ADVERTISEMENT

നീണ്ട 22 വർഷത്തെ കാത്തിരിപ്പ് അവസാനിച്ച നിമിഷം. കാണാനേറെക്കൊതിച്ച അധ്യാപികയെ കൺനിറയെ കണ്ട്, അന്നോളം കാത്തുവച്ച ഒരുപാടൊരുപാട് കഥകൾ നിഷ ബിനോയി എന്ന പൂർവ വിദ്യാർഥിനി പറഞ്ഞപ്പോൾ ആ ധന്യനിമിഷത്തിന് നിമിത്തമായതിന്റെ നിറവിലായിരുന്നു പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ അധികൃതർ. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ കരിയർ ചാനൽ ആരംഭിച്ച ‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെയാണ് നിഷ ബിനോയി എന്ന തൊടുപുഴക്കാരി തന്റെ പ്രിയ ഗുരുനാഥ കത്രിക്കുട്ടി ടീച്ചറിനെ ഒരിക്കൽക്കൂടി നേരിൽക്കാണാനുള്ള ആഗ്രഹം പങ്കുവച്ചത്.

kathrikutty-teacher-with-nisha-and-family
നിഷയും കുടുംബവും കത്രിക്കുട്ടി ടീച്ചറിനൊപ്പം.

 

guru-darshanam
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടന്ന ഗുരുദർശനം എന്ന പരിപാടിയിൽ കത്രിക്കുട്ടി ടീച്ചറിനെ നിഷ ബിനോയ് പൊന്നാടയണിയിച്ച് ആദരിക്കുന്നു. മാനേജർ ഫാ.മാത്യു പാറത്തൊട്ടി, ഹെഡ്മാസ്റ്റർ സോണി തോമസ്, പിടിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ എന്നിവർ സമീപം.

‘കുട്ടിക്യൂറാ മണമില്ലാത്ത, കണ്ണുകളിൽ നക്ഷത്രങ്ങളില്ലാത്ത ശൂന്യത ബാക്കിവച്ച കത്രിക്കുട്ടി ടീച്ചർ; എവിടെയാണെങ്കിലും മകനൊപ്പം ഞാൻ തേടി വരും’ എന്ന തലക്കെട്ടോടെ ഗുരുസ്മൃതി എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാനിടയായ സ്കൂൾ അധികൃതരാണ്  ഗുരുദർശനം എന്ന പേരിൽ കത്രിക്കുട്ടി ടീച്ചറും നിഷ ബിനോയിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. അങ്ങനെ 2022 സെപ്റ്റംബർ 19 ന് ആ ഗുരുനാഥയും ശിഷ്യയും ഒരിക്കൽക്കൂടി കണ്ടുമുട്ടി. പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 90 കളിൽ അധ്യാപികയായിരുന്നു കത്രിക്കുട്ടി ടീച്ചർ. അതേ സമയത്ത് പ്രൈമറി ക്ലാസ് വിദ്യാർഥിനിയായിരുന്നു നിഷ. 

 

ഗുരുനാഥയെ ഒരിക്കലും കാണാൻ സാധിക്കാതെ വരുമോ എന്നൊരു ആശങ്ക ലേഖനത്തിൽ നിഷ പങ്കുവച്ചിരുന്നു. ആ വരികളിൽ നിഷയുടെ സങ്കടവും ഗുരുനാഥയെ ഒരിക്കൽക്കൂടി കാണാനുള്ള അടങ്ങാത്ത ആഗ്രഹവും തിരിച്ചറിഞ്ഞവരാണ് ഗുരു–ശിഷ്യ സമാഗമത്തിന് വേദിയൊരുക്കിയത്.  നിഷാ ബിനോയിയുടെ ഓർമക്കുറിപ്പ് ശ്രദ്ധയിൽ പെട്ട സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രഥമാധ്യാപകൻ സോണി തോമസിന്റെ നേതൃത്വത്തിലാണ് ഗുരു–ശിഷ്യ സംഗമത്തിന് വേദിയൊരുങ്ങിയത്. കൺനിറഞ്ഞ് പരസ്പരം കെട്ടിപ്പിടിച്ച് ആ ഗുരുവും ശിഷ്യയും ഒരിക്കൽക്കൂടി കണ്ടുമുട്ടിയ നിമിഷത്തെ നിറഞ്ഞ കൈയടികളോടെയാണ് സ്കൂൾ അധികൃതരും അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും ചേർന്ന് ആഘോഷമാക്കിയത്. വിദ്യാർഥികളുടെ അഭ്യർഥന മാനിച്ച് സദസ്സിനു മുന്നിൽ കവിത ചൊല്ലിയാണ് നിറഞ്ഞ മനസ്സോടെ നിഷ മടങ്ങിയത്.

 

Content Summary : Guru Smrithi Impact Nisha Binoy Met Her Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com