ഒരിക്കൽ സബ്മിറ്റ് ചെയ്യുന്ന പ്രിഫറൻസ് മാറ്റാനാകില്ല; ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇവ ശ്രദ്ധിക്കാം

Mail This Article
ന്യൂഡൽഹി ∙ സിയുഇടി– യുജി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന്റെ രണ്ടാംഘട്ട നടപടികൾക്കു തുടക്കമായി. ഏതു കോഴ്സ്, ഏതു കോളജ് എന്ന പ്രിഫറൻസ് നൽകേണ്ടത് ഈ ഘട്ടത്തിലാണ്. അടുത്തമാസം 10 വരെയാണു സമയം. ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ:
∙ ഒന്നിലേറെ കോളജുകളും കോഴ്സുകളും ഓപ്ഷനായി തിരഞ്ഞെടുക്കാൻ അവസരമുണ്ട്. എന്നാൽ, ഇതിന്റെ ക്രമം സൂക്ഷ്മതയോടെ തീരുമാനിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും മെറിറ്റ് സീറ്റ് അനുവദിക്കുക. ഒരിക്കൽ സബ്മിറ്റ് ചെയ്യുന്ന പ്രിഫറൻസ് പിന്നീട് മാറ്റാനാകില്ല.
∙ എങ്ങനെയാണ് മെറിറ്റ് പട്ടിക തയാറാക്കുകയെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിനു ബിഎ (ഓണേഴ്സ്) പൊളിറ്റിക്കൽ സയൻസാണെങ്കിൽ സിയുഇടി–യുജി ലിസ്റ്റ് എയിലെ ഒരു ഭാഷ, ലിസ്റ്റ് ബി1ലെ 2 വിഷയങ്ങൾ, ബി1, ബി2 എന്നിവയിലെ ഏതെങ്കിലും ഒരു വിഷയം ഇങ്ങനെ നാലു വിഷയങ്ങളുടെ നോർമലൈസ്ഡ് സ്കോർ ചേർത്താകും മെറിറ്റ് മാർക്ക് തയാറാക്കുക.
നാഷനൽ ടെസ്റ്റിങ് ഏജൻസി നൽകിയിരിക്കുന്ന സ്കോർ തന്നെയാണോ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.
മിഡ്–എൻട്രി അഡ്മിഷൻ
ആദ്യഘട്ട റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയെങ്കിലും എന്തെങ്കിലും കാരണത്താൽ അഡ്മിഷൻ തടസ്സപ്പെട്ടിരിക്കുന്നവർക്ക് മിഡ്–എൻട്രി അഡ്മിഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബിഎ (ഓണേഴ്സ്) സംഗീതം, ബിഎസ്‌സി ഫിസിക്കൽ എജ്യുക്കേഷൻ, ഹെൽത്ത് എജ്യുക്കേഷൻ, സ്പോർട്സ് എന്നീ കോഴ്സുകൾക്കും ഇസിഎ, സ്പോർട്സ് ക്വോട്ടയിലുള്ളവർക്കും ഇത്തരത്തിൽ പ്രവേശനം അനുവദിക്കില്ല.
പലർക്കും ആശയക്കുഴപ്പമുള്ളതിനാൽ പരാതി പരിഹാര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വെബിനാർ, ഹെൽപ്‌ലൈൻ ക്രമീകരിച്ചിട്ടുണ്ടെന്നും അഡ്മിഷൻസ് ഡീൻ ഹനീത് ഗാന്ധി അറിയിച്ചു.
Content Summary : DU UG Admission 2022: 2nd phase begins today