പഠിക്കാൻ പോകുന്നത് ‘ജീവൻ പണയം വച്ച്’ അലറിപ്പായുന്ന പുഴയെ അപകടകരമാം വിധം കടന്ന് വിദ്യാർഥിനി; വൈറൽ വിഡിയോ

HIGHLIGHTS
  • ഒരു കുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്.
  • ഒരു ചെറിയ നടപ്പാലം മതി ഈ കുട്ടികൾക്ക് സ്‌കൂളിലെത്താൻ.
viral-girl-crosses-river-using-zip-line-to-attend-school
Photo Credit: Twitter
SHARE

വിദ്യാഭ്യാസത്തിന്റെ വിലയിടിയാത്ത മൂല്യത്തെക്കുറിച്ച് കുട്ടികളോട് പറഞ്ഞുകൊടുക്കാത്ത മാതാപിതാക്കളുണ്ടാകില്ല. അധ്യാപകരും മുതിർന്നവരും ഇക്കാര്യം തന്നെ പലവട്ടം പലരൂപത്തിൽ കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നു. കുട്ടിക്കാലത്തുതന്നെ ഇതു മനസ്സിലാക്കുന്ന കുട്ടികൾ അറിവ് സ്വായത്തമാക്കി മികച്ച ഭാവിയിലേക്ക് ഉയരുന്നു. എന്നാൽ കുട്ടികൾക്കു പോലും വിദ്യാഭ്യാസം എത്ര അമൂല്യമാണെന്നു പറഞ്ഞുതരാനും കാണിച്ചുതരാനും കഴിയും. അതും ഒരു വിഡിയോയിലൂടെ. എന്നാൽ, ലോകത്തിന് എന്തെങ്കിലും പാഠം പഠിപ്പിച്ചുകൊടുക്കാൻ വേണ്ടിയല്ല അവരുടെ പ്രവൃത്തി. അതവരുടെ ആവശ്യവും അനിവാര്യതയുമാണെന്നതാണ് പ്രത്യേകത. വല അഫ്ഷർ ആണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പങ്കുവച്ചത്. 30 ലക്ഷത്തിലധികം പേർ ഇഷ്ടപ്പെട്ടുകയും പങ്കുവയ്ക്കുകയും ചെയ്ത വിഡിയോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

സ്‌കൂൾ യൂണിഫോമിലുള്ള ഒരു പെൺകുട്ടിയാണ് വിഡിയോയിലുള്ളത്. സ്‌കൂൾബാഗും പുറത്തുതൂക്കിയിട്ടുണ്ട്. എന്നാൽ കുട്ടിക്കു മുന്നിൽ അലറിപ്പായുന്ന  പുഴയാണ്. പുഴ കടക്കാൻ പാലമോ ഒരു തടിക്കഷ്ണമോ ഇല്ല. പുഴയുടെ ഇരുകരകളെയും ബന്ധിച്ച് ഒരു കയർ കെട്ടിയിട്ടുണ്ട്. കയറിൽ ഒരു വല കെട്ടിയിട്ടുണ്ട്. വലയിൽ തൂങ്ങിപ്പിടിച്ച് കുട്ടി പുഴ കടക്കുകയാണ്. മറുകരയിൽ വേറെ ഒരു കുട്ടി നിൽപ്പുണ്ട്. ആ കുട്ടി അപകടകരമായ ഇതേ രീതിയിൽ ആദ്യം പുഴ കടന്നതാകണം . അദ്ഭുതത്തേക്കാളേറെ ആശങ്കയോടുകൂടി മാത്രമേ ഈ ദൃശ്യം കണ്ടിരിക്കാനാവൂ. 

പുരോഗതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും അത്യന്താധുനിക സാങ്കേതിക വിദ്യയെക്കുറിച്ചും മേൻമ പറയുന്ന ഒരു ലോകത്തുതന്നെയാണ് ഇതു നടക്കുന്നത് എന്നതാണ് യാഥാർഥ്യം. വിദ്യാഭ്യാസം ഏതാണ്ടെല്ലാവർക്കും ലഭിക്കുന്ന ഒരു ലോകത്ത് ജീവിക്കാൻ കഴിഞ്ഞതിനാൽ നമ്മൾ ഭാഗ്യവാൻമാരാണ്. വിഡിയോ പങ്കുവച്ചുകൊണ്ട് അഫ്ഷർ എഴുതുന്നു. എന്നാൽ ലോകത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും സ്വന്തം ജീവൻ പണയം വച്ചാണ് കുട്ടികൾ സ്‌കൂളിൽ പോകുന്നത്.വിഡിയോ കണ്ട മിക്ക ആൾക്കാരും കമന്റ് എഴുതുന്നുണ്ട്.

സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലുള്ളവരും കുട്ടികൾക്കു വേണ്ടി കഴിയുന്നത്ര സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. കാരണം ഒന്നേയുള്ളൂ. വിദ്യാഭ്യാസത്തിന് അത്രമാത്രം പ്രാധാന്യമാണ് അവർ കൊടുക്കുന്നത്. അറിവു നേടുന്നതിലൂടെ മാത്രമേ രക്ഷപ്പെടാൻ കഴിയൂ എന്നവർ മനസ്സിലാക്കിയിരിക്കുന്നു. മാതാപിതാക്കൾ വിദ്യാഭ്യാസമില്ലാത്തവരാണെങ്കിൽപ്പോലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനുവേണ്ടി കഠിനമായി അധ്വാനിക്കുന്നു എന്നാണ് ഒരാൾ എഴുതിയത്.

ഈ കുട്ടികളുടെ പ്രവൃത്തി തികച്ചും തെറ്റാണ്. എത്രമാത്രം അപകടകരമാണ് ഇവരുടെ പ്രവൃത്തി. ഇതനുവദിക്കാതെ ഇവർക്ക് സ്‌കൂളിൽ പോലും പാലം നിർമിച്ചുകൊടുക്കാൻ ആരുമില്ലേ എന്ന് ഒരാൾ ചോദിക്കുന്നു.സർക്കാരും പ്രാദേശിക ഭരണകൂടവും നാട്ടുകാരും കൂടി വിചാരിച്ചാൽ ഇതിന് പരിഹാരം കാണാവുന്നതല്ലേ. ഈ കുട്ടികൾ ഇങ്ങനെ യാത്ര ചെയ്യുന്നത് ആരും കാണുന്നില്ലേ എന്നാണ് ഒരാളുടെ ചോദ്യം. വിഡിയോ ഏതു രാജ്യത്തുനിന്നുള്ളതാണെന്ന് വ്യക്തമല്ല. ആരാണ് പകർത്തിയതെന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, അഫ്ഷർ പങ്കുവച്ച വിഡിയോ ഇപ്പോഴും സൂപ്പർ ഹിറ്റായി പങ്കിവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ലോകത്തിന്റെ നേട്ടങ്ങളിൽ അഭിമാനിക്കാനും സന്തോഷിക്കാനും ഏറെയുണ്ടെങ്കിലും സ്‌കൂളിൽപ്പോകാൻ കുട്ടികൾ ഇത്ര ബുദ്ധിമുട്ടുന്നു എന്നത് എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. ഒരുകാലത്തും ഒരിടത്തും ഒരു കുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. കുട്ടികളുടെ അപകടകരമായ പ്രവൃത്തി ആരും കാണാതിരിക്കുകയും അപകടം സംഭവിച്ചിട്ടുമാത്രം ഉണരുകയുമാണ് ചെയ്യുന്നതെങ്കിൽ അതെത്രമാത്രം വലിയ ദുരന്തമായിരിക്കും, ഒരു ചെറിയ നടപ്പാലം മതി ഈ കുട്ടികൾക്ക് സ്‌കൂളിലെത്താൻ. ഒരു പക്ഷേ പാലം വന്നാൽ വേറെയും കൂട്ടികൾ സ്‌കൂളിലേക്കു വരാനും തയാറായേക്കും. കൊച്ചുകുട്ടികൾക്ക് ഈ യാത്ര അസാധ്യമാണല്ലോ. അവർ എങ്ങനെയായിരിക്കും സ്‌കൂളിൽ പോകുക. അതോ അവർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും വിഡിയോ ഉയർത്തുന്നു. 

Content Summary : Viral-  Girl Crosses River Using Zip Line to Attend School

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS