ADVERTISEMENT

ലോകത്തിന്‍റെ ഏതു കോണില്‍ പോയി താമസമുറപ്പിച്ചാലും തങ്ങളുടെ നാടിനെയും നാട്ടുകാരെയും മറക്കാത്തവരാണ് മലയാളികള്‍. നാട് അവർക്കു മധുരമുള്ള ഗൃഹാതുരസ്മരണ മാത്രമല്ല, മറിച്ച് ഒരു വികാരം തന്നെയാണ്. നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്തുന്ന കോട്ടയം അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ എന്ന പ്രവാസി സംഘടനയെ നയിക്കുന്നതും ഇതേ വികാരവും സ്നേഹവായ്പുമൊക്കെയാണ്. 

 

ഫിലഡല്‍ഫിയയിലെയും സമീപ പ്രദേശങ്ങളിലെയും കോട്ടയം സ്വദേശികള്‍ ചേര്‍ന്ന് 2000ല്‍ രൂപീകരിച്ച കോട്ടയം അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ ഇന്ന് അമേരിക്കയിലെ പ്രമുഖ ജീവകാരുണ്യ സംഘടനകളില്‍ ഒന്നാണ്. 

 

കഴിഞ്ഞ 18 വര്‍ഷമായി നാട്ടിലും അമേരിക്കയിലും നിരവധി പേര്‍ക്ക് ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഭവനനിര്‍മാണത്തിനുമൊക്കെ സഹായം നല്‍കാന്‍ സംഘടനയ്ക്കു സാധിച്ചിട്ടുണ്ട്. മന്ദിരം ആശുപത്രിയില്‍ നടന്ന നോര്‍ക്ക മെഡിക്കല്‍ ക്യാംപ് അടക്കം നിരവധി ജീവകാരുണ്യ പദ്ധതികളും കോട്ടയം അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. പള്ളത്തെ വൈഡബ്ല്യുസിഎയുടെ ആശാകേന്ദ്രത്തിലേക്ക് തയ്യല്‍ മെഷീനുകളും കോട്ടയം എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിലേക്ക് അടിയന്തര ഐസിയു യൂണിറ്റും ആംബുലന്‍സും സംഭാവന നല്‍കാനും നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനുമൊക്കെ സംഘടന മുന്നില്‍ നിന്നു. കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ചും കേരള മുഖ്യമന്ത്രിയുടെ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയുമൊക്കെ ദുരിത സമയത്ത് കരുതലിന്‍റെ കൈത്താങ്ങാന്‍ അസോസിയേഷനു സാധിച്ചു.

kottayam-association-students-scholarship-office-bearers

 

നാട്ടിലെ സഹോദരങ്ങള്‍ക്കെന്ന പോലെ അമേരിക്കയിലെ ദുരിതബാധിതര്‍ക്കു നേരെയും അസോസിയേഷന്‍ സഹായ ഹസ്തം നീട്ടിയിട്ടുണ്ട്. ഹൂസ്റ്റണിലെ ഹാര്‍വി ദുരന്തത്തിന് ഇരയായവര്‍ക്ക് ദുരിതാശ്വാസം നല്‍കിയും താങ്ക്സ് ഗിവിങ് സമയത്ത് പെന്‍സില്‍വാനിയ നൂറിസ്ടൗണിലെ മിഷനറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി വഴി പാവപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കിയും അമേരിക്കയിലും അസോസിയേഷന്‍ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു. നാട്ടില്‍നിന്നും അമേരിക്കയില്‍നിന്നും ലഭിക്കുന്ന സഹായ അഭ്യർഥനകള്‍ അസോസിയേഷന്‍റെ പ്രതിമാസ കമ്മിറ്റി മീറ്റിങ്ങില്‍ അവലോകനം ചെയ്ത ശേഷമാണ് അര്‍ഹ‌രെ കണ്ടെത്തുന്നത്. 

 

അമേരിക്കയിലെ അസോസിയേഷന്‍ അംഗങ്ങളുടെ സുഖത്തിലും ദുഃഖത്തിലുമെല്ലാം സാന്ത്വനവും സഹായവുമായി കോട്ടയം അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ എന്നും കൂടെ നില്‍ക്കുന്നു. പെന്‍സില്‍വാനിയ, ന്യൂജഴ്സി, ഡെലവെയര്‍ എന്നിവിടങ്ങളിലെ കോട്ടയം സ്വദേശികള്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. നാടിന്‍റെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാനും പ്രോത്സാഹിപ്പിക്കാനും സാഹിത്യം, കല, യുവജനക്ഷേമം, കായികം, കുടുംബക്ഷേമം എന്നിങ്ങനെ പല മേഖലകളില്‍ അംഗങ്ങളുടെയും കുടുംബങ്ങളുടെയും വളര്‍ച്ച ഉറപ്പാക്കാനും അസോസിയേഷന്‍ ശ്രദ്ധിക്കുന്നു. സമാന സ്വഭാവമുള്ള സംഘടനകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും അസോസിയേഷന്‍ നടപ്പാക്കുന്നുണ്ട്. 

 

21 വയസ്സിന് മേല്‍ പ്രായമുള്ള ഏതൊരു കോട്ടയം സ്വദേശിക്കും അസോസിയേഷനില്‍ അംഗമാകാം. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ച് ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഗവേണിങ് ബോഡി.  സണ്ണി കിഴക്കേമുറി (പ്രസിഡന്റ്), കുര്യൻ (ജനറൽ സെക്രട്ടറി), ജെയിംസ് അന്ത്രയോസ്, സാജൻ വർഗീസ് (ചാരിറ്റി കോഓർഡിനേറ്റർ), ജീമോൻ ജോർജ് (പിആർഒ) സ്റ്റുഡന്റ് സ്കോളർഷിപ്പ് സബ് കമ്മറ്റി അംഗങ്ങളായ ബെന്നി കൊട്ടാരത്തിൽ, സാബു ജേക്കബ്, ജോബി ജോർജ് എന്നിവരാണ് പഠന സഹായ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

 

കോട്ടയത്തെ ഭവനനിര്‍മാണ സംരംഭം

 

കോട്ടയം അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നാട്ടകം, നീലിമംഗലം, പരുത്തുംപാറ, ളാക്കാട്ടൂര്‍, കോട്ടയം നഗരം എന്നിങ്ങനെ പലയിടങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കോട്ടയത്തും സമീപപ്രദേശങ്ങളിലുമായി അഞ്ച് വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അസോസിയേഷന്‍. സംഘടനയുടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയിലും നാട്ടിലുമുള്ള നിരവധി സുമനസ്സുകളും പങ്കാളികളാകാറുണ്ട്. 

 

Content Summary : Kottayam Association of Philadelphia - Organisation Profile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com