കടുത്തുരുത്തി ∙ പ്ലസ്ടു തുല്യതാ പരീക്ഷയെഴുതാൻ വീട്ടമ്മ എത്തിയത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്. ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിനു ചികിത്സയിലുള്ള വൈക്കപ്രയാർ സ്വദേശിനി പി.പി.സിമിമോൾ (50) ആണ് ഇന്നലെ കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയത്. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഓക്സിജൻ കോൺസൻട്രേറ്ററും സിലിണ്ടറും സഹിതമാണ് പരീക്ഷയ്ക്കെത്തിച്ചത്. അമ്മ സരോജിനിയും സഹോദരി സിജിയും ഒപ്പമുണ്ടായിരുന്നു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം വരെ സിമിമോൾ.
വിവാഹത്തിനു ശേഷം തുടർപഠനം സാധ്യമായില്ല. വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ജ്യോതിരാജ് 2 വർഷം മുൻപു മരിച്ചു. മകൾ അമൃത ജ്യോതി മംഗളൂരുവിൽ ബിഡിഎസ് പഠനത്തിനു പോയതതോടെ തുല്യതാ പഠനത്തിനു വൈക്കം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഠനകേന്ദ്രത്തിൽ ചേർന്നു.
ഡോക്ടർമാരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇന്നലെ ഇംഗ്ലിഷ് പരീക്ഷയെഴുതിയത്. 6 വിഷയങ്ങളാണ് ആകെയുള്ളത്. സ്റ്റാഫ് റൂമിൽ പ്രത്യേക ഇരിപ്പിടം സ്കൂൾ അധികൃതർ ഒരുക്കി. ആരോഗ്യം അനുവദിച്ചാൽ പഠനം തുടരുമെന്നു സിമിമോൾ പറഞ്ഞു.
Content Summary : From Intensive care unit to exam hall Inspirational life story of p.p simimol