ADVERTISEMENT

ആഴ്ചയിൽ രണ്ടു ദിവസം  അവധി, രണ്ടു മാസം വെക്കേഷൻ, ഓണത്തിനും ക്രിസ്മസിനും  പത്തു ദിവസം അവധി.. ഇങ്ങനെ സ്കൂൾ അധ്യാപകരുടെ ജോലി വളരെ എളുപ്പമാണെന്ന തെറ്റിദ്ധാരണയാണ് പലർക്കും.  ഇക്കാലത്ത് അധ്യാപകർക്കും പ്രധാനാധ്യാപകർക്കും ജോലി തീരുന്നേയില്ല... ജോലി തീർക്കാൻ സമയം കിട്ടുന്നേയില്ല...ടെൻഷൻ മാറുന്നേയില്ല... എന്നാൽ അതിനൊത്ത  വരുമാനവുമില്ല.

 

 

കോട്ടയം ∙ ജോലി സമ്മർദം താങ്ങാനാവാതെ വൈക്കം പോളശേരി ഗവ.എൽ പി സ്കൂൾ പ്രധാന അധ്യാപിക ജീവനൊടുക്കിയത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുമ്പോഴും, ആ സമ്മർദത്തിലൂടെ ദിനവും കടന്നു പോകുന്ന ഒട്ടേറെ അധ്യാപകർ നമുക്കിടയിലുണ്ട്. മാനസിക പിരിമുറുക്കവും, സാമ്പത്തിക ഉത്തരവാദിത്തവും കാരണം സ്ഥാനക്കയറ്റം വേണ്ടെന്നു വയ്ക്കുന്ന അധ്യാപകരുമുണ്ട്. ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയാമെങ്കിലും വിദ്യാഭ്യാസ വകുപ്പ് തിരിഞ്ഞു നോക്കുന്നില്ല. അധ്യാപനത്തിനു പുറമേ അവരിനിയുമെത്ര ഭാരം ചുമക്കണം?

 

∙ ഉച്ചഭക്ഷണമെന്ന ഭീഷണി

 

സർക്കാർ, എയ്ഡഡ് സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതല വഹിക്കുന്ന പ്രധാനാധ്യാപകർ കുരുന്നുകളുടെ അന്നം മുട്ടാതിരിക്കാൻ സ്വന്തം വരുമാനത്തിലെ പങ്കെടുത്തു ചെലവാക്കുകയാണു പതിവ്. പലപ്പോഴും 3 മാസം കഴിഞ്ഞേ ചെലവാക്കിയ തുക തിരിച്ചു കിട്ടൂ. ഒരു കുട്ടിക്ക് 8 രൂപയാണു സർക്കാർ നൽകുക. മാസം ശരാശരി 20 പ്രവൃത്തി ദിനങ്ങൾ ഉണ്ടെങ്കിൽ ഒരാൾക്കു കിട്ടുന്ന തുക 160 രൂപ മാത്രം. ഈ തുക കൊണ്ട് എല്ലാ ദിവസവും രണ്ടു കറികളോടു കൂടിയ ഊണ്, ആഴ്ചയിൽ രണ്ടു ദിവസം പാൽ, ആഴ്ചയിലൊരിക്കൽ മുട്ട എന്നിവ കൊടുക്കണം. കുറഞ്ഞത് 2 പാചകവാതക സിലിണ്ടറിനുള്ള ചെലവും. കാലതാമസം മാത്രമല്ല, കിട്ടുന്നതിലും ഇരട്ടി ചെലവു വരുന്നുണ്ടെ ന്നതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണു പ്രധാനാധ്യാപകർ. 300 വിദ്യാർഥികളിലും കൂടുതലുണ്ടെങ്കിൽ 15,000 രൂപ വരെ ഒരു മാസം ചെലവാക്കേണ്ട സാഹചര്യമുണ്ട്. പ്രഭാത ഭക്ഷണം കൂടി തുടങ്ങിയാൽ ശമ്പളം മുഴുവൻ കൊടുക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നു.

 

∙ പരിപാടികൾ പലവിധം ചെലവൊരു വിധം

 

ശിശുദിനം, ലഹരി വിരുദ്ധ പരിപാടികൾ, കലോത്സവം എന്നിങ്ങനെ പരിപാടികൾ നടത്താൻ സർക്കുലർ വന്നു പരിപാടിയും നടത്തി മാസങ്ങൾ കഴിഞ്ഞേ ഫണ്ട് കിട്ടൂ. അടിയന്തരമായ നിർമാണ ചെലവുകളും വഹിക്കണം. സ്കൂൾ വാഹനമുണ്ടെങ്കിൽ അതിന്റെ അറ്റകുറ്റപ്പണി, ഇന്ധന ചെലവ്, ‍ഡ്രൈവർക്കും ആയയ്ക്കുമുള്ള ശമ്പളം എന്നിങ്ങനെയുള്ള ചെലവു വേറെ.

 

∙ജോലിയിൽ കയറ്റം ശമ്പളം നിശ്ചലം

 

എൽപി സ്കൂൾ പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കുന്നവർക്കു ചുമതല കൂടുമ്പോഴും ശമ്പളം ക‍ൂടുന്നില്ല. പ്രൈമറി അധ്യാപക ശമ്പളം തന്നെയാണു കഴിഞ്ഞ വർഷങ്ങളിൽ പ്രധാനാധ്യാപകർ ആകുന്നവർക്കും കിട്ടുന്നത്. ഈ ശമ്പളത്തിൽ നിന്നാണ് മറ്റു ചെലവുകൾക്കും കാശു വകയിരുത്തുന്നത്.

 

∙ പദവി ഒന്ന്, ചുമതലകൾ പലത്

 

അധ്യാപനത്തിനു പുറമേ ഉച്ച ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങുക, റിപ്പോർട്ടുകൾ തയാറാക്കുക, സ്കൂൾ പരിസരം വൃത്തിയാക്കുക തുടങ്ങി സർക്കാർ എയ്ഡഡ് എൽപി സ്കൂൾ പ്രധാനാധ്യാപകർ ചെയ്യാത്ത ജോലിയില്ല. എൽപി, യുപി പ്രധാനാധ്യാപകർക്കുള്ള ക്ലാസ് ചുമതലയ്ക്കു പുറമേ മറ്റ് അധ്യാപകരുടെ ക്ലാസ് മോണിറ്ററിങ്, അഡ്മിഷൻ, ടിസി തുടങ്ങിയ 56 റജിസ്റ്ററുകളുടെ ചുമതലയുമുണ്ട്. കുട്ടികളുടെ എണ്ണക്കുറവ്, എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് പരീക്ഷകൾ, കലാമേള, കായിക മേള എന്നിവയിലെ സ്കൂളിന്റെ നിലവാരവും ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു. എൽപി സ്കൂൾ തലത്തിൽ ക്ലറിക്കൽ, അറ്റൻഡർ തസ്തിക അനുവദിക്കാത്തിടത്തോളം അമിത ചുമതലകളിൽ വലയുന്ന സ്ഥിതി തു‍ടരും.

 

പുതിയ പോസ്റ്റിങ് അനുവദിക്കാത്തതിനാൽ അധ്യാപകർക്ക് ഒരേ സമയം പല വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നു. ബഡ്സ് സ്കൂൾ അധ്യാപകരുടെ സ്ഥിതി ഇതിലും ഗുരുതരം. സർക്കാർ ബഡ്സ് സ്കൂളുകൾക്കായി പഞ്ചായത്തിലേക്കു പ്രത്യേക ഫണ്ട് വകയിരുത്താത്തതിനാൽ ഫിസിയോ തെറപ്പി കൗൺസലിങ് തുടങ്ങിയ ചുമതലകൾ പോലുമുണ്ട്. കോവിഡിനു മുൻപ് 34,000 രൂപയായിരുന്ന ബഡ്സ് സ്കൂൾ അധ്യാപകർക്കുള്ള ശമ്പളം നേർപകുതിയായി.

 

∙സ്ഥാന നഷ്ടങ്ങൾ

 

കുട്ടികൾ കുറവാണെന്നു കാണിച്ചു സ്പെഷൽ അധ്യാപകരുടെയും കായിക അധ്യാപകരുടെയും തസ്തിക നീക്കം ചെയ്തു സ്ഥലംമാറ്റം കൊടുക്കുന്നു. മറ്റു സ്കൂളുകളിൽ ഒഴിവില്ലെങ്കിൽ ജോലി തന്നെ നഷ്ടമാവും. പിഎച്ച്ഡി വരെ നേടിയ കായികാധ്യാപകർ യുപി ശമ്പളത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ ജോലി ചെയ്യുന്നു.

 

∙റിപ്പോർട്ടിങ് എന്ന തലവേദന

 

സമഗ്ര ശിക്ഷ കേരള പരിപാടികളുടെ റിപ്പോർട്ടിങ്, സ്കൂൾ പരിപാടികളുടെ റിപ്പോർട്ടിങ്, അനുവദിക്കേണ്ട ഫണ്ട് എഴുതിയെടുക്കുക, പാഠ്യ പദ്ധതി പരിഷ്കരണ പാഠാവലി തയാറാക്കുക എന്നിങ്ങനെ ഒരേ സമയം പല റിപ്പോർട്ടുകളുടെ പുറകേയാണ് അധ്യാപകർ. റിപ്പോർട്ടുകൾ മെയിൽ ചെയ്യുന്നത് കൂടാതെ വിവിധ ഓഫിസുകളിലേക്കു പ്രിന്റും നൽകണം. സമയബന്ധിതമായ റിപ്പോർട്ടിങ്ങിനോട് എതിർപ്പില്ലെങ്കിലും അവസാന നിമിഷത്തിൽ എഇഒമാർ ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ കടുത്ത മാനസിക സമ്മർദമാണ് സൃഷ്ടിക്കുന്നത്.

 

 

ഉച്ച ഭക്ഷണത്തിനുള്ള തുക മുൻകൂറായി കൊടുക്കാനുള്ള നടപടിയുണ്ടാകണം. വിലക്കയറ്റം കണക്കാക്കാതെ വർഷങ്ങളായി ഒരു കുട്ടിക്ക് ഉച്ച ഭക്ഷണത്തിനായി 8 രൂപ എന്ന നിരക്ക് പരിഷ്കരിക്കണം.

 

∙ വി.ഡി ഏബ്രഹാം 

കെപിഎസ്ടിഎ 

ഇടുക്കി ജില്ലാ പ്രസിഡന്റ്

 

 

 

വിദ്യാഭ്യാസ വകുപ്പ് അധ്യാപകരോട് നിഷേധാത്മക സമീപനമാണു സ്വീകരിക്കുന്നത്. ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയാതെ വരുന്നവർക്ക് അതിൽ നിന്ന് ഒഴിവാക്കാൻ സംവിധാനങ്ങൾ നിലനിൽക്കെ അതനുവദിച്ചു കൊടുക്കാത്തതാണ് ഇത്തരം സന്ദർഭങ്ങളിലേക്കു നയിക്കുന്നത്.

 

∙വർഗീസ് ആന്റണി

കെപിഎസ്ടിഎ

കോട്ടയം ജില്ലാ പ്രസിഡന്റ്

 

 

 

ഞാനൊരു ഇടതുപക്ഷ അധ്യാപക സംഘടനാ അംഗമാണ്. ഇപ്പോൾ സർക്കാർ വിദ്യാഭ്യാസ രംഗത്തോടു ചെയ്യുന്നത് കടുത്ത അവകാശലംഘനവും ‍ജനാധിപത്യ വിരുദ്ധതയുമാണ്. പേടിച്ചാണ് ഇടതു സംഘടന അംഗങ്ങൾ പോലും മിണ്ടാത്തത്.

 

∙കോട്ടയം ജില്ലയിൽ നിന്നുള്ള പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത അധ്യാപകൻ

 

 

വീട്ടിലെ ‍ജോലിയും സ്കൂളിലെ അമിതഭാരവുമായി ഏറ്റവും ദുരിതം അനുഭവിക്കുന്നതു സ്ത്രീകളാണ്. പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. പക്ഷാഘാതം, രക്ത സമ്മർദം എന്നിവ അധ്യാപകർക്കിടയിൽ വർധിക്കുന്നു.

 

∙കോട്ടയം ജില്ലയിൽ നിന്നുള്ള പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത കായികാധ്യാപിക.

 

Content Summary : Why Do Teachers Refuse Promotions?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com