പിഎസ്സി നിയമന ശുപാർശ ചെയ്യുന്ന ഉദ്യോഗാർഥികളുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് കെഎസ് ആൻഡ് എസ്എസ്ആറിലെ റൂൾ 27 (സി) പ്രകാരമാണ്. പിഎസ്സി നൽകുന്ന നിയമന ശുപാർശാ ലിസ്റ്റിൽ രണ്ടോ അതിൽക്കൂടുതലോ ഉദ്യോഗാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ ആപേക്ഷിക സീനിയോറിറ്റി അവരുടെ പേരുകൾ ക്രമീകരിച്ച ക്രമത്തിലായിരിക്കണം. എന്നാൽ, നിയമന ഉത്തരവിന്റെ തീയതി മുതൽ 3 മാസത്തിനപ്പുറം ജോലിയിൽ പ്രവേശിക്കാൻ സമയം നീട്ടിക്കിട്ടിയ ഉദ്യോഗാർഥികളുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് ജോലിയിൽ പ്രവേശിച്ച തീയതിയുടെ അടിസ്ഥാനത്തിലാണ്.
പിഎസ്സിയുടെ നിയമന ശുപാർശ നിലവിലിരിക്കേ മറ്റേതെങ്കിലും തരത്തിൽ വേറെ ആർക്കെങ്കിലും നിയമനം നൽകിയാലും നിയമന ശുപാർശയിൽ പേരുള്ളവരുടെ താഴെയായി മാത്രമേ അവർക്കു സീനിയോറിറ്റി നൽകൂ. ഓരോ ദിവസവും ലഭിക്കുന്ന ഒഴിവുകളെ പ്രത്യേകം യൂണിറ്റുകളായി കണക്കാക്കിയാണു പിഎസ്സി നിയമന ശുപാർശ നൽകുന്നത്. എന്നാൽ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതിവരെ ലഭിച്ച ഒഴിവുകൾ ക്ലബ് ചെയ്ത് ഒന്നായി കണക്കാക്കി ഇരുപതിന്റെ യൂണിറ്റായി തരംതിരിച്ച് ഒറ്റ ദിവസംതന്നെ നിയമന ശുപാർശ െചയ്യും. പിഎസ്സി നിയമന ശുപാർശ ചെയ്യുന്ന കത്തിന്റെ തീയതിയാണ് സീനിയോറിറ്റി നിശ്ചയിക്കാൻ മാനദണ്ഡമായി കണക്കാക്കാറുള്ളത്.
Content Summary : How seniority is determined in Kerala PSC