ADVERTISEMENT

പഠിച്ചിറങ്ങിയ ഉടൻ ജോലി കിട്ടുന്നവർ വളരെ ഭാഗ്യവാന്മാരാണെന്നു തോന്നും ഈ യുവാവിന്റെ ജീവിത കഥ കേട്ടാൽ. പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട ഒരു ജോലി ലഭിക്കാൻ വിചിത്രമായ ഒരു വഴി തേടിയതോടെയാണ് ഘാന സ്വദേശി ഐസക് ഖ്വാമേ അഡ്ഡെ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്.

തന്റെ വിദ്യാഭ്യാസ യോഗ്യതയും ഫോൺ നമ്പറും എഴുതിയ പ്ലക്കാർഡുമേന്തി റോഡിൽ നിന്നാണ് ഐസക് തൊഴിലവസരം തേടിയത്. അതിന്റെ ചിത്രം ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിചിത്രമെന്നു തോന്നുമെങ്കിലും നല്ലൊരു കാര്യത്തിനു വേണ്ടിയാണല്ലോ ഈ ശ്രമമെന്നു തിരിച്ചറിഞ്ഞപ്പോൾ ഒരുപാടാളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രം പങ്കുവച്ചു. ഒന്നരമണിക്കൂറോളം പെരുവഴിയിൽ ആ നിൽപ് തുടർന്നതിന് ഫലമുണ്ടായെന്നും ഏകദേശം 50 കമ്പനികളിൽനിന്ന് ജോലി വാഗ്ദാനമുണ്ടായെന്നും ഐസക് പിന്നീടു വെളിപ്പെടുത്തി. 

 

പ്ലക്കാർഡുമായി വഴിയോരത്തു നിൽക്കുന്ന ചിത്രം വൈറലായപ്പോൾ ഒരുപാടു കളിയാക്കലുകൾ നേരിട്ടെങ്കിലും അതിനു താൻ കാണിച്ച ധൈര്യം ഫലം കണ്ടുവെന്നാണ് ഐസക് പറയുന്നത്. ആദ്യം നിന്ന സ്ഥലത്ത് എല്ലാവരും തന്നെ നോക്കി പരിഹസിച്ചെന്നും അവിടെനിന്നു മറ്റൊരു സ്ഥലത്തേക്കു മാറിനിന്നപ്പോൾ തികച്ചും പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും ഉറപ്പായും ഒരു ജോലി കിട്ടുമെന്ന് അവിടെയുള്ളവർ ആശ്വസിപ്പിച്ചെന്നും  ഐസക് പറയുന്നു.

 

ജോലി അഭ്യർഥിച്ചുകൊണ്ടുള്ള പ്ലക്കാർഡുമായി, റോഡരികിലെ ഒരു ഗട്ടറിനടുത്തു നിൽക്കുന്ന ഐസക്കിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.  മറൈൻ സയൻസ് ബിരുദധാരിയാണെന്നും ഒരു ജോലി വേണമെന്നും പ്ലക്കാർഡിൽ എഴുതിയിരുന്നു. ജോലി ഒഴിവുണ്ടെങ്കിൽ വിളിക്കാൻ വേണ്ടി സ്വന്തം ഫോൺ നമ്പറും  കൊടുത്തിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു താഴെ വന്നത്. ചിലർ ഈ യുവാവിന്റെ അവസ്ഥ കണ്ട് സഹാനുഭൂതി പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലര്‍ പരിഹസിച്ചു. പലരും പറഞ്ഞത് മറൈൻ സയൻസ് ബിരുദം എന്ന യോഗ്യതയ്ക്കനുസരിച്ച്  ഐസക്കിന് ഘാനയിൽ ജോലി കിട്ടാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ്. ചില ആളുകൾ യുവാവിനോട് സംരംഭകനാകൂവെന്ന് ഉപദേശിച്ചു. മറ്റുചിലർ ഘാന സായുധസേനയിൽ നേവൽ ഓഫിസറായി ജോലിക്കു ശ്രമിക്കൂവെന്നും ഉപദേശിച്ചു.

 

Content Summary: More than 50 companies want to give me job – Viral Marine Science graduate Says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com