ചോദ്യങ്ങളുടെ കടുപ്പം മൂലം അറിയുന്ന ഉത്തരം പോലും തെറ്റിയേക്കും; ഉദ്യോഗാർഥികളെ വലച്ച് പിഎസ്‍സി പ്രാഥമിക പരീക്ഷ

HIGHLIGHTS
  • പലർക്കും സമയം തികഞ്ഞിട്ടുണ്ടാവില്ല.
  • ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.
tough-exam
Representative Image. Photo Credit: fizkes/Shutterstock
SHARE

പത്താം ക്ലാസ് യോഗ്യതയായുള്ള പിഎസ്‍സി പ്രാഥമിക പരീക്ഷയുടെ അഞ്ചാം ഘട്ടം ഉദ്യോഗാർഥികളെ സംബന്ധിച്ചും ശരിക്കും കഠിനമായിരുന്നു. മൂന്നാം ഘട്ടമായിരുന്നു ഇതിനു മുൻപ് നടന്ന കടുപ്പമേറിയ പരീക്ഷ. അതിനേക്കാൾ കടുപ്പമായി അഞ്ചാം ഘട്ടം. പ്രസ്താവന ചോദ്യങ്ങൾ മാത്രം 43 എണ്ണം വന്നു. പ്രാഥമിക പരീക്ഷയ്ക്ക് ഒരിക്കലും ഇത്രയധികം പ്രസ്താവന ചോദ്യങ്ങൾ ഇതുവരെ ചോദിച്ചിട്ടില്ല. പലർക്കും സമയം തികഞ്ഞിട്ടുണ്ടാവില്ല. ചോദ്യങ്ങളുടെ കടുപ്പം മൂലം അറിയാവുന്നതു പോലും തെറ്റിക്കാനും സാധ്യത ഏറെയായിരുന്നു. 

ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. മറ്റു ചില ചോദ്യങ്ങൾക്കാകട്ടെ ഓപ്ഷനിൽ ഒന്നിലേറെ ഉത്തരങ്ങളും. 2022 ഫെബ്രുവരി 14ന് ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ പിഎസ്എൽവി സി52 ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹം ഏതെന്ന ചോദ്യത്തിന് റഡാർ ഇമേജിങ് ഉപഗ്രഹം–റിസാറ്റ് 1 ഭൗമ നിരീക്ഷണ ഉപഗ്രഹം, ഇഒഎസ് 04 എന്നീ രണ്ട് ഉത്തരങ്ങളും ശരിയായിരുന്നു. 

ഒരേ ഉപഗ്രഹത്തിന്റെ രണ്ടു പേരുകളും ഓപ്ഷനിൽ കൊടുത്തതോടെ ഉദ്യോഗാർഥി കുഴങ്ങിപ്പോയി. ഇഎംഎസിന്റ കൃതികൾ അല്ലാത്തത് ഏത്, മിതവാദികൾ എന്നീ ചോദ്യങ്ങൾക്ക് ഓപ്ഷനിൽ ഉത്തരമില്ലാത്തതും ഉദ്യോഗാർഥികളെ വലച്ചു. ശരാശരി ഉദ്യോഗാർഥിയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കി വിടേണ്ട ചോദ്യങ്ങളായിരുന്നു കൂടുതലും. ഇതുവരെ നടന്ന ഘട്ടങ്ങളിലെല്ലാം പരമാവധി 30 ചോദ്യങ്ങൾ വരെയേ ഒഴിവാക്കി വിടേണ്ടത് ഉണ്ടായിരുന്നുള്ളൂ. 

ഒരുപാടു തയാറെടുത്തു പോയവരും മുൻ ചോദ്യക്കടലാസുകൾ വച്ചു പരിശീലിച്ചു പോയവരുമെല്ലാം വലഞ്ഞു. 20 മാർക്കിൽ 10–12 മാർക്കാണ് ശരാശരി ഉദ്യോഗാർഥിക്കു നേടാനാകുക. മെയിൻ പരീക്ഷ കൂടി കണക്കാക്കി പഠിച്ച ഉദ്യോഗാർഥിക്ക് 17–18 മാർക്ക് നേടാൻ കഴിയും. മുൻ ഘട്ടങ്ങളിൽ 80–90 മാർക്ക് നേടാൻ കഴിഞ്ഞവരുണ്ടായിരുന്നെങ്കിൽ ഈ ഘട്ടത്തിൽ 60 മാർക്ക് പോലും നേടാൻ വലിയ പ്രയാസമാണ്. 

പാഠപുസ്തകങ്ങളിലെ സ്വാധീനം പ്രകടമായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇപ്പോഴത്തെ അധ്യക്ഷൻ മു‍ൻ ചോദ്യക്കടലാസിലെ പോലെ ഈ ഘട്ടത്തിലും ആവർത്തിച്ചു. വിവിധ ഘട്ടങ്ങളിലെ മാർക്കുകൾ ഏകീകരിച്ചു കട്ട് ഓഫ് നിർണയിച്ചില്ലെങ്കിൽ ഈ ഘട്ടത്തിൽ പരീക്ഷ എഴുതിയവർ മെയിൻ പരീക്ഷ യോഗ്യതയിൽ നിന്നു പുറത്താകുമെന്നു തീർച്ചയാണ്. എന്തായാലും ഈ ചോദ്യക്കടലാസിലെ ഓപ്ഷനുകളിലെ കണക്ടഡ് ഫാക്ട്സ് പഠിച്ചാൽ അതു മെയിൻ പരീക്ഷയ്ക്ക് ഏറെ പ്രയോജനപ്പെടും.

Content Summary : PSC Exam tips by Mansoor ali kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS