ADVERTISEMENT

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിശീലന രീതി മാറുന്നതോടെ ആൺകുട്ടികളെ പരിശീലിപ്പിക്കാൻ പുരുഷ അധ്യാപകരെ ചുമതലപ്പെടുത്തണമെന്ന് സർക്കുലർ. ദേശീയ ഹെഡ് ക്വാർട്ടേഴ്സിന്റെ നിർദേശപ്രകാരം പുറത്തിറക്കിയ സർക്കുലറിനെതിരെ അധ്യാപകർക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്. പുരുഷ അധ്യാപകരില്ലാത്ത സ്കൂളുകളിൽ സ്കൗട്ട് യൂണിറ്റുകൾ റജിസ്റ്റർ ചെയ്യാനാകാത്ത സ്ഥിതിയുണ്ടാകുമെന്നതിനാൽ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് കേരളവും കർണാടകയും ഉൾപ്പെടെ സംസ്ഥാനങ്ങൾ ദേശീയ ഹെഡ് ക്വാർട്ടേഴ്സിനെ സമീപിച്ചിട്ടുണ്ട്.

 

15നു മേൽ പ്രായമുള്ള കുട്ടികൾക്കു പ്രത്യേക പരിശീലന പരിപാടിയും മനഃശാസ്ത്ര സമീപനവും വേണമെന്ന കാഴ്ചപ്പാടിലാണ് പ്ലസ് വൺ മുതൽ സ്കൗട്ടിനെ റോവർ എന്നും ഗൈഡ്സിനെ റേഞ്ചർ എന്നും പുതിയ യൂണിറ്റുകളാക്കുന്നത്. ഈ വർഷം മുതലാണ് മാറ്റം. കോളജുകളിലും ഈ രീതിയിൽ റോവർ– റേഞ്ചർ യൂണിറ്റുകൾ സ്ഥാപിക്കാൻ നേരത്തേ തീരുമാനമായിരുന്നു.

 

റോവർ (സ്കൗട്ട്) ലീഡർ പരിശീലന കോഴ്സുകളിൽ ദേശീയ ഹെഡ്ക്വാർട്ടേഴ്സ് നിയമാവലി അനുസരിച്ച് ആൺ അധ്യാപകരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നതിനാൽ ഇപ്പോൾ ലേഡി സ്കൗട്ട് മാസ്റ്റർ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഇവർക്കു പകരം പുരുഷ അധ്യാപകരെ കണ്ടെത്തിയില്ലെങ്കിൽ യൂണിറ്റ് റജിസ്ട്രേഷൻ നഷ്ടപ്പെടുമെന്നു സർക്കുലറിൽ പറയുന്നു. കുട്ടികളിൽ ലിംഗസമത്വം ഉൾപ്പെടെ കാഴ്ചപ്പാടുകൾ നൽകുകയെന്നതാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നിരിക്കെയാണ് പുതിയ നിർദേശം.

 

ഈ അധ്യയന വർഷം പ്ലസ് വൺ വിഭാഗത്തിൽനിന്ന് 12 വീതം റോവർ സ്കൗട്ടുകൾക്കും റേഞ്ചർ ഗൈഡുകൾക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. അടുത്ത വർഷം 12 പേർക്കു കൂടി അംഗത്വം നൽകി 24 അംഗങ്ങളുള്ള  ഫുൾ യൂണിറ്റ് ആക്കണം. ഇവർക്ക് റോവർ/റേഞ്ചർ സിലബസ് അനുസരിച്ചുള്ള പരിശീലനമാണു നൽകേണ്ടത്.

 

Content Summary : Schools upset over new training rules of Bharat Scouts and Guides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com