ADVERTISEMENT

ഉന്നതവിദ്യാഭ്യാസത്തിനു സാമ്പത്തികസ്ഥിതി വിലങ്ങുതടിയാകുന്ന വിദ്യാർഥികൾക്ക് ഒരു പരിധിവരെ വിദ്യാഭ്യാസ വായ്പ ആശ്വാസമാണ്. ഇതുസംബന്ധിച്ച പൊതുസംശയങ്ങൾക്കുള്ള മറുപടി ഇതാ...

 

 

∙ ഇന്ത്യയിൽ 40 ലക്ഷം രൂപ വരെ

 

ഇന്ത്യയുടെ ഏതു ഭാഗത്തു പഠിക്കുന്നതിനും വിദ്യാഭ്യാസവായ്പ ലഭിക്കും. ഇതിനായി ജൻസമർധ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യുമ്പോൾ അടുത്തുള്ള 3 ബാങ്കുകൾ സിലക്ട് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും.

ഇന്ത്യയിൽ പഠിക്കാൻ 40 ലക്ഷം രൂപ വരെ ലഭിക്കും. 4.5 ലക്ഷത്തിനു താഴെ വരുമാനമുള്ളവർ 7.5 ലക്ഷം രൂപ വരെ വായ്പ എടുക്കുമ്പോൾ സർക്കാർ സബ്സിഡി ലഭിക്കും. ഇതിന് ഈട് ആവശ്യമില്ല.

 

education-loan

വിദ്യാർഥിക്ക് അംഗീകൃത സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ ലഭിക്കണം. മാനേജ്മെന്റ് സീറ്റിലാണു പഠിക്കുന്നതെങ്കിൽ എൻട്രൻസ് പരീക്ഷാ സ്കോർ കൂടി പരിഗണിക്കും. ഒരു തവണ വായ്പ എടുത്ത വ്യക്തിക്ക് അതു നിലനിർത്തിക്കൊണ്ടു തന്നെ മറ്റൊരു വായ്പ കൂടി എടുക്കാം. അതായത് ‍ഡിഗ്രിക്ക് വായ്പയെടുത്തു പഠിച്ച വിദ്യാർഥിക്കു പിജിക്കു പഠിക്കാനായി വീണ്ടും വായ്പയ്ക്ക് അപേക്ഷിക്കാം.

 

∙ വിദേശത്ത് പഠിക്കാൻ 1.5 കോടി വരെ

 

വിദേശ സർവകലാശാലകളിൽ പഠിക്കാൻ 1.5 കോടി വരെ ലഭിക്കും. ഇതിൽ 7.5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഈട് ആവശ്യമില്ല. എങ്കിലും മാതാപിതാക്കളുടെ സിബിൽ സ്കോർ നോക്കും. നിങ്ങളുടെ വായ്പ യോഗ്യത സൂചിപ്പിക്കുന്ന മൂന്നക്ക നമ്പറാണ് സിബിൽ സ്കോർ. ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്നും ഇവ അറിയപ്പെടുന്നു. 

 

ഈ സ്കോർ പരിശോധിച്ചാണു നിങ്ങൾ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന വ്യക്തിയാണോയെന്നു ബാങ്ക് മനസ്സിലാക്കുന്നത്. മാതാപിതാക്കളുടെ സിബിൽ സ്കോറിൽ പ്രശ്നമുണ്ടെങ്കിൽ മൂന്നാമത് ഒരാളെ ( തേഡ് പാർട്ടി) ജാമ്യക്കാരനായി വയ്ക്കാം. ഈ വ്യക്തി എന്തെങ്കിലും തരത്തിൽ ആസ്തിയുള്ള ആളായിരിക്കണം.

 

7.5 ലക്ഷം രൂപയ്ക്കു മുകളിൽ വേണ്ടവർക്ക് ആവശ്യമുള്ള തുകയ്ക്ക് തത്തുല്യമായ കൃഷിഭൂമി ഒഴികെ, വീടോ സ്ഥലമോ പോലുള്ള വസ്തു ഈടു നൽകണം. ഈ സ്കീമുകൾ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. 

പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ്, യൂണിവേഴ്സിറ്റി, അവിടെ നിന്നു ലഭിച്ചിട്ടുള്ള സ്കോളർഷിപ്, ഓരോ സെമസ്റ്ററുകളുടെയും ഫീസ് തുടങ്ങിയ രേഖകളും നൽകണം.

 

∙ പലിശ, പ്രോസസിങ് ഫീസ്

processing fees

 

പലിശനിരക്ക് ബാങ്കുകൾക്ക് അനുസരിച്ചു മാറും. 7.5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 9.55% ആണ് എസ്ബിഐയിൽ പലിശ. ഇതിൽ ബാങ്ക് നൽകുന്ന ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ 0.5% പലിശയിളവു ലഭിക്കും. കൂടാതെ, പെൺകുട്ടികൾക്ക് 0.5% ഇളവും ലഭിക്കും. ചില ബാങ്കുകൾ 4 ലക്ഷം രൂപ മുതലുള്ള വായ്പയ്ക്കു ജാമ്യക്കാരൻ വേണമെന്ന് ആവശ്യപ്പെടാറുണ്ട്. വിദേശത്തു പഠിക്കാൻ പ്രോസസിങ് ഫീസ് ഉണ്ട്. ചില ബാങ്കുകൾ മാതാപിതാക്കളുടെ തിരിച്ചടവുശേഷിയും പരിഗണിക്കും.

 

എന്തൊക്കെ രേഖകൾ

 

∙ അഡ്മിഷൻ ലഭിച്ചതിന്റെ തെളിവ്

∙ കോളജിന്റെയും കോഴ്സിന്റെയും അംഗീകാരം സംബന്ധിച്ച രേഖകൾ

∙ വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും കെവൈസി ഐഡി പ്രൂഫുകൾ എല്ലാം വേണം. ആധാർ, പാൻകാർഡ് നിർബന്ധം.

∙ 10, പ്ലസ്ടു തുടങ്ങിയ പരീക്ഷകളിലെ മാർക്ക്‌ലിസ്റ്റ് കോപ്പി

∙ വിദ്യാർഥിയുടെ ഫോട്ടോ

 

study-abroad

∙ എപ്പോൾ തിരിച്ചടയ്ക്കണം?

 

കോഴ്സ് പൂർത്തിയാക്കി 12 മാസമോ ജോലി ലഭിച്ച് 6 മാസമോ ഇതിൽ ഏതാണോ ആദ്യം വരുന്നത് എന്നു കണക്കാക്കിയാണു തിരിച്ചടച്ചു തുടങ്ങേണ്ടത്. ജോലി ലഭിക്കാത്തവർക്കു കോഴ്സ് കഴിഞ്ഞ് ഒരു വർഷം മൊറട്ടോറിയം ലഭിക്കും. 

 

അതിനു ശേഷം തിരിച്ചടവ് ആരംഭിച്ചാൽ മതി. വായ്പയും പലിശയും ചേർത്ത് ഇൻസ്റ്റാൾമെന്റ് ആയാണു തിരിച്ചടയ്ക്കേണ്ടത്. ഇതിന് 15 വർഷം വരെ സാവകാശം ലഭിക്കും.

Group of colleagues at the laptop screen holding virtual video conference, Group of colleagues at the laptop screen holding virtual video conference

 

∙ വേറെയും വായ്പകൾ

 

ഐഐടി, ഐഐഎം, എൻഐടി പോലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു ക്യാംപസിൽ തന്നെ ലോൺ ലഭിക്കും. സ്കോളർ ലോൺ എന്നാണ് ഇതറിയപ്പെടുന്നത്. ഈടും പ്രോസസിങ് ഫീസും ഇല്ലാതെ 40 ലക്ഷം രൂപവരെ കിട്ടും. കോഴ്സ് കഴിയുമ്പോൾ വിദ്യാർഥി തിരഞ്ഞെടുക്കുന്ന ബ്രാഞ്ചിലേക്ക് (ജോലി ചെയ്യുന്നിടത്തോ, ഹോം ബ്രാ‍ഞ്ചിലോ) വായ്പ ട്രാൻസ്ഫർ ചെയ്തു നൽകും. ഈ സ്കീമുകൾ എല്ലാ ബാങ്കുകളിലും ലഭ്യമാണ്.

 

∙ പഠനം മുടങ്ങിയാൽ...

 

വായ്പയെടുത്തു പഠിക്കുന്ന വിദ്യാർഥിക്കു കോഴ്സിൽ ബ്രേക്ക് എടുക്കേണ്ടി വന്നാൽ ബാങ്കുമായി ബന്ധപ്പെട്ടു കത്തു നൽകണം. എത്ര നാൾ കഴിഞ്ഞാണോ വീണ്ടും പഠനം തുടരുന്നത് അതും ബാങ്കിനെ അറിയിക്കണം. ഇനി കോഴ്സ് നിർത്തുകയാണെങ്കിൽ വായ്പ അവസാനിപ്പിച്ചു തിരിച്ചടയ്ക്കണം. കോഴ്സിൽ പരാജയപ്പെട്ട് ഇയർബാക് വന്നാലും പഠനം കഴിഞ്ഞു ജോലി ലഭിച്ചില്ലെങ്കിലും നിശ്ചിത സമയത്തിനകം തന്നെ തിരിച്ചടയ്ക്കണം. ഓരോ വർഷത്തെയും മാർക്ക്‌ലിസ്റ്റ് കോപ്പിയും ഫീസടച്ചതിന്റെ രസീതിന്റെ കോപ്പിയും ബാങ്കിൽ നൽകണമെന്നും നിബന്ധനയുണ്ട്.

 

∙എത്ര കിട്ടും?

 

ആവശ്യപ്പെടുന്ന മുഴുവൻ തുകയും ലഭിക്കണമെന്നില്ല. സർക്കാർ അംഗീകൃത ഫീസിന് ആനുപാതികമായി മാത്രമേ വായ്പ അനുവദിക്കൂ. വിദേശപഠനത്തിന് 15% മാർജിൻ മാതാപിതാക്കളോട് ഇടാൻ ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്.

 

∙അഡ്മിഷൻ സമയത്ത് 

 

അഡ്മിഷൻ ലഭിച്ചു, എന്നാൽ ബാങ്കിൽ നിന്നു ലോൺ ലഭിക്കാൻ സമയമെടുത്തു–  ഇത്തരം സാഹചര്യത്തിൽ കയ്യിൽ നിന്നു കാശുകൊടുത്ത് പ്രവേശനം നേടിയ ശേഷം 6 മാസത്തിനുള്ളിൽ രക്ഷിതാവ് ബാങ്കിനെ സമീപിച്ചാൽ ആ തുക തിരികെ ലഭിക്കും. 6 മാസത്തിനു ശേഷമാണെങ്കിലും ബാങ്ക് മാനേജർ കൺവിൻസിങ് ലെറ്റർ നൽകിയാൽ തുക നൽകാറുണ്ട്.

 

∙ അക്കൗണ്ട് വേണം

 

വായ്പ ലഭിക്കാനായി ആ ബാങ്കിൽ അക്കൗണ്ട് നിർബന്ധമാണ്. വിദ്യാഭ്യാസവായ്പ കയ്യിൽ പണമായി ബാങ്ക് നൽകില്ല.

 

∙ ചിന്തിച്ചെടുക്കണം പരമാവധി തുക  വായ്പയായി എടുക്കുന്നതു യൗവനകാലം മുഴുവൻ കടബാധ്യതയിലേക്കു തള്ളിയിടും. പഠനം പൂർത്തിയാക്കിയാൽ വരുമാനത്തിന്റെ 30 ശതമാനത്തിൽ താഴെ തിരിച്ചടവു വരും വിധത്തിലായിരിക്കണം വായ്പ എടുക്കേണ്ടത്. കോഴ്സ് പൂർത്തിയായി കഴിയുമ്പോഴേക്കും ഉന്നത പഠനത്തിനു വീണ്ടും വായ്പ എടുക്കേണ്ടി വന്നാൽ ബാധ്യത ഇരട്ടിക്കും. കോഴ്സുകൾക്കു പ്രവേശനം നേടുമ്പോഴുള്ള ജോലിസാധ്യത പിന്നീടു മാറിമറിയുകയും ചെയ്യാം.

 

പഠനോപകരണങ്ങൾ ലഭിക്കുമോ?

 

കോളജ് നൽകുന്ന ലിസ്റ്റിൽ ലാപ്ടോപ് പോലുള്ളവ ഉണ്ടെങ്കിൽ അതു വാങ്ങാനുള്ള തുകയും ബാങ്ക് വായ്പയിൽ നൽകും. അല്ലെങ്കിൽ വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്തു വിദ്യാർഥി പഠനാവശ്യത്തിനായി ഫോണും ലാപ്ടോപ്പും വേണമെന്നു കത്തു നൽകിയാലും മതി.

 

തിരിച്ചടച്ചില്ലെങ്കിലോ?

 

വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പോയാൽ അല്ലെങ്കിൽ കെട്ടിക്കിടന്നു വലിയ തുകയായാൽ അദാലത്തുകളിലൂടെ കേംപ്രമൈസ് പ്രപ്പോസൽ വഴി 50%– 80% വരെ വായ്പ ഇളവു ചെയ്തു കിട്ടിയേക്കാം. ബാക്കിയുള്ള തുക മുഴുവനായി അടയ്ക്കാൻ കഴിയല്ലെങ്കിൽ ഇൻസ്റ്റാൾമെന്റ് ചെയ്തു നൽകും. 

ബാങ്ക് അദാലത്തുകൾ, ലോക് അദാലത്തുകൾ, ലീഗൽ സർവീസ് സൊസൈറ്റി എന്നിവ വഴിയാണ് ഇതു നടക്കുന്നത്. വായ്പയെടുത്തയാൾ തുക തിരികെ അടയ്ക്കാതിരുന്നാൽ ബാങ്കിന്റെ ലാഭത്തിൽ നിന്നു ആ തുക മാറ്റിവയ്ക്കേണ്ടി വരും. അങ്ങനെ ചെയ്താൽ ബാങ്കിന്റെ പ്രകടനം മോശമാണെന്നു വരും. അതിനാലാണു ബാങ്കുകൾ കേംപ്രമൈസ് പ്രപ്പോസലിനു മുതിരുന്നത്. ഇതല്ലാതെ വിദ്യാഭ്യാസവായ്പ  എഴുതിത്തള്ളില്ല.

 

പരാതികളുണ്ടോ? പോംവഴികളുണ്ട്

 

പഠനംകഴിഞ്ഞ് ഉദ്യോഗസാധ്യത എത്രത്തോളമാണ്. പ്ലേസ്മെന്റ് ലഭിക്കുമോ, ഉണ്ടെങ്കിൽ ശമ്പളമെത്ര?, ഓരോ സെമസ്റ്ററിലും വിദ്യാർഥിയുടെ മാർക്ക് എത്ര? ലോൺ നൽകുമുമ്പോൾ ഈ കാര്യമെല്ലാം ബാങ്കുകൾ പരിശോധിക്കും.  സെമസ്റ്ററിൽ  60% മാർക്കെങ്കിലും വാങ്ങിയാൽ മാത്രമേ പൊതുമേഖലാ ബാങ്കുകൾ അടുത്ത ഗഡു നൽകൂ. സ്വകാര്യബാങ്കുകളിൽ ഇതിൽ വ്യത്യാസമുണ്ട്. പഠനം കഴിഞ്ഞു ഒരു വർഷം മൊറട്ടോറിയവും 15 വർഷവും ലോൺ തിരിച്ചടവിനു ലഭിക്കും. മൊറട്ടോറിയം കാലയളവിൽ സാധാരണപലിശയാണു കണക്കാക്കുന്നത്. പിന്നീട് കൂട്ടുപലിശയും. മൊറട്ടോറിയം കാലത്തു പലിശ തിരിച്ചടച്ചാൽ മിക്ക ബാങ്കുകളും പലിശ ഇളവു ചെയ്തു കൊടുക്കാറുണ്ട്.

 

 വിദ്യാഭ്യാസവായ്പയെപ്പറ്റി ഉയരുന്ന പരാതികൾക്കു ബ്ലോക്ക് ലവൽ ബാങ്കേഴ്സ് കമ്മിറ്റികളിൽ പരിഹാരം കാണാറുണ്ട്. അതിനുമുകളിൽ കലക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളെല്ലാം പങ്കെടുക്കുന്ന ജില്ലാതല റിവ്യൂ കമ്മിറ്റിയുണ്ട്. ആർബിഐ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗമാണിത്. എത്ര വിദ്യാഭ്യാസ ലോൺ ലഭിച്ചു, എത്രയെണ്ണം തള്ളിപ്പോയി, അതിന്റെ കാരണം തുടങ്ങിയവ വിലയിരുത്തും. അതിനാൽ അർഹതയുള്ള വിദ്യാർഥികൾക്കു വായ്പ നിഷേധിക്കാനാകില്ല.

 

∙ ജി.രാജഗോപാലൻ

ലീഡ് ബാങ്ക് മാനേജർ, ഇടുക്കി

 

Content Summary : Important factors to keep in mind while taking education loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com