ADVERTISEMENT

കേരളത്തിലെ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്മെന്റിന് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നാളെ വൈകിട്ടു നാലിനകം ഓപ്ഷനുകൾ സമർപ്പിക്കണം. താൽപര്യമുള്ള കോഴ്സ്–കോളജ് കോംബിനേഷനുകൾ മുൻഗണനാക്രമം അനുസരിച്ച് ഓൺലൈനായി സമർപ്പിക്കുന്ന പ്രക്രിയയാണ് ഓപ്ഷൻ സമർപ്പണം. ഇതിന് 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണം; പട്ടിക, മറ്റ് അർഹ (ഒഇ) വിഭാഗക്കാർക്ക് 5000 രൂപ.

 

എൻആർഐ വിഭാഗക്കാർ സമർപ്പിച്ച രേഖകളിൽ പോരായ്മയുണ്ടെങ്കിൽ ഉടൻ പരിഹരിക്കണം. കാലാവധി കഴിഞ്ഞ / കഴിയുന്ന വീസ സമർപ്പിച്ചവർക്ക് ഇളവുണ്ട്. സത്യവാങ്മൂലം സമർപ്പിച്ചിട്ട്, കാലാവധിയുള്ള വീസയോ, വീസ പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ച രസീതോ രണ്ടാം അലോട്മെന്റിന്റെ അവസാന തീയതിക്കകം അപ്‌ലോഡ് ചെയ്താൽ മതി.

 

ഫീസ് അടയ്ക്കുന്നതും കോളജിൽ ചേരുന്നതും സംബന്ധിച്ചുള്ള നിർദേശങ്ങൾ പിന്നീട് സൈറ്റിൽ വരും. സർക്കാർ കോളജുകളിൽ 77,180 രൂപയാണു വാർഷിക ഫീസ്. ആദ്യഘട്ടത്തിൽ അലോട്മെന്റ് / പ്രവേശനം കിട്ടുന്നവർക്ക് പിഴ നൽകാതെ വിട്ടുപോകാം (ഫ്രീ എക്സിറ്റ്). ഇവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കില്ല. മോപ് അപ്പിൽ പുതിയ ഓപ്ഷൻ നൽകാം.

 

രണ്ടാം ഘട്ടത്തിൽ പുതിയ ഓപ്ഷൻ നൽകാൻ സൗകര്യമില്ല. പക്ഷേ ആദ്യം സമർപ്പിച്ച ഓപ്ഷനുകളുടെ ക്രമം മാറ്റാനും വേണ്ടാത്തവ നീക്കാനും അവസരമുണ്ട്. രണ്ടാം റൗണ്ടിൽ കോളജിൽ ചേർന്നവരെ തുടർറൗണ്ടുകളിൽ പരിഗണിക്കില്ല. അവരുടെ ലിസ്റ്റ് കേന്ദ്രത്തിന് അയയ്ക്കും. തുടർന്ന് ഇന്ത്യയിലെ മറ്റൊരു കോളജിലും ചേരാനും കഴിയില്ല. രണ്ടാം അലോട്മെന്റ് അനുസരിച്ച് കോളജിൽ ചേരാതിരിക്കുകയോ, ഒന്നാമത്തെയോ രണ്ടാമത്തെയോ ഘട്ടത്തിൽ ചേർന്ന സീറ്റ് മോപ്–അപ് വിജ്ഞാപനത്തിനുമുൻപു വിട്ടുപോകുകയോ ചെയ്യാം; പക്ഷേ സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. രണ്ടാം റൗണ്ടിൽ ചേരാനുള്ള അവസാനദിനത്തിനുശേഷം വിട്ടുപോകുന്നവരെ പിന്നീട് പരിഗണിക്കില്ല.

മോപ്–അപ് വിജ്ഞാപനത്തിനു ശേഷം സീറ്റ് വിട്ടാൽ സെക്യൂരിറ്റിത്തുക നഷ്ടപ്പെടും; വാർഷികഫീസിന്റെ 10% പിഴയടയ്ക്കണം; പിന്നീട് കൗൺസലിങ്ങിനു പരിഗണിക്കുകയുമില്ല.

 

2 മുഖ്യറൗണ്ടുകൾ കഴിഞ്ഞ് മോപ്–അപ് റൗണ്ടും, തുടർന്ന് കോളജ്തലത്തിൽ സ്ട്രേ വേക്കൻസി റൗണ്ടുമുണ്ട്. ഇവ സംബന്ധിച്ച വിവരങ്ങൾക്ക് പ്രോസ്പെക്ടസിലെ 38–44 പുറങ്ങൾ നോക്കുക. പുതിയ അറിയിപ്പുകൾക്ക് സൈറ്റ് കൂടെക്കൂടെ നോക്കണം. ഹെൽപ് ഡെസ്ക്: 0471– 2525300.

 

Content Summary : Options invited for PG Medical Courses Kerala 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com