ADVERTISEMENT

ഒരു കോളജ് ഡ്രോപ് ഔട്ടിന്റെ റെസ്യൂമെ എങ്ങനെയിരിക്കും? അയാൾ ഭാവിയിൽ ആരായിത്തീരും? ഈ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഉത്തരമറിയാൻ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ സന്ദർശിച്ചാൽ മതി. 48 വർഷം മുൻപുള്ള തന്റെ റെസ്യൂമെ ബിൽ ഗേറ്റ്‌സ് കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

 

തൊഴിലന്വേഷകർക്കറിയാം ഒരു നല്ല റെസ്യുമെയുടെ പ്രാധാന്യം. ഇഷ്ടപ്പെട്ട ജോലി ലഭിക്കാനുള്ള ആദ്യ പടി ഒരു നല്ല റെസ്യുമെ തയാറാക്കുക എന്നതാണ്. ആ കടലാസ് ഷീറ്റാണ് നിങ്ങളുടെ ഇഷ്ട കരിയറിലേക്കുള്ള ടിക്കറ്റ്. 

 

ബിൽ ഗേറ്റ്സിന്റെ ഹാർവഡ് ദിനങ്ങളിലെ റെസ്യുമെയാണ് ഇപ്പോൾ തരംഗമായത്.  ‘‘നിങ്ങൾ അടുത്തിടെ കോളജ് കഴിഞ്ഞയാളാണെങ്കിലും ഇനി കോളജ് ഡ്രോപ്പൗട്ടാണെങ്കിലും നിങ്ങളുടെ റെസ്യുമെ എന്റെ 48 വർഷം മുൻപുള്ള റെസ്യുമെയെക്കാൾ മികച്ചതായിരിക്കും’’ എന്നാണ് റെസ്യുമെ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിനു താഴെ ഗേറ്റ്സ് കുറിച്ചത്.

 

റെസ്യുമെയിൽ തനിക്കറിയാവുന്ന പ്രോഗ്രാമിങ് ഭാഷകളായ ഫോർട്രാൻ, കൊബോൾ, ബേസിക്ക്, അൽഗോൾ എന്നിവയ്ക്കു പുറമെ ഫസ്റ്റ് ഇയറിൽ താൻ ചെയ്‌ത കോഴ്‌സുകളും വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റം സ്ട്രക്‌ചർ, ഡാറ്റാബേസ് മാനേജ്മെന്റ്, കംപൈലർ കൺസ്ട്രക്‌ഷൻ, കംപ്യൂട്ടർ ഗ്രാഫിക്സ് തുടങ്ങിയവയെല്ലാം ലിസ്റ്റിലുണ്ട്. 

 

കോഴ്‌സിനു ചേർന്ന് രണ്ടു വർഷത്തിനുള്ളിൽ ഹാർവഡ് യൂണിവേഴ്‌സിറ്റിയിൽനിന്നു ഡ്രോപ്പൗട്ട് ചെയ്‌താണ് ബിൽ ഗേറ്റ‌്സ് സുഹൃത്തായ പോൾ അലനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. കോഴ്‌സ് പൂർത്തിയാക്കാത്തതിൽ സങ്കടമൊന്നുമില്ലെങ്കിലും അവിടെനിന്നു നല്ല സൗഹൃദങ്ങളുണ്ടാക്കാൻ കഴിയാഞ്ഞതിൽ കുറ്റബോധമുണ്ടെന്ന് മുൻപൊരു ഇന്റർവ്യൂവിൽ ഗേറ്റ്സ് പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി പഠനകാലത്ത് കുറേ കോഴ്സുകൾ ചെയ്യുന്നതിലായിരുന്നു തന്റെ മിടുക്കെന്നും ഗേറ്റ്സ് പറഞ്ഞു.

 

Content Summary : Here’s how Microsoft founder Bill Gates’ resume looked like during his Harvard days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com