ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച 100 മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്ത്യയുടെ അഭിമാനമായ ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. ദ് അസോസിയേഷൻ ഓഫ് എംബിഎഎസിന്റെ (എഎംബിഎ) ട്രിപ്പിൾ അക്രഡിറ്റേഷൻ ഈ സ്ഥാപനത്തിന്റെ തൊപ്പിയിൽ ചാർത്തിയ ഏറ്റവുമൊടുവിലത്തെ പൊൻതൂവലാണ്. ലോകനിലവാരത്തിലുള്ള മറ്റു മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ അസോസിയേഷനുകളും ഇൻഡോർ ഐഐഎമ്മിനു കൊടുക്കുന്നത് ഏറ്റവും മികച്ച റേറ്റിങ് തന്നെയാണ്. ഈ നിലയിലേക്ക് സ്ഥാപനത്തെ ഉയർത്തിയത് പ്രഫസർ ഹിമാൻഷു റായ് ആണ്. ഇൻഡോർ ഐഐഎം ഡയറക്ടർ ആകുന്നതിനുമുമ്പ് വിദേശ സർവകലാശാലകളിൽ ഉൾപ്പെടെ പ്രഫസർ ആയിരുന്ന അദ്ദേഹം, ടാറ്റ സ്റ്റീൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിനെ സഹായിക്കുന്നതിനൊപ്പം വേൾഡ് ബാങ്കിന്റെ കൺസൽറ്റന്റുമാണ്. ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകളെക്കുറിച്ചും മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിലെ മാറ്റങ്ങളെക്കുറിച്ചും ഹിമാൻഷു റായ് ‘ദ് വീക്ക്’ ലേഖകൻ അഭിനവ് സിങ്ങുമായി സംസാരിക്കുന്നു.

 

∙ ലോകത്തെ മികച്ച സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2022 ൽ ഇന്ത്യയിലെ ബിസിനസ് സ്ഥാപനങ്ങളുടെ നിലവാരം എങ്ങനെയുണ്ട്?

 

ആഗോള ബിസിനസ് സ്‌കൂൾ റാങ്കിങ്ങിൽ ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ ഇടംപിടിക്കുന്നത് അടുത്തിടെ നാം കണ്ടു. മികച്ച എംബിഎ പഠന സൗകര്യം ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ടൈംസ് റാങ്കിങ്ങിലെ ആദ്യത്തെ നൂറെണ്ണത്തിൽ ഇന്ത്യയിൽ നിന്നുള്ള 7 ബിസിനസ് സ്‌കൂളുകൾ ആണ് ഇടംപിടിച്ചത്. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ലോക റാങ്കിങ്ങിൽ ഉൾപ്പെടുന്ന രാജ്യത്തെ സ്ഥാപനങ്ങളുടെ എണ്ണം ഉയരുകയാണ്. ഇത് ശുഭപ്രതീക്ഷ നൽകുന്നു. 2023 ലേക്കുള്ള ക്യുഎസ് ഗ്ലോബൽ എംബിഎ റാങ്കിങ്ങിൽ പത്തോളം ഇന്ത്യൻ സ്‌കൂളുകൾ ഇടംപിടിച്ചിട്ടുമുണ്ട്. ഇന്ത്യൻ സ്ഥാപനങ്ങളുടെ നിലവാരം കൂടുന്നെന്നും ലോകത്തെ മികച്ച സ്ഥാപനങ്ങളോട് കിടപിടിക്കാവുന്ന അവസ്ഥയിൽ എത്തുന്നുവെന്നുമാണ് ഇത് കാണിക്കുന്നത്.

 

∙ ലോകത്തെ മികച്ച സ്ഥാപനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ എവിടെയാണ് വ്യത്യാസം, പഠ്യപദ്ധതിയിലോ അധ്യാപനരീതിയിലോ ? 

 

ലോകത്തെ മുൻനിര സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഇന്ത്യൻ ബിസിനസ് സ്‌കൂളുകൾ ഇടംപിടിക്കുന്നത് പുതിയ പ്രവണതയാണ്. ഇതിനു കാരണം പാഠ്യപദ്ധതി പരിഷ്‌കരണം മാത്രമല്ല. വിദ്യാർഥികൾ ഇന്ന് ഒരു രാജ്യത്തു മാത്രം ഒതുങ്ങിനിൽക്കുന്നവരല്ല. അധ്യാപന രീതിയിലുള്ള മാറ്റം മറ്റൊരു ഘടകമാണ്. പാഠ്യപദ്ധതി ലോക നിലവാരമനുസരിച്ച് മാറുന്നതും പ്രധാനമാണ്. സാങ്കേതികമായും അടിസ്ഥാന സൗകര്യത്തിലും നിലവാരം മെച്ചപ്പെടുന്നതിന്റെ ഗുണം കാണാതിരിക്കാനാവില്ല. പുതിയ തൊഴിൽ സാധ്യതകൾ ഉരുത്തിരിഞ്ഞുവരുന്നു. പഠിച്ചിറങ്ങുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നു. ഇങ്ങനെ ഒട്ടെറെ ഘടകങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. എന്തെങ്കിലുമൊക്കെ മാറ്റം വരാൻ വേണ്ടി കാത്തിരിക്കുന്നതിനു പകരം, മാറ്റങ്ങൾ സൃഷ്ടിക്കാനും അതനുസരിച്ച് സ്ഥാപനത്തിന്റെയും വിദ്യാർഥികളുടെയും നിലവാരം മെച്ചപ്പെടുത്താനും മാനേജ്‌മെന്റുകൾ ശ്രമിക്കുന്നതും എടുത്തുപറയേണ്ട മറ്റൊരു ഘടകമാണ്.

 

∙ ഹാർവഡ് ബിസിനസ് സ്‌കൂൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളുമായി ഇന്ത്യൻ ബിസിനസ് സ്‌കൂളുകളെ താരതമ്യപ്പെടുത്താൻ കഴിയുമോ? 

 

1908 ലാണ് ഹാർവഡ് ബിസിനസ് സ്‌കൂൾ സ്ഥാപിക്കുന്നത്. ഇന്ത്യയിൽ ആദ്യത്തെ ഐഐഎം നിലവിൽ വരുന്നത് 1961 ലും. അതുകൊണ്ടുതന്നെ രണ്ടു സ്ഥാപനങ്ങളെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറെ വർഷങ്ങളിൽ ബിസിനസ് മാനേജ്‌മെന്റ് പഠനത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണു വന്നത്. വികസിത രാജ്യങ്ങളുടെ സാമ്പത്തിക രംഗങ്ങളിൽ അഭൂതപൂർവമായ മാറ്റങ്ങൾ സംഭവിച്ചപ്പോൾ, നിർമാണത്തിൽനിന്നു സേവനങ്ങളിലേക്ക് ശ്രദ്ധ മാറുകയുണ്ടായി. പാരമ്പര്യ മേഖലയിലെ അറിവിൽനിന്ന്, പ്രായോഗിക പരിജ്ഞാനത്തിന് ഊന്നൽ കൊടുക്കുന്ന സാങ്കേതിക, ശാസ്ത്ര വിദ്യാഭ്യാസത്തിലേക്കും ചുവടു വച്ചുകഴിഞ്ഞു. നമ്മുടെ രാജ്യത്തെ സ്ഥാപനങ്ങളും ഈ നിലയിൽ മാറുകയും വളരുകയുമാണ്.

 

∙ ഇന്ത്യൻ ബിസിനസ് സ്‌കൂളുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ്? 

 

വ്യത്യസ്ത സ്ഥാപനങ്ങൾക്കുവേണ്ടിയും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ചും യുവാക്കളെ തയാറാക്കുകയാണ് മാനേജ്‌മെന്റ് സ്‌കൂളുകൾ ചെയ്യുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത ഭൂമിശാസ്ത്രപരമായും സാമൂഹികമായുമുള്ള വ്യത്യസ്തതയാണ്. മാനവശേഷിയുടെ കാര്യത്തിലും നമ്മുടെ രാജ്യം മറ്റാർക്കും പിന്നിലല്ല. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് ഇനിയുമുള്ള സാധ്യതയാണ് മറ്റൊരു പ്രധാന സവിശേഷത. ഇതു രണ്ടും ഇന്ത്യയെ മറ്റു രാജ്യങ്ങിൽനിന്നു വേറിട്ടു നിർത്തുന്നു.

 

∙ ഇന്ത്യൻ ബിസിനസ് സ്‌കൂളുകൾ ഇനി ഏതു രംഗങ്ങളിലാണ് മെച്ചപ്പെടേണ്ടത്? 

 

വെല്ലുവിളികൾ ഒട്ടേറെയുണ്ട്. വിദേശത്തുനിന്നുള്ള വിദഗ്ധരായ അധ്യാപകരെ നമുക്ക് ആവശ്യമുണ്ട്. വിദേശ വിദ്യാർഥികൾ ഇവിടെ പഠിക്കാൻ എത്തേണ്ടതും അത്യാവശ്യമാണ്. ഉന്നതവിദ്യാഭ്യാസത്തിനു ലഭിക്കുന്ന അവസരം, പഠനച്ചെലവ് എന്നിവ ആശങ്കയുളവാക്കുന്ന ഘടകങ്ങളാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ നൽകുക എന്നതായിരിക്കും പുതിയ കാലത്ത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

 

∙ വിദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങൾക്ക് ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും വലിയ പ്രാധാന്യം കൊടുക്കുന്നത് എന്തുകൊണ്ടാണ്? കൂടുതൽ തൊഴിലവസരം ലഭിക്കുന്നതുകൊണ്ടാണോ? 

 

മികച്ച ജോലി ലഭിക്കുന്നതു മാത്രമാണ് പ്രധാനം എന്നുപറയാനാവില്ല. യൂറോപ്യൻ, അമേരിക്കൻ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ബിസിനസ് സ്‌കൂളുകളാണ് ഉദ്യോഗാർഥികൾക്കു കൂടുതൽ മികച്ച തൊഴിലവസരം നൽകുന്നതെന്നാണ് എന്റെ അഭിപ്രായം. ഐഐഎമ്മിലെ വിദ്യാർഥികൾക്കു ലഭിക്കുന്ന തൊഴിൽ അവസരത്തിലും ഇന്ത്യ തന്നെയാണ് മുന്നിൽ. അതുകൊണ്ടുതന്നെ ഇന്ത്യൻ വിദ്യാർഥികൾ വിദേശ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് മറ്റു പരിഗണകളുടെ പേരിൽ ആയിരിക്കും. അടുത്ത 10 വർഷം സംഭവിക്കാൻ പോകുന്ന ഏറ്റവും വലിയ മാറ്റം, ബിസിനസ് മാനേജ്‌മെന്റ് സ്കൂളുകൾ പരസ്പരം മത്സരിക്കുന്നതു നിർത്തി സഹകരണത്തോടെ പ്രവർത്തിക്കാൻ തുടങ്ങും എന്നതാണ്. കഴിവുറ്റ ഉദ്യോഗാർഥികൾക്കുവേണ്ടിയുള്ള ആവശ്യം കൂടുന്നതോടെ ലോകത്തെ എല്ലാ സ്ഥാപനങ്ങൾക്കും പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നേറേണ്ടിവരും. വിദ്യാർഥികളുടെ കൈമാറ്റം, ഗവേഷണത്തിലെ സഹകരണം എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരിക്കും.

 

Content Summary : Interview with Himanshu Rai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com