ADVERTISEMENT

കൊച്ചി: കൊച്ചിയില്‍ എത്തിയ യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ 11 അംഗ വിദ്യാര്‍ഥിസംഘം വ്യവസായമന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ് ഡിസി) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂളിന്റെ ഭാഗമായാണ് വിദ്യാര്‍ഥി സംഘം കൊച്ചിയില്‍ എത്തിയത്. പി. രാജീവിന്റെ എംഎല്‍എ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. വ്യാവസായിക വികസനത്തിനൊപ്പം സുസ്ഥിര വികസനത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ മന്ത്രിയോട് ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മന്ത്രി വിശദീകരിച്ചു. 

 

നിക്ഷേപം സ്വാഗതം ചെയ്യുമ്പോള്‍ തന്നെ പരിസ്ഥിതിക്ക് ദോഷമാകാത്ത വ്യവസായങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് പാരിസ്ഥിതികമായി കേരളത്തിനുള്ള പരിമിതികളെക്കുറിച്ച് മന്ത്രി പറഞ്ഞു. വ്യവസായ വികസനം ലക്ഷ്യമിടുമ്പോഴും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷത പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഐടി, ഐടി അനുബന്ധ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മന്ത്രി വിശദീകരിച്ചു. ഐടി രംഗത്ത് വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

 

isdc-students-visits-minister-for-law-industries-and-coir-p-rajeev-image-two

മന്ത്രി പി. രാജീവുമായുള്ള കൂടിക്കാഴ്ച കേരള മോഡല്‍ വികസനത്തെക്കുറിച്ച് മനസിലാക്കാന്‍ യുകെയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായെന്ന് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. ഇത്തരം വിദേശ വിദ്യാര്‍ഥി സംഘങ്ങളുടെ സന്ദര്‍ശനങ്ങള്‍ കേരളത്തെക്കുറിച്ച് പുറത്തുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ് ഡിസി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ തെരേസ ജേക്കബ്‌സും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 

 

അന്താരാഷ്ട്രതലത്തില്‍ വിജ്ഞാന കൈമാറ്റവും വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെക്കുറിച്ച് മനസിലാക്കാനുമാണ് ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നതാണ് സമ്മര്‍ സ്‌കൂളിന്റെ പ്രമേയം.

 

Content Summary : ISDC UK Students visits Minister P. Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com