ADVERTISEMENT

പത്തനംതിട്ട ∙ രാജ്യത്തെ മികച്ച സർവകലാശാലകളെയും കോളജുകളെയും മറ്റ് ഗവേഷണ സ്ഥാപനങ്ങളെയും കണ്ടെത്തുന്നതിനുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) 2022 ലെ റാങ്കിങ് ഫലം പ്രസിദ്ധീകരിച്ചു. മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഫലം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് കോട്ടയം എംജി സർവകലാശാലയും (റാങ്ക് 51) കേരള സർവകലാശാലയും (52) പട്ടികയിൽ ഉണ്ട്. കൊച്ചി സർവകലാശാലയുടെ റാങ്ക് 69 ആണ്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്ആണ് പട്ടികയിൽ ഒന്നാമത്. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിന് 16–ാം റാങ്ക് ലഭിച്ചു. 

 

രാജ്യത്തെ മികച്ച 100 സർവകലാശാലകളുടെ പട്ടികയിലും എംജിയും കേരളയും കാലിക്കറ്റും കുസാറ്റും ഉണ്ട്. റാങ്കിങ് യഥാക്രമം എംജി (30), കേരള (40), കുസാറ്റ് (41) കാലിക്കറ്റ് (69)എന്നിങ്ങനെയാണ്. കഴിഞ്ഞ തവണത്തെ റാങ്കിങിൽ‍ കേരള സർവകലാശാലയ്ക്ക് ആയിരുന്നു കേരളത്തിലെ ഏറ്റവും ഉയർന്ന സ്ഥാനം. 27–ാമത്തെ സ്ഥാനമായിരുന്നു. എംജിയ്കക് 31 ആയിരുന്നു. ഈ വർഷം എംജി അത് 30 ആയി ഉയർത്തി. രാജ്യത്തെ മികച്ച സർവകലാശാലയായി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പട്ടികയിൽ ഒന്നാം റാങ്ക് നേടി. കോയമ്പത്തൂർ അമൃത വിശ്വ വിദ്യാപീഠത്തിന് അഞ്ചാം റാങ്കുണ്ട്. 

 

രാജ്യത്തെ മികച്ച കോളജുകളുടെ പട്ടികയിലും കേരളം തിളങ്ങി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജാണ് പട്ടികയിൽ മുന്നിൽ. റാങ്ക് 24. കൊച്ചിയിലെ രാജഗിരി കോളജ് ഓഫ് സോഷ്യൻ സയൻസസാണ് തൊട്ടടുത്ത് (27). എറണാകുളം സെന്റ് തെരേസാസ് (37), തിരുവനന്തപുരം മാർ ഇവാനിയോസ് (50), തിരുവനന്തപുരം ഗവ കോളജ് ഫോർ വിമൻ (53), കോതമംഗലം മാർ അത്തനേഷ്യസ് കോളജ് (56), മാവേലിക്കര ബിഷപ് മൂർ കോളജ് (58), തേവര സേക്രട്ട് ഹാർട്ട് (59), എറണാകുളം മഹാരാജാസ് (60), ചങ്ങനാശേരി എസ് ബി (62), തൃശൂർ സെന്റ് തോമസ് (63), കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് (78), കോട്ടയം സിഎംഎസ് (81), പാലക്കാട് ഗവ. വിക്ടോറിയ (85), കോട്ടയം അമലഗിരി ബിഷപ് കുര്യാളശേരി കോളജ് ഫോർ വിമൻ (89), കൊല്ലം ഫാത്തിമാ മാതാ നാഷനൽ കോളജ് (92), ആലുവ യുസി കോളജ് (97) എന്നിവയാണ് ഇത്തവണ കേരളത്തിൽ നിന്നു മികവിന്റെ പട്ടികയിൽ ഇടം പിടിച്ച മറ്റു കലാലയങ്ങൾ. ഡൽഹിയിലെ മിറാൻഡാ ഹൗസിനാണ് ഒന്നാം റാങ്ക്. മദ്രാസ് ക്രിസ്ത്യൻ കോളജിനു 17–ാം റാങ്ക് ലഭിച്ചു. 

 

ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ കോയമ്പത്തൂർ അമൃത വിശ്വവിദ്യാ പീഠത്തിന് 31–ാം റാങ്ക് ലഭിച്ചു. ഐഐഎസ് സി ബാംഗ്ലൂർ ആണ് ഈ പട്ടികയിൽ ഒന്നാമത്. എൻജിനീയറിങിൽ കേരളത്തിൽ നിന്ന് കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് പട്ടികയിൽ ഒന്നാമത് (31). തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (43), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജ് പാലക്കാട് (68) പട്ടികയിലുണ്ട്.ദേശീയ തലത്തിൽ ഐഐടി മദ്രാസ് ആണ് ഈ പട്ടികയിൽ ഒന്നാമത്.

 

മാനേജ്മെന്റിൽ കേരളത്തിൽ നിന്ന് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഞ്ചാം റാങ്ക് നേടി മുകൾനിരയിൽ ഇടം പിടിച്ചു. കൊച്ചി രാജഗിരി ബിസിനസ് സ്കൂളിന് 74–ാം റാങ്ക് ലഭിച്ചു. കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് 84–ാം റാങ്കും ലഭിച്ചു. ദേശീയ തലത്തിൽ ഐഐഎം അഹമ്മദാബാദാണ് ഒന്നാം റാങ്കോടെ ഏറ്റവും മുകളിൽ.

 

ഫാർമസിയിൽ കേരളത്തിൽ നിന്ന് പെരിന്തൽമണ്ണ അൽ ഷിഫ കോളജ് ഓഫ് ഫാർമസി പട്ടികയിൽ ഇടം പിടിച്ചു. 100 ൽ 96 ആണ് റാങ്ക്. ദേശീയ തലത്തിൽ ന്യൂഡൽഹി ജാമിയാ ഹംദാർദ് സർവകലാശാലയാണ് പട്ടികയിൽ ഒന്നാമത് എത്തിയത്.

 

മെഡിക്കൽ മേഖലയിൽ കേരളത്തിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 9–ാം സ്ഥാനത്ത് എത്തി. 

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസാണ് പട്ടികയിൽ ഒന്നാം റാങ്ക് നേടിയത്. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിന് എട്ടാം റാങ്ക് ലഭിച്ചു. 

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിന് മൂന്നാം റാങ്കും ലുധിയാന സിഎംസിക്ക് 36–ാം റാങ്കും ലഭിച്ചു. 

 

ഡന്റൽ വിഭാഗത്തിൽ കേരളത്തിൽ നിന്ന് തിരുവനന്തപുരം ഗവ. ഡന്റൽ കോളജിന് 30–ാം റാങ്ക് ലഭിച്ചു. ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാമത് ചെന്നൈ സവീത ഇൻസ്റ്റിറ്റ്യൂട്ട് ആണ്. കോയമ്പത്തൂർ അമൃതയ്ക്ക് ഈ വിഭാഗത്തിൽ 19–ാം റാങ്ക് ഉണ്ട്.

 

നിയമപഠന സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് സ്ഥാപനങ്ങളൊന്നും പട്ടികയിൽ ഇല്ല. ദേശീയ തലത്തിൽ ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാലയാണ് ഒന്നാമത്.

 

ആർക്കിടെക്ചറിൽ കേരളത്തിൽ നിന്ന് കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രണ്ടാം സ്ഥാനം നേടി സംസ്ഥാനത്തിന്റെ അഭിമാനം ഉയർത്തി. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് 14–ാം റാങ്കും നേടി.

ദേശീയ തലത്തിൽ ഈ വിഭാഗത്തിൽ ഉത്തരാഖണ്ഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയാണ് ഒന്നാമത്. 

 

Content Summary : MG University bags 51th rank in National Institutional Ranking framework

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com