കൊച്ചി ∙ എസ്ഐ സിലക്ഷനു വേണ്ടി പിഎസ്സി 22നു നടത്താനിരുന്ന പരീക്ഷയ്ക്കു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) അനുവദിച്ച സ്റ്റേ ഹൈക്കോടതി നീക്കി. എന്നാൽ പരീക്ഷാ നടത്തിപ്പും തുടർന്നുള്ള സിലക്ഷൻ നടപടികളും ട്രൈബ്യൂണലിന്റെ അന്തിമവിധിക്കു വിധേയമാകുമെന്നു കോടതി വ്യക്തമാക്കി.
സ്റ്റേ ഉത്തരവിനെതിരെ പിഎസ്സി നൽകിയ ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പിഎസ്സി 2019 ഡിസംബർ 30നാണ് എസ്ഐ (ട്രെയ്നി) നിയമനത്തിനു വിജ്ഞാപനം ഇറക്കിയത്. ഒരുലക്ഷത്തിലേറെ അപേക്ഷകരിൽ നിന്ന് പ്രാഥമിക പരീക്ഷ നടത്തി 6,336 പേരുടെ ലിസ്റ്റ് ഉണ്ടാക്കി.
ഇവർക്ക് 22നു മെയിൻ പരീക്ഷ വച്ചു. എന്നാൽ പ്രാഥമിക പരീക്ഷയുടെ കാര്യം വിജ്ഞാപനത്തിൽ ഉണ്ടായിരുന്നില്ലെന്നു കാണിച്ച് ഒരുകൂട്ടം ഉദ്യോഗാർഥികൾ നൽകിയ ഹർജികളിലാണു കെഎടി സ്റ്റേ അനുവദിച്ചത്. പരീക്ഷ നടത്താൻ പിഎസ്സി സജ്ജമാണെന്നിരിക്കെ, സ്റ്റേ മൂലം പരീക്ഷയ്ക്കു യോഗ്യത നേടിയവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കെഎടി പരിഗണിക്കേണ്ടതായിരുന്നു എന്നു കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, തങ്ങളെക്കൂടി പരീക്ഷ എഴുതാൻ അനുവദിക്കണം എന്നല്ലാതെ പരീക്ഷ മാറ്റണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ കെഎടിയുടെ സ്റ്റേ ഉത്തരവു ഭേദഗതി ചെയ്യുകയാണെന്നു കോടതി പറഞ്ഞു. കെഎടിയിലെ കേസ് 3 മാസത്തിനകം തീർപ്പാക്കണമെന്നും നിർദേശിച്ചു.
പിഎസ്സി പരീക്ഷ 22 നു തന്നെ
തിരുവനന്തപുരം∙ പൊലീസ് സബ് ഇൻസ്പെക്ടർ (സിവിൽ / ആംഡ്) തസ്തികയിലേക്ക് നവംബർ 22 ന് നടത്താൻ നിശ്ചയിച്ച പിഎസ്സി പരീക്ഷയ്ക്കു മാറ്റമില്ല. പരീക്ഷ സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് മുൻനിശ്ചയപ്രകാരം പരീക്ഷ നടത്തുന്നത്.