അഗ്നിവീർ വിജ്ഞാപനമായി; കരസേനയിൽ 40,000 പേർക്കും വ്യോമ, നാവിക സേനകളിൽ 3000 പേർക്കും ആദ്യ ബാച്ചിൽ നിയമനം

HIGHLIGHTS
  • ഓൺലൈനിൽ റജിസ്റ്റർ ചെയ്യുന്നവർക്കാണു റാലിയിൽ പങ്കെടുക്കാൻ അവസരം.
  • നാലു വർഷത്തേക്കാണു നിയമനം.
agniveer-notification-rally
SHARE

സേനകളിൽ ‘അഗ്നിവീർ’ ആകാൻ അവസരമൊരുക്കുന്ന അഗ്നിപഥ് പദ്ധതിയിലേക്കു വിജ്ഞാപനമായി. കരസേനയിൽ 40,000 പേർക്കും വ്യോമ, നാവിക സേനകളിൽ 3000 പേർക്കു വീതവുമാണു ആദ്യ ബാച്ചിൽ നിയമനം. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ റിക്രൂട്മെന്റ് റാലികൾ വഴിയാണു തിരഞ്ഞെടുപ്പ്. ആദ്യ ബാച്ചിന്റെ പരിശീലനം നവംബർ, ഡിസംബർ മാസങ്ങളിൽ തുടങ്ങും. 

കരസേനയിൽ 40,000 അവസരം

അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാം. സേനയിൽ ഇപ്പോൾ നിലവിലുള്ള റിക്രൂട്മെന്റ് റാലി രീതിയിലൂടെയാണു തിരഞ്ഞെടുപ്പ്. ഓൺലൈനിൽ റജിസ്റ്റർ ചെയ്യുന്നവർക്കാണു റാലിയിൽ പങ്കെടുക്കാൻ അവസരം. ജൂലൈ ആദ്യം മുതൽ ഓൺലൈനിൽ അപേക്ഷിക്കാം.  അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ടെക്നിക്കൽ (ഏവിയേഷൻ/അമ്യൂനിഷൻ എക്സാമിനർ), അഗ്നിവീർ ക്ലാർക്ക്/സ്‌റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ–ടെൻത് പാസ്, അഗ്നിവീർ ട്രേഡ്സ്മാൻ–എയ്റ്റ്ത് പാസ്  എന്നീ വിഭാഗങ്ങളിലേക്കാണു റിക്രൂട്മെന്റ് റാലി. തീയതി പിന്നീട് അറിയിക്കും. 

നിയമനവും ആനുകൂല്യങ്ങളും 

നാലു വർഷത്തേക്കാണു നിയമനം. ശമ്പളം: നാലു വർഷം യഥാക്രമം 30,000, 33,000, 36,500, 40,000 രൂപ. തുടക്കത്തിൽ വർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. പുറമേ, സേനയിലെ സ്ഥിരനിയമനക്കാർക്കു സമാനമായ റിസ്ക് അലവൻസ്, യൂണിഫോം, യാത്രാ അലവൻസുകൾ തുടങ്ങിയവയും ലഭിക്കും. 

ശമ്പളത്തിന്റെ 30% സേവാനിധി ഫണ്ടിലേക്കാണ്. ഇതിനു തുല്യമായ തുക (5.02 ലക്ഷം രൂപ) കേന്ദ്ര സർക്കാരും അടയ്ക്കും. 4 വർഷ കാലാവധി പൂർത്തിയാക്കുന്നവർക്കു പലിശയുൾപ്പെടെ 11.71 ലക്ഷം രൂപയുടെ സേവാനിധി (നികുതിരഹിതം) ലഭിക്കും. പെൻഷൻ, ഗ്രാറ്റുവിറ്റി, എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), കന്റീൻ സൗകര്യം എന്നിവയില്ല. വിമുക്തഭട പദവിയുമില്ല. 

വിദ്യാഭ്യാസ യോഗ്യത 

∙അഗ്നിവീർ ജനറൽ ഡ്യൂട്ടി: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക്. സിബിഎസ്ഇ ഉൾപ്പെടെയുള്ള സിലബസ് പഠിച്ചവർക്ക് സി2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും. 

∙അഗ്നിവീർ ടെക്‌നിക്കൽ, ടെക്നിക്കൽ (ഏവിയേഷൻ/ അമ്യൂനിഷൻ എക്സാമിനർ): 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത‌്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളടങ്ങിയ പ്ലസ്ടു ജയം . ഓരോ വിഷയത്തിനും 40% മാർക്ക് വേണം. 

∙അഗ്നിവീർ ക്ലാർക്ക്/സ്‌റ്റോർ കീപ്പർ ടെക്നിക്കൽ: 60% മാർക്കോടെ പ്ലസ് ടു  ജയം. ഓരോ വിഷയത്തിനും 50% മാർക്ക്. 

∙അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്): പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക്.

∙അഗ്നിവീർ ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്): എട്ടാം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33 % മാർക്ക്.

 പ്രായപരിധി: എല്ലാ വിഭാഗങ്ങളിലേക്കും 17½ –23. 2022 ഒക്ടോബർ 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. 

 റിക്രൂട്െമന്റ് റാലി: വിവിധ ആർമി റിക്രൂട്െമന്റ് ഓഫിസുകളാണ് (എആർഒ) റാലി സംഘടിപ്പിക്കുക. ആദ്യം ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകളാണ്. ഇവ പാസാകുന്നവർക്ക് എഴുത്തുപരീക്ഷ നടത്തും. 1.6 കിലോമീറ്റർ ഓട്ടം, ബീം പുൾ അപ്പ്, 9 അടി ഡിച്ച്, സിഗ് സാഗ് ബാലൻസ് എന്നിവയാണു കായികക്ഷമതാ പരീക്ഷയ്ക്കുള്ളത്.

 ഓൺലൈൻ റജിസ്ട്രേഷനും (ജൂലൈ മുതൽ) വിജ്ഞാപനത്തിനും: www.joinindianarmy.nic.in 

വ്യോമസേനയിൽ 3000 അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 01/2022) സിലക്‌ഷൻ ടെസ്റ്റിന് അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 

വിദ്യാഭ്യാസ യോഗ്യത  

സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം 

സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/ തത്തുല്യം. ഇംഗ്ലിഷിന്  50% മാർക്കു വേണം അല്ലെങ്കിൽ 50% മാർക്കോടെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം 

സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും. 

പ്രായം: 1999 ഡിസംബർ 29നും 2005 ജൂൺ 29നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 23. ശാരീരിക യോഗ്യത: ഉയരം: കുറഞ്ഞത് 152.5 സെ.മീ, നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

ശാരീരികക്ഷമത: 6 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാട്  എന്നിവയും പൂർത്തിയാക്കണം. 

ഫീസ്: 250. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനായി ഫീസടയ്ക്കാം. ആക്സിസ് ബാങ്ക് ബ്രാ‍ഞ്ച് മുഖേന ചലാൻ വഴിയും ഫീസടയ്ക്കാം. 

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയും ഉണ്ടാകും. ജൂലൈ 24 മുതലാണ് ഓൺലൈൻ ടെസ്റ്റ്. 

 https://agnipathvayu.cdac.in, https://indianairforce.nic.in  

നേവിയിൽ 3000 ഒഴിവ്; വിജ്ഞാപനം ജൂലൈ 9ന്

നാവികസേനയിലെ അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂലൈ 9നു  പ്രസിദ്ധീകരിക്കും. 

അഗ്നിവീർ (സീനിയർ സെക്കൻഡറി റിക്രൂട്സ്), അഗ്നിവീർ (മെട്രിക് റിക്രൂട്) എന്നീ വിഭാഗങ്ങളിലാണ് അവസരം. ആദ്യഘട്ടത്തിൽ 3000 പേരെയാണ് തിരഞ്ഞെടുക്കുക. ഓൺലൈൻ റജിസ്ട്രേഷൻ ജൂലൈ ഒന്നു മുതൽ. ആപ്ലിക്കേഷൻ വിൻഡോ ജൂലൈ 15നു തുറക്കും. ജൂലൈ 30 വരെ അപേക്ഷിക്കാം. 

എഴുത്തുപരീക്ഷയും ഫിസിക്കൽ ഫിറ്റ്‌നെസ് ടെസ്റ്റും ഒക്ടോബർ മധ്യത്തോടെ നടത്തും. മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി നവംബർ 21ന് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. ഐഎൻഎസ് ചിൽകയിലാണു പരിശീലനം.

വനിതകൾക്കും സെയ്‌ലർ അവസരം

നാവികസേനയിൽ അഗ്നിവീർ ആകാൻ വനിതകൾക്കും അവസരമുണ്ട്. 29 വിഭാഗങ്ങളിൽ വനിതകൾക്കു സെയ്‌ലർ വിഭാഗങ്ങളിൽ നിയമനം നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം വിജ്ഞാപനമിറക്കി. നിലവിൽ നാവികസേനയിൽ ഓഫിസർ റാങ്കിലായിരുന്നു വനിതകൾക്ക് അവസരം. 

എൻജിനീയറിങ് മെക്കാനിക്, ഇലക്ട്രിക്കൽ മെക്കാനിക് (പവർ), ഇലക്ട്രിക്കൽ മെക്കാനിക് (റേഡിയോ), നേവൽ എയർ മെക്കാനിക്, ഇലക്ട്രിക്കൽ മെക്കാനിക് എയർ, ഇലക്ട്രിക്കൽ മെക്കാനിക് എയർ (റേഡിയോ), നേവൽ എയർ ഓർഡനൻസ് മെക്കാനിക്, സീമാൻ (ഗണ്ണറി വെപ്പൺ), സീമാൻ (ഗണ്ണറി സെൻസർ), സീമാൻ (അണ്ടർ വാട്ടർ വെപ്പൺ), സീമാൻ (റഡാർ ആൻഡ് പ്ലോട്സ്), സീമാൻ (ഹൈഡ്രോ), സീമാൻ (ഫിസിക്കൽ ട്രെയിനർ), കമ്യൂണിക്കേഷൻ (ടാക്ടിക്കൽ നെറ്റ്‌വർക്സ്), കമ്യൂ ണിക്കേഷൻ (ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്സ്), കമ്യൂണിക്കേഷൻ (ഇലക്ട്രോണിക് വാർഫെയർ), നേവൽ എയർമാൻ എയർ ക്രാഫ്റ്റ് ഹാൻഡ്‌ലർ), നേവൽ എയർമാൻ (സേഫ്റ്റി ആൻഡ് സർവൈവൽ), നേവൽ എയർമാൻ (ഫൊട്ടോഗ്രഫർ), നേവൽ എയർമാൻ (മീറ്റിയറോളജിക്കൽ ഒബ്സർവർ), ലോജിസ്റ്റിക്സ് (ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ), ലോജിസ്റ്റിക്സ് (മെറ്റീരിയൽ), ലോജിസ്റ്റിക്സ് (ഓഫിസേഴ്സ് ഷെഫ്), ലോജിസ്റ്റിക്സ് (സെയിലേഴ്സ് ഷെഫ്), ലോജിസ്റ്റിക്സ് (സ്റ്റെവാർഡ്), ഹൈജീനിസ്റ്റ്, മെഡിക്കൽ അസിസ്റ്റന്റ്, മ്യുസീഷൻ എന്നീ വിഭാഗങ്ങളിലാണു വനിതകൾക്ക് അഗ്നിവീർ പദ്ധതി വഴി അവസരമൊരുങ്ങുന്നത്. 

അഗ്നിപഥ്: വരുംവർഷങ്ങളിൽ റിക്രൂട്മെന്റ് വർധിപ്പിക്കും

‘അഗ്നിപഥ്’ പദ്ധതിയിൽ ഈ വർഷം 46,000 പേർക്കും തുടർന്നുള്ള നാലഞ്ചുവർഷം 50,000–60,000 പേർക്കുമായിരിക്കും നിയമനം. പിന്നീട് ഇത് 90,000–1.25 ലക്ഷമായി വർധിപ്പിക്കും. പദ്ധതി വിലയിരുത്താനും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനുമാണ് ഇപ്പോൾ എണ്ണം കുറച്ചുനിർത്തുന്നതെന്നു സേനാ പ്രതിനിധികൾ അറിയിച്ചു. 

സമരം ചെയ്തവർക്കു സൈന്യത്തിൽ ചേരാനാകില്ലെന്നു മിലിറ്ററികാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം വേണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആർക്കും നിയമനമില്ല. ഓഫിസർ റാങ്കിനു താഴെയുള്ള സേനാംഗങ്ങളുടെ ശരാശരി പ്രായം കുറയ്ക്കാൻ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്. പരിശീലനത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. നിലവിലെ റിക്രൂട്മെന്റ് രീതി തുടരും. റെജിമെന്റ് സംവിധാനവും മാറില്ല. 4 വർഷത്തിനു ശേഷം നിലനിർത്തേണ്ട 25% പേരെ സുതാര്യമായ രീതിയിലൂടെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സേവനകാല വ്യവസ്ഥകൾ മറ്റു സൈനികർക്കു തുല്യം 

സേവനകാലത്തു മരിക്കുന്ന ‘അഗ്നിവീർ’ സേനാനികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. സേവനകാല വ്യവസ്ഥകളിൽ സാധാരണ സൈനികരുമായി വിവേചനമില്ല. സിയാചിനിൽ സേവനം അനുഷ്ഠിക്കുന്ന സാധാരണ സൈനികരുടെ അതേ ആനുകൂല്യങ്ങൾ തന്നെ അഗ്നിവീർ സേനാനികൾക്കും നൽകും. അതേ സമയം, 4 വർഷ സേവനം പൂർത്തിയാക്കാതെ മടങ്ങുന്നവർക്കു സേവാനിധിയിലെ സ്വന്തം വിഹിതം മാത്രമേ തിരികെ ലഭിക്കൂ. സേവനം പൂർത്തിയാക്കുന്നവർക്കു മാത്രമേ മാസശമ്പളത്തിന്റെ 30 ശതമാനവും തുല്യ കേന്ദ്രവിഹിതവും ചേർത്ത പൂർണ തുകയായ 11.71 ലക്ഷം രൂപ ലഭിക്കൂ. 4 വർഷത്തിനുശേഷം സേന നിലനിർത്തുന്ന 25% പേർക്കും സ്വന്തം വിഹിതമേ ലഭിക്കൂ. 15 വർഷത്തെ സേവനശേഷം പെൻഷൻ കിട്ടും. 

Content Summary : Agniveer Rally Notification 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS