തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശന സമയക്രമത്തിൽ വീണ്ടും മാറ്റം. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഒന്നാം ഘട്ട പ്രവേശനം 24നു പൂർത്തിയാക്കി 25നു ക്ലാസ് ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ആദ്യ അലോട്മെന്റ് 5ന് പ്രസിദ്ധീകരിക്കും.
സ്പോർട്സ് ക്വോട്ട പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റും അഞ്ചിനാണ്. അതനുസരിച്ചുള്ള പ്രവേശനം 10നു പൂർത്തിയാക്കും. ഒന്നാം ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചവർക്കു സ്ഥിരം പ്രവേശനവും താഴ്ന്ന ഓപ്ഷനിൽ ലഭിച്ചവർക്കു താൽക്കാലിക പ്രവേശനവും നേടാം.
രണ്ടാം അലോട്മെന്റ് 15നു പ്രസിദ്ധീകരിച്ച് 16,17 തീയതികളിൽ പ്രവേശനം നടത്തും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ് 22നു പ്രസിദ്ധീകരിച്ച് 24നു പൂർത്തിയാക്കും. 10% കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ പൊതുമെറിറ്റിൽ ലയിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുന്നതിനാൽ അന്തിമ വിധി അനുസരിച്ചു മാത്രമേ ആ സീറ്റുകളിൽ പ്രവേശനം നടത്തൂവെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Content Summary : Kerala Plus-One classes to begin on August 25