ADVERTISEMENT

കൊച്ചി∙ മഹാരാജാസ് ബിഎ മലയാളം വിദ്യാർഥിനി ഷാദിയയ്ക്ക് ഇത് സന്തോഷ നിമിഷം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്നങ്ങൾ അറിയുകയും അത് അധികാരികളെ അറിയിക്കുകയും ചെയ്യാൻ ഒരു സ്മാർട്ഫോൺ ആഗ്രഹിച്ചിരിക്കുമ്പോഴാണ് മനസ് അറിഞ്ഞ് ആ സമ്മാനമെത്തിയത്. ഒപ്പം ഭിന്നശേഷിക്കാരായ കുറേ കൊച്ചു കൂട്ടുകാർക്കൊപ്പം ഒരു മലേഷ്യൻ യാത്രയ്ക്കുള്ള അവസരം ലഭിക്കുന്നു എന്ന വിവരവും. 

 

ഷാദിയയുടെ ആഗ്രഹമറിഞ്ഞു സാമൂഹിക പ്രവർത്തന രംഗത്തുള്ള കിവീസ് ക്ലബ് രക്ഷാധികാരി സിഒടി നസീറാണ് തലശേരിയിൽ നിന്നു സമ്മാനവുമായി കൊച്ചിയിലെത്തിയത്. മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലായിരുന്ന ജയമോൾ ടീച്ചർ ഐഫോൺ 13 ഷാദിയയ്ക്കു  കൈമാറി. വ്ലോഗുകൾ ചെയ്യുന്നതിലും ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തെ അറിയിക്കുന്നതിനും ഒരു സ്മാർട് ഫോൺ ലഭിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം ഷാദിയ പങ്കുവച്ചിരുന്നു.

 

ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ക്ലബ് ഒരുക്കുന്ന മലേഷ്യൻ യാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന വിവരവും സംഘാടകർ അറിയിച്ചിട്ടുണ്ട്. 15 കുട്ടികൾക്കാണ് സെപ്റ്റംബറിനു ശേഷം സംഘടിപ്പിക്കുന്ന ടൂർ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരമുള്ളത്. അഞ്ചു പേരെ സംഘാടകർ തിരഞ്ഞെടുക്കുകയും 10 പേരെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുകയും ചെയ്യും. ഷാദിയയുടെ യാത്ര ക്ലബ് ഉറപ്പിച്ചിട്ടുണ്ട്. 

 

സെറിബ്രൽ പാൾസി ബാധിച്ചു സഞ്ചരിക്കാൻ ബുദ്ധിമുട്ടു നേരിടുന്ന ഷാദിയയ്ക്കു സഹപാഠികൾ നൽകുന്ന കരുതൽ വിവരം മലയാള മനോരമ ഫൊട്ടോഗ്രാഫർ ജോസുകുട്ടി പനയ്ക്കൽ പകർത്തിയ ചിത്രത്തിലൂടെയാണു പുറം ലോകം അറിഞ്ഞത്.  ഇതു കണ്ട് നിരവധിപ്പേരാണ് ഷാദിയയ്ക്കു സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നത്. കോഴിക്കോടു സ്വദേശിയാണ് പി.കെ. ഷാദിയ. കൂട്ടുകാരുമായി ചേർന്ന് ലുംപാനിക്സ് ബുക്സ് സ്റ്റോർ എന്ന പേരിൽ പുസ്തകശാല നടത്തിയാണ് പഠന ആവശ്യത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. 

 

Content Summary : Malayala Manorama Impact Shadiya got smart phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com