ADVERTISEMENT

പിഎസ്‌സി  വിജ്ഞാപനങ്ങൾക്കൊപ്പംതന്നെ റാങ്ക് ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ച വ്യവസ്ഥകളും ഉൾപ്പെടുത്താറുണ്ട്. റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ കുറഞ്ഞത് ഒരു വർഷവും കൂടിയതു മൂന്നു വർഷവും വരെ പ്രാബല്യമുണ്ടായിരിക്കും. ഒരു വർഷത്തിനുശേഷം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ആ തീയതി മുതൽ പഴയ ലിസ്റ്റ് റദ്ദാകും. 

 

നിയമനത്തിനു മുൻപു പരിശീലനം നൽകുന്ന എസ്ഐ, ഫയർമാൻ ട്രെയിനി തുടങ്ങിയ തസ്തികകളുടെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ ഒരു വർഷമോ ഒരു വർഷത്തിനകം റാങ്ക് ലിസ്റ്റിൽനിന്ന് അവസാനം പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെടുന്നവരുടെ ട്രെയിനിങ് തുടങ്ങുന്ന തീയതി മുതൽ ഒരു മാസമോ (ഏതാണോ അവസാനമായി വരുന്നത്) അതുവരെയായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അനിശ്ചിതത്വവും അവ്യക്തതയുമുണ്ടെന്നും അതു പുതിയ റാങ്ക് ലിസ്റ്റിലെ നിയമനത്തെ ബാധിക്കുമെന്നുമുള്ള കോടതിയുടെ കണ്ടെത്തലിനെത്തുടർന്ന് ഇങ്ങനെയുള്ള തസ്തികകളുടെ റാങ്ക് ലിസ്റ്റുകൾക്ക് ഇപ്പോൾ ഒരു വർഷത്തെ കാലാവധിയേ പിഎസ്‌സി നൽകുന്നുള്ളൂ. 

 

ഫോറസ്റ്റ് റേഞ്ചർ കോഴ്സ്, ഫോറസ്ട്രി ഡിപ്ലോമ കോഴ്സ് എന്നിവയിലേക്കു പിഎസ്‌സി മുഖേന ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ തയാറാക്കുന്ന റാങ്ക് ലിസ്റ്റുകൾക്ക് അവ നിലവിൽ വരുന്ന തീയതി മുതൽ മൂന്നു മാസമോ കോഴ്സ് ആരംഭിക്കുന്ന തീയതി മുതൽ ഒരു മാസമോ (ഏതാണോ അവസാനമായി വരുന്നത്) ആയിരിക്കും. 

 

സപ്ലിമെന്ററി ലിസ്റ്റ്

വിവിധ റാങ്ക് ലിസ്റ്റുകൾക്കൊപ്പം സപ്ലിമെന്ററി ലിസ്റ്റുകളും പ്രസിദ്ധീകരിക്കാറുണ്ട്. മെയിൻ ലിസ്റ്റിലുള്ള എല്ലാവർക്കും നിയമന ശുപാർശ നൽകിക്കഴിഞ്ഞാൽ ആ ദിവസം റാങ്ക് ലിസ്റ്റ് റദ്ദാകും. അതിനു മുകളിലുള്ള കാലപരിധിയുടെ ആനുകൂല്യം ലഭിക്കില്ല. മെയിൻ ലിസ്റ്റ് അവസാനിച്ചുകഴിഞ്ഞാൽ സപ്ലിമെന്ററി ലിസ്റ്റിൽനിന്നു മാത്രമായി നിയമന ശുപാർശ ചെയ്യില്ല. 

 

കാലാവധി നീട്ടൽ

മൂന്നു വർഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഒരാളപ്പോലും നിയമന ശുപാർശ ചെയ്യാൻ കഴിയാതെ വന്നാൽ അങ്ങനെയുള്ള ലിസ്റ്റുകളുടെ കാലാവധി ഒരു വർഷംകൂടി നീട്ടും. ഇങ്ങനെ നീട്ടിയ ലിസ്റ്റുകളിൽനിന്ന് ഒരാളെയെങ്കിലും നിയമന ശുപാർശ ചെയ്താൽ ആ ദിവസം ലിസ്റ്റ് റദ്ദാകും. പിന്നീടു നാലു വർഷ കാലാവധിയെന്ന വ്യ‌വസ്ഥ ബാധകമാവില്ല. നിയമനനിരോധനം പോലെയുള്ള സാഹചര്യങ്ങളിൽ സർക്കാർ നിർദേശപ്രകാരം റാങ്ക് ലിസ്റ്റുകളുടെ കാലാവധി പിഎസ്‌സി നാലര വർഷംവരെ നീട്ടിനൽകാറുണ്ട്. 

 

എൻസിഎ റാങ്ക് ലിസ്റ്റ്

2006 മുതൽ എൻസിഎ റാങ്ക് ലിസ്റ്റുകൾ എന്നൊരു വിഭാഗംകൂടി പിഎസ്‌സിയിൽ നിലവിലുണ്ട്. നിയമന ശുപാർശാവേളയിൽ ഏതെങ്കിലും ഒരു സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർഥി മെയിൻ ലിസ്റ്റിലോ സപ്ലിമെന്ററി ലിസ്റ്റിലോ ഇല്ലാതെവന്നാൽ ആ വിഭാഗത്തിലെ ഉദ്യോഗാർഥികളിൽനിന്നു മാത്രമായി അപേക്ഷ സ്വീകരിച്ച് നടപടിക്രമങ്ങൾ പാലിച്ചു പ്രസിദ്ധീകരിക്കുന്നവയാണ് എൻസിഎ റാങ്ക് ലിസ്റ്റുകൾ. മാതൃ റാങ്ക് ലിസ്റ്റിന്റെ കാലപരിധിക്കുള്ളിൽ ഉണ്ടായ എൻസിഎ ഒഴിവുകൾ നികത്തിക്കഴിയുമ്പോൾ ഇവ നിലവിലില്ലാതാകും. 

 

Content Summary : Duration Of PSC Ranklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com