ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർവകലാശാലകളിൽ പുതിയ പാഠ്യപദ്ധതിയും 4 വർഷ ഡിഗ്രി കോഴ്സും അടുത്ത അധ്യയന വർഷം നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ ആശങ്ക പങ്കുവച്ച് അക്കാദമിക് വിദഗ്ധർ. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കരടു ചട്ടക്കൂട് രൂപീകരണത്തിനായി സംഘടിപ്പിച്ച ശിൽപശാലയിൽ പങ്കെടുത്തവരാണ് തിടുക്കം ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയത്.

 

പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് ഫെബ്രുവരിയോടെ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. തുടർചർച്ചകളിലൂടെ ഇതിന് അന്തിമരൂപം നൽകിയശേഷമാണ് പാഠ്യപദ്ധതിക്കു രൂപം നൽകുന്നത്. അതിനു പിന്നെയും സമയം വേണ്ടിവരും. സിലബസി‍ൽ ഉൾപ്പെടെ പൂർണ വ്യക്തത വരുത്തിയശേഷമേ പുതിയ കോഴ്സുകളും പഠന രീതികളും നടപ്പാക്കാവൂ എന്ന് അധ്യാപകർ നിർദേശിച്ചു. പരിഷ്കരണം എപ്പോൾ എന്നതു ചർച്ച ചെയ്യാമെന്നും എന്നാൽ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് മറുപടി നൽകി. 

 

സംസ്ഥാനത്തെ കോളജുകളിൽ അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയുന്നതും പരീക്ഷയും ഫലപ്രഖ്യാപനവും വൈകുന്നതും ഗൗരവമായി കാണണമെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളജുകളിലെയും നൂറോളം അധ്യാപകരാണ് വിഷയ വിദഗ്ധരായി രണ്ടു ദിവസത്തെ ശിൽപശാലയിൽ പങ്കെടുത്തത്.

 

∙ കോളജ് സമയമാറ്റം: വ്യക്തത വേണമെന്ന് അധ്യാപകർ

 

കോളജ് സമയം രാവിലെ 8 മുതൽ രാത്രി 8 വരെയാക്കണമെന്ന നിർദേശം ശിൽപശാല ഉദ്ഘാടനം ചെയ്യവേ മന്ത്രി ആർ.ബിന്ദു മുന്നോട്ടുവച്ചിരുന്നു. ക്ലാസ് സമയം നിലവിലുള്ള രീതിയിൽ നിലനിർത്തി അധിക സമയം ലൈബ്രറി, ലാബ്, ചർച്ചാ വേദികൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്നാണ് മന്ത്രിയുടെ നിർദേശം. അധ്യാപകരുടെ ജോലിഭാരം ഉയർത്താതെ തന്നെ ഇതു നടപ്പാക്കാനാകും. പുതിയ പാഠ്യപദ്ധതി നടപ്പാക്കുമ്പോൾ ജോലി ഭാരം സംബന്ധിച്ച് സർക്കാർ ഉത്തരവിലൂടെ വ്യക്തത വരുത്തണമെന്ന് അധ്യാപകർ പറഞ്ഞു.

 

പുതിയ പാഠ്യപദ്ധതിയും 4 വർഷ ഡിഗ്രിയും അടുത്ത അധ്യയനവർഷം നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് മുന്നോട്ടുപോകുന്നത്. ആശങ്കകൾ ഉന്നയിക്കുന്നത് വ്യക്തതക്കുറവു കാരണമാകും. മാർച്ചിനു മുൻപ് പാഠ്യപദ്ധതി ചട്ടക്കൂടിനു രൂപം നൽകാനാകും. അധ്യാപക കേന്ദ്രീകൃത പഠനത്തിനു പകരം വിദ്യാർഥികൾക്ക്, പഠനഭാരമില്ലാതെ അഭിരുചിക്ക് അനുസരിച്ച് സ്വയം പഠിക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുന്നത്. 

∙ആർ.ബിന്ദു (ഉന്നതവിദ്യാഭ്യാസ മന്ത്രി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com