ADVERTISEMENT

ശമ്പളത്തിൽ ആനുപാതിക വർധന ഉണ്ടാകാത്തത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി, പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന പല തൊഴിലാളികളും ജോലി വിടാനൊരുങ്ങുന്നു. വ്യാപക അസംതൃപ്തിയെത്തുടർന്ന്, നിർമാണ മേഖലയിൽ ഉൾപ്പെടെ ജോലിയെടുക്കുന്നവരിൽ 10 ൽ നാലു പേരും നിലവിലെ ജോലി രാജി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണത്രേ. സേവന, നിർമാണ, ഐടി രംഗങ്ങളിൽ നമൻ എച്ച്ആർ എന്ന മാനേജ്‌മെന്റ് സ്ഥാപനം നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളെക്കാൾ പുരുഷൻമാരിലാണ് നിലവിലെ ജോലിയെക്കുറിച്ച് അസംതൃപ്തി കൂടുതൽ. 10 പുരുഷൻമാരിൽ ആറു പേരും ഉടൻ രാജി സമർപ്പിക്കണം എന്ന മാനസികാവസ്ഥയിലാണ് ജോലി ചെയ്യുന്നത്.

 

ദ് ഗ്രേറ്റ് റെസിഗ്‌നേഷൻ സർവേ 2022 എന്ന പേരിട്ടു നടത്തിയ പഠനം പല മേഖലകളിലായി 500 ൽ അധികം സ്ഥാപനങ്ങളിലാണ് നടത്തിയത്. തൊഴിൽ മേഖലയിലെ പുതിയ പ്രവണതകളും ജീവനക്കാരുടെ മനോഭാവും സംതൃപ്തിയും അറിയുക എന്നതായിരുന്നു ലക്ഷ്യം.

 

വർഷം തോറും ശമ്പളം ആനുപാതികമായി കൂടുന്നില്ല എന്നതാണ് തൊഴിലാളികളുടെ അസംതൃപ്തിയുടെ പ്രധാന കാരണം. മുകളിലുള്ള ഉദ്യോഗസ്ഥരോടുള്ള ഇഷ്ടക്കേടിനേക്കാൾ ശമ്പളത്തിലെ കുറവാണ് ജോലി മാറാൻ  പ്രേരിപ്പിക്കുന്നതെന്നാണ് 15 ശതമാനം പേരും പറയുന്നത്. ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള പൊരുത്തക്കേടാണ് മറ്റൊരു പ്രധാന ഘടകമെന്ന് നമൻ എച്ച്ആർ സ്ഥാപകൻ സമീർ പരീഖ് പറയുന്നു. വളർച്ചയ്ക്കുള്ള അവസരങ്ങൾ ഇല്ലാത്തതും അംഗീകാരം ലഭിക്കാത്തതുമാണ് മറ്റു പ്രധാന കാരണങ്ങൾ.

 

ജീവക്കാരുടെ കഴിവ് മനസ്സിലാക്കി, അവർക്ക് അർഹമായ അംഗീകാരം കൊടുക്കാൻ സ്ഥാപനങ്ങൾ തയാറാകണം.  ജീവനക്കാർക്കു കൂടി യോജിച്ച ജോലി സമയം ക്രമീകരിക്കുക എന്നത് പ്രധാനമാണ്. ജോലി ചെയ്യിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യത്തിനു സമയം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. വർഷം തോറും ശമ്പളം വർധിക്കും എന്നു പ്രതീക്ഷിക്കുന്നതു ന്യായമാണ്. എന്നാൽ ഈ പ്രതീക്ഷ അസ്ഥാനത്താകുമ്പോൾ അസംതൃപ്തി ഉടലെടുക്കുന്നു. മേലധികാരികളുടെ അംഗീകാരമാണ് മറ്റൊരു പ്രധാന ഘടകം. ജോലി വിട്ടാലും ന്യായമായ നഷ്ടപരിഹാരം കിട്ടുമെന്ന ഉറപ്പും തൊഴിലാളികൾക്കു വേണമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

 

ജോലി വിട്ടാൽത്തന്നെ ഉടൻ മറ്റൊരു ജോലിക്കു കയറാൻ പലരും ആലോചിക്കുന്നില്ല. സ്വന്തമായി സ്ഥാപനം തുടങ്ങുകയാണ് പലരുടെയും ലക്ഷ്യം. 30 നും 45 നും ഇടയിൽ പ്രായമുള്ള തൊഴിലാളികളാണ് സ്വന്തമായി സ്ഥാപനം തുടങ്ങി ജീവിക്കുക എന്ന സ്വപ്‌നം താലോലിക്കുന്നത്. 20-29 വയസ്സിനിടെയുള്ള ജീവനക്കാരിൽ പലരും വൈകാതെ തന്നെ ജോലി വിടണമെന്നും സ്വന്തം ബിസിനസ് തുടങ്ങണമെന്നുമുള്ള ആഗ്രഹം മടിക്കാതെ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരക്കാരിൽ പലരും ഒരു സ്ഥാപനം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്നു മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിലവിൽ ജോലി ചെയ്യുന്നതുതന്നെ. വ്യക്തമായ  ധാരണ രൂപപ്പെടുത്തിയ ശേഷം ഉചിതമായ സമയത്ത് ജോലി വിട്ട് സ്വന്തം മേഖലയിൽ തിളങ്ങുക എന്നതാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. നിർമാണ, സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ഇത്തരക്കാരിൽ കൂടുതലും.

 

40 ശതമാനത്തിൽ കുറയാത്ത ശമ്പള വർധനവാണ് തൊഴിലാളികളുടെ പ്രതീക്ഷ. ഇതിൽ കാര്യമായ കുറവു വരികയും പ്രതീക്ഷകൾ നശിക്കുകയും ചെയ്യുന്നതോടെ പലരും ജോലി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.

 

നഷ്ടപരിഹാരമാണ് തൊഴിലാളികളുടെ മറ്റൊരു ആശങ്ക. ശമ്പളം കൂടാതിരിക്കുകയും ജോലി വിടാൻ ആഗ്രഹിക്കുകയും ചെയ്താലും മതിയായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്ക ഇവരെ വേട്ടയാടുന്നു. പലരും വിദ്യാഭ്യാസ ലോൺ എടുത്തും മറ്റുമാണ് പഠിച്ചിട്ടുണ്ടാകുക. സ്വാഭാവികമായും ശമ്പളത്തിലൂടെ ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നതോടെ ഇവർ നിരാശരാകുന്നു. മികച്ച നഷ്ടപരിഹാര പാക്കേജ് ലഭിച്ചാൽ ഇത്തരക്കാർ ജോലി വിടാൻ തയാറാണ്. എന്നാൽ, അതിനെക്കുറിച്ചുള്ള ആശങ്ക നിലവിലെ ജോലിയിൽ അസംതൃപ്തിയോടെ തുടരാൻ പ്രേരിപ്പിക്കുന്നു. പ്രതീക്ഷിക്കുന്ന ശമ്പളം കിട്ടാതെ വരുന്നതോടെ, സ്വന്തമായി ഒരു കുടുംബം എന്ന ഇവരുടെ സ്വപ്‌നം കൂടിയാണ് പൊലിയുന്നത്. ഇത് കൂടുതൽ അസംതൃപ്തിയിലേക്കും നയിക്കുന്നു.

 

അനായാസമായ ജോലിസമയവും കരിയറിലെ വളർച്ചയുമില്ലാതെ പുതിയ തലമുറയെ സന്തേഷിപ്പിക്കാൻ കഴിയില്ല എന്നതു വ്യക്തമാണെന്ന് പരീഖ് ചൂണ്ടിക്കാട്ടുന്നു. പണമാണ് തൊഴിലാളികളുടെ പ്രധാന ആശങ്ക എന്ന സത്യം അംഗീകരിച്ചേ പറ്റൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

Content Summary : Four in 10 employees want to resign from current organisation post-increment: Survey 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com