ADVERTISEMENT

കുഞ്ഞിനെ നോക്കാൻ ജോലി കളയണോ അതോ ആയയെ വയ്ക്കണോ? പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കുന്ന ഓരോ അമ്മയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ചോദ്യത്തിന് ഉത്തരം തേടി ഉറക്കം കളയാറുണ്ട്. കുഞ്ഞിനെ ആരെ വിശ്വസിച്ചേൽപ്പിക്കും, അവർ കുഞ്ഞിനെ നന്നായി നോക്കുമോ എന്നൊക്കെയുള്ള ആശങ്കയോടെയാകും പലരും ആയമാരെ തേടുന്നത്. ആശങ്കകൾ മറച്ചു വയ്ക്കാതെ, വിചിത്രമായ നിബന്ധനകൾ സഹിതമുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

 

പോസ്റ്റിന്റെ യഥാർഥ ഉറവിടം വ്യക്തമല്ലെങ്കിലും അതിൽ പരാമർശിച്ചിരിക്കുന്ന വിചിത്രമായ ആവശ്യങ്ങളാണ് പോസ്റ്റ് ശ്രദ്ധേയമാകാൻ കാരണം. ആ വിചിത്രമായ ആവശ്യങ്ങളിങ്ങനെ:

 

‘‘കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഒരു ആയയെ വേണം. താൽപര്യമുള്ളവർ താഴെപറയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു വായിക്കണം. അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ പരിപാലിക്കാൻ ബിരുദാനന്തര ബിരുദമോ അതിൽ കൂടുതൽ വിദ്യാഭ്യാസ യോഗ്യതകളോ ഉള്ള ആളുകളെയാണ് ആവശ്യം. കാരണം ആ കുട്ടികൾ ഇന്റലെക്‌ച്വലി ചാലഞ്ചഡ് ആണ്. ഇംഗ്ലിഷിലുള്ള ബിരുദ സർട്ടിഫിക്കറ്റും കൊണ്ട് ആരും ഇതുവഴി വരരുത്. താൽപര്യം ഇല്ലാത്തതുകൊണ്ടാണ്. 

 

24 നും 28 നും ഇടയിൽ പ്രായമുള്ളവർ മാത്രം ഈ ജോലിക്കായി അപേക്ഷിച്ചാൽ മതി. കാരണം ഞങ്ങളുടെ കുട്ടികളുടെ ആക്റ്റിവിറ്റി ലെവലിനൊത്ത് പെരുമാറാൻ നിങ്ങൾക്കേ സാധിക്കൂ. താമസ സൗകര്യം സ്വന്തമായി ഉണ്ടായിരിക്കണം. ഞങ്ങളുടെ വീട്ടിൽ കൂടുതൽ മുറികളുണ്ടെങ്കിലും നിങ്ങളെ അവിടെ താമസിക്കാൻ അനുവദിക്കില്ല. രാവിലെ ഏഴു മുതൽ എട്ടര വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ ആറര വരെയുമാണ് നിങ്ങളുടെ സേവനം വേണ്ടത്. പ്രതിദിനം 1,433 രൂപ ശമ്പളമുണ്ടാകും.

 

നിങ്ങൾക്കും ഞങ്ങളുടെ കുട്ടികൾക്കും കഴിക്കാനുള്ള ലഘുഭക്ഷണമുൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ നിങ്ങൾ തന്നെ കൊണ്ടുവരണം. കാരണം അലമാരകളെല്ലാം പൂട്ടിയ ശേഷമാണ് ഞങ്ങൾ ജോലിക്കു പോകുന്നത്. വർക്ക്ബുക് പോലെയുള്ള പഠനസാമഗ്രികൾ നിങ്ങൾ തന്നെ കൊണ്ടുവരണം. കാരണം അത്തരം വസ്തുവകകളൊന്നും ഞങ്ങൾ വീടുകളിൽ സൂക്ഷിക്കാറില്ല’’. 

 

കുട്ടികളെ പരിപാലിക്കുന്ന ജോലിക്ക്  ഇത്രയും വിചിത്രമായ ഡിമാൻഡുകൾ വയ്ക്കുന്നത് ബുദ്ധിശൂന്യമായ പ്രവൃത്തിയാണെന്നു പറഞ്ഞുകൊണ്ടാണ് ആളുകൾ ഈ അജ്ഞാത പോസ്റ്റ് പങ്കുവയ്ക്കുന്നത്. ഇതു വെറും ഭ്രാന്തൻ ചിന്തയല്ല, യാഥാർഥ്യത്തിലേക്കുള്ള നേർക്കാഴ്ചയാണെന്ന് മറ്റു ചിലർ പറയുന്നു. കുഞ്ഞുങ്ങളെ എത്ര നന്നായി പരിപാലിച്ചാലും ചില മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഇത്തരം വിചിത്രമായ പെരുമാറ്റങ്ങൾ ഉണ്ടാകാറുണ്ടെന്ന് മറ്റു ചിലർ പറയുന്നു.

 

Content Summary : Job listing nanny viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com