കേരള എൻട്രൻസ് അലോട്മെന്റ് : ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റും ഉയർന്ന ഓപ്ഷനുകളും നഷ്ടപ്പെടും

students-fret-over-the-details-of-all-india-medical-ug-online-under-graduate-medical-dental-seats-first-round-allotment-process
Representative Image. Photo Credit : Farknot Architect / Shutterstocl.com
SHARE

കേരള എൻജിനീയറിങ്, ആർക്കിടെക്ചർ രണ്ടാം അലോട്മെന്റ് ആയിട്ടും ഫീസടയ്ക്കുന്നതു സംബന്ധിച്ച സംശയങ്ങൾ ബാക്കിയാണ്. ശ്രദ്ധയോടെ നീങ്ങേണ്ട സമയമാണിത്. 

∙ പ്രവേശനപരീക്ഷാ കമ്മിഷണർ ഓരോ റൗണ്ട് അലോട്മെന്റിനും വിവരങ്ങൾ www.cee.kerala.gov.in എന്ന സൈറ്റിലെ KEAM 2022 – Notifications ലിങ്കിൽ പ്രസിദ്ധപ്പെടുത്തും. വിദ്യാർഥിയുടെ ഹോംപേജിൽ വരുന്ന അലോട്മെന്റ് മെമ്മോയുടെ പ്രിന്റെടുക്കാം. ഇതിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട് ചെയ്തിട്ടുള്ള കോഴ്സ് / കോളജ് / കാറ്റഗറി, അടയ്ക്കേണ്ട ഫീസ് എന്നിവ കാണിച്ചിരിക്കും. ഫീസ് അടയ്ക്കേണ്ട അവസാന തീയതിയും സമയവും അലോട്മെന്റ് വിജ്ഞാപനത്തിലുണ്ടായിരിക്കും.

∙ നാം ഫീസ് അടയ്ക്കുന്നത് എൻട്രൻസ് പരീക്ഷാ കമ്മിഷണറുടെ അക്കൗണ്ടിലേക്കാണ്, കോളജിലേക്കല്ല എന്ന് ഓർക്കുക. ഓൺലൈനായോ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസുകൾ വഴിയോ ഫീസടയ്ക്കാം. കൃത്യസമയത്ത് ഫീസടയ്ക്കാത്തവർക്ക് ആ അലോട്മെന്റും ആ സ്ട്രീമിലെ ഉയർന്ന ഓപ്ഷനുകളും നഷ്ടപ്പെടും. വീണ്ടെടുക്കാൻ അവസരം കിട്ടില്ല. പക്ഷേ, എൻജിനീയറിങ് സ്ട്രീമിലെ അവസരം നഷ്ടപ്പെട്ട വിദ്യാർഥി മെഡിക്കൽ സ്ട്രീമിലേക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവിടെ പരിഗണിക്കപ്പെടും. വേണ്ടത്ര റാങ്കുണ്ടെങ്കിൽ മെഡിക്കൽ സ്ട്രീമിൽ അലോട്മെന്റ് കിട്ടുകയും ചെയ്യും.

∙ ആദ്യറൗണ്ടിൽ ഫീസ് അടച്ചവർക്ക് രണ്ടാം റൗണ്ടിൽ മറ്റൊരു അലോട്മെന്റ് കിട്ടിയാൽ എങ്ങനെയാണ് ഫീസ് നിശ്ചയിച്ചു തരിക എന്ന കാര്യത്തിൽ സംശയങ്ങളേറെ. രണ്ടാം റൗണ്ടിൽ കിട്ടിയ അലോട്മെന്റിന് ആദ്യ റൗണ്ടിന് ഉണ്ടായിരുന്നതിനെക്കാൾ കൂടുതലാണ് ഫീസ് എങ്കിൽ, വ്യത്യാസം വരുന്ന തുക മാത്രം അടയ്ക്കാനായിരിക്കും അലോട്മെന്റ് മെമ്മോയിൽ കാണിക്കുക. അതു കൃത്യസമയത്ത് പരീക്ഷാ കമ്മിഷണറുടെ പേരിൽ അടയ്ക്കുക. രണ്ടാം റൗണ്ടിലെ ഫീസ് ആദ്യത്തേതിനെക്കാൾ കുറവാണെങ്കിൽ പണമടയ്ക്കുകയേ വേണ്ട. ഈ അലോട്മെന്റാണ് അന്തിമമായി കിട്ടുന്നതെങ്കിൽ, നിങ്ങൾ കൂടുതലായി അടച്ചിട്ടുള്ള തുക, പ്രവേശനനടപടികൾ മുഴുവൻ പൂർത്തിയാക്കിക്കഴിഞ്ഞ് കമ്മിഷണർ മടക്കിത്തരും. രണ്ടാം റൗണ്ടിനു ശേഷം റൗണ്ടുണ്ടെങ്കിൽ ഇതേ തത്വം തുടരും. നിങ്ങൾ അവസാനമായി സ്വീകരിച്ചു ചേർന്ന കോഴ്സിന്റെ ഫീസ് മാത്രമേ ഈടാക്കൂ. ഈ തുകയാണ് ചേർന്ന കോളജിലേക്ക് കമ്മിഷണർ അയച്ചുകൊടുക്കുക. 

∙ കൂടുതലടച്ച തുക മടക്കിക്കിട്ടാൻ അപേക്ഷ നൽകേണ്ട.

∙ ആദ്യറൗണ്ട് അലോട്മെന്റ് സ്വകാര്യ സ്വാശ്രയ കോളജിലേക്കാണെങ്കിലും ഫീസ് പരിഗണിക്കുന്നത് ഇതേ രീതിയിൽത്തന്നെ. ഫീസടയ്ക്കുന്നത് കോളജിലേക്കല്ല, പരീക്ഷാ കമ്മിഷണറുടെ അക്കൗണ്ടിലേക്കാണെന്ന് ഓർക്കുക. സ്വകാര്യ കോളജിലെ അലോട്മെന്റിന് അടച്ച ഫീസ് സർക്കാർ / എയ്ഡഡ് കോളജിലേക്ക് തുടർന്നുള്ള അലോട്മെന്റിനും വകവച്ചു കിട്ടും. ബാക്കി തുക അടച്ചാൽ മതി.

ഫീ റീഫണ്ട് നിയമങ്ങൾ

എ) എഐസിടിഇ കോഴ്സുകൾ: എൻജിനീയറിങ്ങും ഫാർമസിയും ഈ വിഭാഗത്തിൽപെടും. ക്ലാസ് തുടങ്ങുന്നതിനു മുൻപ് വിദ്യാർഥി സ്ഥാപനം വിട്ടുപോയാൽ 1000 രൂപ പ്രവർത്തനച്ചെലവു കുറച്ച് ബാക്കി തിരികെത്തരും. സർട്ടിഫിക്കറ്റുകൾ പിടിച്ചുവയ്ക്കില്ല. ക്ലാസ് തുടങ്ങിയിട്ട് വിദ്യാർഥി വിട്ടുപോരുകയും, ആ ഒഴിവിൽ മറ്റൊരു വിദ്യാർഥി ചേരുകയും ചെയ്താൽ 1000 രൂപയും ഫീസടക്കം ആനുപാതികമായ മറ്റു ചെലവുകളും കുറച്ച്, ബാക്കി തുക തിരികെത്തരും. കോഴ്സ് വിട്ടുപോകുന്നത് ഏതു സമയത്തായാലും, തുടർവർഷങ്ങളിലേക്കുള്ള ഫീസ് ചോദിക്കാൻ കോളജിന് അധികാരമില്ല. വിട്ടുപോകാൻ അപേക്ഷിച്ച് 7 ദിവസത്തിനകം റീഫണ്ട് നൽകി, സർട്ടിഫിക്കറ്റുകൾ തിരികെ നൽകണം.

ബി) എഐസിടിഇയുടെ അല്ലാത്ത കോഴ്സുകൾ: പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ചെയ്യുന്ന തീയതിക്കു മുൻപ് പ്രവേശനം റദ്ദു ചെയ്ത് ടിസി വാങ്ങുന്നവർക്ക് ഫീ–റീഫണ്ടിന് അർഹതയുണ്ട്. പക്ഷേ, ഈ തീയതിക്കു ശേഷം കോഴ്സ് വിടുന്നവർക്ക് റീഫണ്ടില്ല, നഷ്ടപരിഹാരത്തുക നൽകുകയും വേണം. അവസാന റൗണ്ട് അലോട്മെന്റ് വാങ്ങിയിട്ട് അതനുസരിച്ചു ചേരാത്തവരും ഫീസ് നഷ്ടപ്പെട്ട് നഷ്ടപരിഹാരത്തുക നൽകണം.

നഷ്ടപരിഹാരത്തുക

സർക്കാർ / സ്വാശ്രയ മെഡിക്കൽ കോളജിൽ എംബിബിഎസിനു സർക്കാർ സീറ്റിൽ ചേർന്നിട്ട്, അവസാന അലോട്മെന്റിനു ശേഷം, അതേ അക്കാദമിക വർഷത്തിൽ വിട്ടുപോകുന്നപക്ഷം 10 ലക്ഷം രൂപ പിഴയടയ്ക്കണം; ബിഡിഎസിന് 5 ലക്ഷവും. തുടർന്ന് 2 വർഷം വരെ എൻട്രൻസ് പരീക്ഷാ കമ്മിഷണർ നടത്തുന്ന ഒരു പരീക്ഷയിലും അലോട്മെന്റിലും പങ്കെടുപ്പിക്കില്ല. പിഴയടയ്ക്കാത്തവരിൽനിന്ന് റവന്യു റിക്കവറി നിയമപ്രകാരം തുക ഈടാക്കും. ഇക്കാര്യത്തിൽ ജാതിയോ വരുമാനമോ പരിഗണിക്കില്ല.

മറ്റു കോഴ്സുകളുടെ കാര്യത്തിൽ വ്യവസ്ഥകൾ ഇത്ര കഠിനമല്ല. ഏതു വിഭാഗം കോളജായാലും, അവസാന അലോട്മെന്റിനു ശേഷം, അതേ അക്കാദമിക വർഷത്തിൽ വിട്ടുപോകുന്നപക്ഷം 75,000 രൂപ പിഴയടച്ചാൽ മതി. മറ്റ് അംഗീകൃത കോഴ്സിനു ചേരാനായി വിട്ടുപോകുന്ന പട്ടിക / ഒഇസി / കേരളീയ വിദ്യാർഥികളുടെ വാർഷിക കുടുംബവരുമാനം 75,000 രൂപയിൽ കുറവാണെങ്കിൽ ഈ പിഴ അടയ്ക്കേണ്ട.

Content Summary : KEAM second allotment : Note these points on fee payment, refund and penalty

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}