അഗ്രികൾചർ എൻട്രൻസ് അപേക്ഷ ഓഗസ്റ്റ് 20 വരെ

Mail This Article
കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാച്‌ലർ, മാസ്‌റ്റർ, പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി ഓൺലൈൻ എൻട്രൻസ് പരീക്ഷ നടത്തും. ഓരോ തലത്തിലും ഒരു പേപ്പർ. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിനു (ഐസിഎആർ) വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. തെറ്റിനു മാർക് കുറയ്ക്കുന്ന ഒബ്ജക്ടീവ് രീതിയാണ് അവലംബിക്കുന്നത്. സിലബസ് വെബ് സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 20ന് 5 വരെ.19 ന് രാത്രി 11.50ന് അകം അപേക്ഷാ ഫീയടയ്ക്കണം. ഒരാൾ ഒന്നിലേറെ അപേക്ഷ നൽകരുത്.
ബിരുദം
ഇന്ത്യയിലെ എല്ലാ കാർഷിക സർവകലാശാലകളിലെയും 4 വർഷ ബാച്‌ലർ കോഴ്സുകളിലെ 15% സീറ്റുകളിലേക്ക് അഖിലേന്ത്യ ക്വോട്ടയായി ഈ പരീക്ഷയിൽ നിന്നാണു തിരഞ്ഞെടുപ്പ്. കർണാലിലെ നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഝാൻസി റാണി ലക്ഷ്മിബായ് സെൻട്രൽ അഗ്രി സർവകലാശാല, ബിഹാർ പൂസയിലെ ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രി സർവകലാശാല എന്നീ സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റിലേക്കും ഈ ടെസ്റ്റിലൂടെയാണു സിലക്‌ഷൻ. നേരത്തെ സൂചിപ്പിച്ച 15% ക്വോട്ട 20% ആയി കൂട്ടിയേക്കാം.
അഗ്രികൾചർ, ഹോർട്ടികൾചർ, ഫിഷറീസ്, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യൂട്രീഷൻ & ഡയറ്റിറ്റിക്സ്, സെറികൾചർ, അഗ്രികൾചറൽ എൻജിനീയറിങ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്, ബയോടെക് എന്നിങ്ങനെ 11 ശാഖകൾ. വെറ്ററിനറി കോഴ്സ് ഇതിൽ പെടില്ല. ഒരു സർവകലാശാലയിലും ഒരേ സംസ്ഥാനത്തിലെ കുട്ടികൾ ഒരു വിഷയത്തിലും കാറ്റഗറിയിലും 40 ശതമാനത്തിൽ കവിയാൻ അനുവദിക്കില്ല.
പ്രസക്തവിഷയങ്ങളടങ്ങിയ പ്ലസ്ടു 50% എങ്കിലും മൊത്തം മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർ 40%. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
സ്വന്തം സംസ്ഥാനത്തിനു പുറത്തുള്ള സർവകലാശാലയിൽ പ്രവേശനം കിട്ടുന്ന എല്ലാവർക്കും പ്രതിമാസം 3000 രൂപ നാഷനൽ ടാലന്റ് സ്കോളർഷിപ് ലഭിക്കും. ഝാൻസി, പൂസ സ്ഥാപനങ്ങിലെ വിദ്യാർഥികൾക്ക് ഇതില്ല; അതതു സ്ഥാപനങ്ങൾ സഹായം നൽകും. കേന്ദ്ര മാനദണ്ഡപ്രകാരം സംവരണമുണ്ട്.

ഓൺലൈൻ അപേക്ഷാസൈറ്റ്: https://icar.nta.nic.in. അപേക്ഷാഫീ – 800 രൂപ; പിന്നാക്കം, സാമ്പത്തിക പിന്നാക്കം – 770 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർ 400 രൂപ. കേരളത്തിലെ 16 ഉൾപ്പെടെ ഇരുനൂറോളം കേന്ദ്രങ്ങളിൽ കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ നടത്തും. തീയതി പിന്നീടറിയിക്കും.
ബിരുദാനന്തര ബിരുദം
കാർഷിക സർവകലാശാലകളിൽ 25% മാസ്റ്റർ പ്രോഗ്രാമുകളിലെ സിലക്‌ഷൻ ഈ പരീക്ഷ വഴി. പക്ഷേ ഇന്ത്യൻ അഗ്രി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹി, ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഇസത്‌നഗർ, നാഷനൽ ഡെയറി ഇൻസ്റ്റിറ്റ്യൂട്ട് കർണാൽ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യുക്കേഷൻ മുംബൈ, ഝാൻസി, പൂസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മുഴുവൻ മാസ്റ്റർ ബിരുദ സീറ്റുകളും ഈ സിലക്‌ഷനിൽ വരും. മേൽസൂചിപ്പിച്ച 25% ക്വോട്ട 30% ആയി കൂട്ടിയേക്കാം.
എൻട്രൻസ് തീയതി പിന്നീടറിയിക്കും.
അപേക്ഷാഫീ യഥാക്രമം 1150 / 1120 / 570 രൂപ. വ്യവസ്ഥകൾക്കു വിധേയമായി 12,600 രൂപ പ്രതിമാസ നാഷനൽ ടാലന്റ് സ്കോളർഷിപ് ലഭിക്കും. 6000 രൂപ വാർഷിക ഗ്രാന്റുമുണ്ട്.
പിജി പഠനത്തിന് 19 മുഖ്യശാഖകളും നിരവധി ഉപശാഖകളുമുണ്ട്. പ്ലാന്റ് ബയോടെക്, പ്ലാന്റ് സയൻസസ്, ഫിസിക്കൽ സയൻസ്, എന്റമോളജി & നെമറ്റോളജി, അഗ്രോണമി, സോഷ്യൽ സയൻസസ്, സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ്, ഹോർട്ടികൾചർ, ഫോറസ്ട്രി/ അഗ്രോഫോറസ്ട്രി & സിൽവികൾചർ, അഗ്രി എൻജി & ടെക്, കമ്യൂണിറ്റി സയൻസ്, ആനിമൽ ബയോടെക്, വെറ്ററിനറി സയൻസ്, ആനിമൽ സയൻസസ്, ഫിഷറീസ് സയൻസ്, ഡെയറി സയൻസ്, ഡെയറി ടെക്, ഫുഡ് സയൻസ് ടെക്, അഗ്രി–ബിസിനസ് മാനേജ്മെന്റ് എന്നിവയാണ് മുഖ്യ ശാഖകൾ. കേരളത്തിലെ 8 ഉൾപ്പെടെ തൊണ്ണൂറോളം പരീക്ഷാകേന്ദ്രങ്ങളുണ്ട്.
പിഎച്ച്ഡി
കാർഷികസർവകലാശാലകളിൽ 25% പിഎച്ച്ഡി സീറ്റുകളിലെ പ്രവേശനം ഈ പരീക്ഷയിൽ നിന്നുള്ള സിലക്‌ഷൻ വഴിയാണ്. ഇതിനു പുറമേയുമുണ്ട് ഈ എൻട്രൻസ് വഴി പ്രവേശനത്തിന് അവസരങ്ങൾ. മേൽസൂചിപ്പിച്ച 25% ക്വോട്ട 30% ആയി കൂട്ടിയേക്കാം. 70 വിഷയങ്ങളിലാണ് പരീക്ഷ. കേരളത്തിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. വിശദാംശങ്ങൾക്കു സൈറ്റ് നോക്കാം.
വിവരങ്ങൾക്ക്: 011 4075 9000; icar@nta.ac.in.
Content Summary : UG to PhD courses in agricultural varsities, apply for entrance exam