മാതാപിതാ ഗുരു ദൈവം എന്നു പറഞ്ഞു പഠിക്കേണ്ട പ്രായത്തിൽ ഗുരുവിനെ നിന്ദിച്ചതിന്റെ പേരിൽ കേസിൽപെട്ടിരിക്കുകയാണ് നാലു വിദ്യാർഥികൾ. ഉത്തർ പ്രദേശിലെ മീററ്റിൽ രാധാഇനായത്പുർ ഗ്രാമത്തിലെ സ്കൂളിലെ അധ്യാപികയെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചെന്ന കേസിലാണ് ഒരു പെൺകുട്ടിയുൾപ്പെടെ നാല് പന്ത്രണ്ടാം ക്ലാസുകാർ അറസ്റ്റിലായത്.
അധ്യാപിക ക്ലാസെടുക്കുന്നതിനിടെ കൂക്കിവിളിച്ചും ‘ഞാൻ നിങ്ങളെ പ്രണയിക്കുന്നു’വെന്ന് ഉറക്കെ വിളിച്ചു പറഞ്ഞും വിദ്യാർഥികൾ അവരെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി.
വിദ്യാർഥികൾ കുറേക്കാലമായി തന്നോടു മോശമായി പെരുമാറുന്നെന്ന് ഇരുപത്തേഴുകാരിയായ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. ജൂൺ 24 ന് കുട്ടികളുടെ പെരുമാറ്റം എല്ലാ പരിധിയും വിട്ടെന്നും സ്കൂളിൽവച്ച് തന്നോട് ‘ഐ ലവ് യു’ എന്നു പറഞ്ഞെന്നും അതിന്റെ വിഡിയോ എടുത്തു പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 345, 500 വകുപ്പുകളാണ് വിദ്യാർഥികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
Content Summary : Students harass teacher in Meerut school, booked after video goes viral