിൽക്കാണാതെ മെയിൻ ലിസ്റ്റിൽ ആളെക്കുറച്ചതാണു വിനയായത്. പല ജില്ലകളിലും 6 മാസത്തിലധികം കാലാവധി ബാക്കിനിൽക്കെയാണ് റാങ്ക് ലിസ്റ്റ് അവസാനിച്ചത്. 

 

താൽക്കാലിക നിയമനം നടക്കാൻ സാധ്യത 

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പുതിയ വിജ്ഞാപന പ്രകാരമുള്ള പരീക്ഷകൾ 10th ലെവൽ പൊതുപരീക്ഷയോടൊപ്പം നടക്കുന്നതേയുള്ളൂ. ജൂലൈ 2നും 16നുമായി രണ്ടു ഘട്ടം കൂടി പരീക്ഷ ബാക്കിയുണ്ട്. അർഹതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കുറഞ്ഞത് 6 മാസം വേണ്ടിവരും. തുടർന്നു മെയിൻ പരീക്ഷ നടത്തി സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരണത്തിനും 6 മാസമെടുക്കും. സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയാക്കിയേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കൂ. ഇത്രയും നടപടിക്രമങ്ങൾക്ക് ഒരു വർഷത്തിലധികം വേണ്ടിവരും. ലിസ്റ്റുകൾ റദ്ദായ ജില്ലകളിൽ ഒന്നര വർഷത്തോളം റാങ്ക് ലിസ്റ്റ് നിലവിലുണ്ടാകില്ല എന്നതിനാൽ താൽക്കാലിക നിയമനത്തിനാണു സാധ്യത. 

 

റിപ്പോർട്ട് ചെയ്ത ഒഴിവിലും നിയമനമില്ല

ഈ തസ്തികയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലും പൂർണമായി നിയമനം നൽകാൻ കഴിഞ്ഞില്ല. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ മാർച്ച് 5ന് 10 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 7 പേർക്കു ശുപാർശ തയാറാക്കിയപ്പോഴേക്കു മെയിൻ ലിസ്റ്റ് അവസാനിച്ചു. 2019 സെപ്റ്റംബർ 25നാണു തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. അടുത്ത സെപ്റ്റംബർ 24 വരെ കാലാവധി ലഭിക്കേണ്ടതാണ്. എന്നാൽ, മെയിൻ ലിസ്റ്റ് അവസാനിച്ചതിനാൽ മാർച്ച് 23നു നടന്ന ശുപാർശയോടെ ലിസ്റ്റ് റദ്ദായി. കൊല്ലം ജില്ലയിൽ 10 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമന ശുപാർശാ നടപടികൾ പൂർത്തിയാകുമ്പോഴേ ഇതിൽ എത്ര പേർക്കു നിയമനം നൽകാൻ കഴിയുമെന്നു വ്യക്തമാകൂ. മറ്റു പല ജില്ലകളിലും സമാനസാഹചര്യമാണ്. 

 

അടുത്ത ലിസ്റ്റിലും ആശങ്കാസാധ്യത 

 

കാലാവധി പൂർത്തിയാക്കാതെ ഇത്തവണ റാങ്ക് ലിസ്റ്റുകൾ അവസാനിച്ചതു മുന്നിൽക്കണ്ട് അടുത്ത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെങ്കിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകും. വിവിധ ജില്ലകളിൽ ഒഴിവുകൾ ബാക്കിനിൽക്കുകയാണ്. പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനെടുക്കുന്ന കാലാവധിയിലും ഒഴിവുകൾ വരും. പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലാണു ലിസ്റ്റ് എന്നതിനാൽ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നവർ മറ്റു ലിസ്റ്റുകളിലും ഉൾപ്പെടും. അതിനാൽ, ധാരാളം എൻജെഡി ഒഴിവുകൾക്കും സാധ്യതയുണ്ട്. ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചില്ലെങ്കിൽ നിരാശയാകും ഫലം.

 

Content Summary : Vacancies not filled; Village Field Assistant Rank List validity to close soon; Career News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com