കോളജ് അഫിലിയേഷൻ രീതി നിർത്തണം; പകരം കോൺസ്റ്റിറ്റ്യുവന്റ് കോളജ്; 5 വർഷത്തേക്ക് ധനസഹായം

HIGHLIGHTS
  • അധ്യാപകർക്കു സ്ഥലംമാറ്റം ഉണ്ടാകരുത്.
  • പുതിയ പഠന പ്രോഗ്രാമുകൾ 5 വർഷത്തേക്കു നടപ്പാക്കണം.
R Bindu | File Photo
ആര്‍.ബിന്ദു (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ കോളജുകൾ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തുള്ള ഇപ്പോഴത്തെ രീതി 10 വർഷം കൊണ്ട് അവസാനിപ്പിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്റെ ശുപാർശ.

ആദ്യഘട്ടത്തിൽ മികച്ച 20 സർക്കാർ കോളജുകൾക്ക് കോൺസ്റ്റിറ്റ്യുവന്റ് കോളജ് പദവി നൽകി, 5 വർഷത്തേക്കു പ്രത്യേക ധനസഹായം നൽകണം. അടുത്ത ഘട്ടത്തിൽ സ്വകാര്യ, എയ്ഡഡ് കോളജുകൾക്കും ഈ പദവി നൽകണമെന്നാണു നിർദേശം.

കോൺസ്റ്റിറ്റ്യുവന്റ് കോളജുകളിലെ നിയമനം പിഎസ്‍സിയോ, സമാന സംവിധാനമോ വഴി കോളജുകൾക്കു നടത്താം. അധ്യാപകർക്കു സ്ഥലംമാറ്റം ഉണ്ടാകരുത്. മലബാർ മേഖലയിൽ കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്നും നിർദേശമുണ്ട്. 

പിന്നാക്കം നിൽക്കുന്ന ജില്ലകളിലെ കോളജുകളിലും സർവകലാശാലാ വകുപ്പുകളിലും ശാസ്ത്രവിഷയങ്ങളിൽ നൂതന കോഴ്സുകൾ തുടങ്ങണം. പുതിയ പഠന പ്രോഗ്രാമുകൾ 5 വർഷത്തേക്കു നടപ്പാക്കണം. നന്നായി നടക്കുന്നുണ്ടെങ്കിൽ മാത്രം തുടരണം. ഇവിടെ 5 വർഷത്തേക്കാകണം അധ്യാപക നിയമനം. 

മറ്റു ശുപാർശകൾ: 

∙ വിസിയുടെ കാലാവധി 5 വർഷമാക്കണം. 70 തികയുന്നതു വരെ രണ്ടാമതും അവസരം നൽകാം. 

ഉന്നതവിദ്യാഭ്യാസ മന്ത്രി സ്വകാര്യ, ഡീംഡ് സർവകലാശാലകളിൽ വിസിറ്റർ ആകണം

∙ ബജറ്റും നയശുപാർശകളും അംഗീകരിക്കുന്ന സമിതി മാത്രമാക്കി സിൻഡിക്കറ്റിന്റെ അധികാരം പരിമിതപ്പെടുത്തണം

∙ സെനറ്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കണം, പേര് ബോർഡ് ഓഫ് റീജന്റ്സ് എന്നാക്കാം.

∙ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള സർക്കാർ വിഹിതം 2036–37 വരെ ഓരോ വർഷവും 12% വീതം കൂട്ടണം.

∙ 5000 കോടി രൂപയുടെ കേരള ഉന്നതവിദ്യാഭ്യാസ നിധി രൂപീകരിക്കണം. ഇതിലേക്ക് സർക്കാർ വിഹിതത്തിനു പുറമേ നിശ്ചിത ഉൽപന്നങ്ങൾക്ക് 1–2% സെസ് ഏർപ്പെടുത്തണം.

∙ ഗവേഷണ പ്രോത്സാഹനത്തിന് 1000 കോടി രൂപയുടെ ഫണ്ട്.

∙ പട്ടികവിഭാഗ വിദ്യാർഥികളുടെ എണ്ണം കൂട്ടണം. പിഎച്ച്ഡി പ്രവേശനത്തിൽ പട്ടികവിഭാഗ വിദ്യാർഥികൾക്കു സംവരണം നൽകണം.

∙ കൂടുതൽ പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രവേശനം നൽകണം.

∙ ഗവേഷണ വിദ്യാ‍ർഥികൾക്കു മാസം 15,000 രൂപ വീതം ഫെലോഷിപ് ഏർപ്പെടുത്തണം.

∙ ഗവേഷണവുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാൻ സ്ഥാപനതലത്തിൽ പരാതി പരിഹാര സെൽ വേണം.

∙ ഭാഷാ, സാമൂഹികശാസ്ത്ര മേഖലകളിലെ ഗവേഷകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന പേരിൽ റസിഡൻഷ്യൽ സ്ഥാപനം വേണം.

∙ മലയാള ഭാഷാ വികാസത്തിന് കേരള ലാംഗ്വിജ് നെറ്റ്‌വർക്ക് വേണം. ട്രാൻസ്‌ലേഷൻ മിഷനും ലാംഗ്വേജ് ടെക്നോളജി മിഷനും രൂപീകരിക്കണം. 

∙ സർവകലാശാലാ ക്യാംപസുകളിലെ ലൈബ്രറികൾ 24 മണിക്കൂറും പ്രവർത്തിക്കണം.

ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണം അടുത്തവർഷം: മന്ത്രി

തിരുവനന്തപുരം∙ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പാഠ്യപദ്ധതി പരിഷ്കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്നു മന്ത്രി ആർ.ബിന്ദു. ഇതിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നേതൃത്വം കൊടുക്കും. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് സമർപ്പണ പരിപാടിയും കമ്മിഷൻ റിപ്പോർട്ടുകളിൻമേലുള്ള ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാനുസൃത മാറ്റം സർവകലാശാലകളിൽ വേണം. അതിന്റെ തുടക്കമാണു കമ്മിഷനുകൾ. നിയമപരിഷ്കരണ കമ്മിഷന്റെ പ്രവർത്തനം കുറച്ചുനാൾ കൂടി തുടരേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.

പ്രഫ.ശ്യാം ബി.മേനോൻ അധ്യക്ഷനും ടി.പ്രദീപ്, സാബു തോമസ്, എം.വി.നാരായണൻ, ആർ.രാമകുമാർ, അയേഷാ കിദ്വായി, പ്രഫ.സാബു അബ്ദുൽ ഹമീദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട് തയാറാക്കിയത്. 

പ്രഫ.എൻ.കെ.ജയകുമാർ അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷന്റെയും പ്രഫ.സി.ടി.അരവിന്ദ്കുമാർ അധ്യക്ഷനായ പരീക്ഷാ പരിഷ്കരണ കമ്മിഷന്റെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ.രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.രാജൻ വർഗീസ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് എന്നിവർ പ്രസംഗിച്ചു. 

വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, രണ്ടു വീതം സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവരും ഉന്നത വിദ്യാഭ്യാസമേഖലയിലെ സർക്കാർ ഏജൻസികളുടെ പ്രതിനിധികളുമാണു റിപ്പോർട്ടുകൾ ചർച്ച ചെയ്യുന്നത്. ചർച്ച ഇന്നു തുടരും.

Content Summary : The college affiliation system should go: Reforms panel

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}