നവോദയ പ്രവേശനം : പുതിയ നിബന്ധന തിരിച്ചടിയായി, അപേക്ഷിക്കാനാകാതെ വിദ്യാർഥികൾ
Mail This Article
ചെങ്ങന്നൂർ ∙ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിനുള്ള മാനദണ്ഡം പരിഷ്കരിച്ചതോടെ ഒട്ടേറെ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാകാത്ത സ്ഥിതിയായി. അപേക്ഷകർ പഠിക്കുന്ന സ്കൂളും താമസിക്കുന്ന വീടും ഒരേ റവന്യൂ ജില്ലയിലാകണമെന്ന പുതിയ നിബന്ധനയാണു പ്രശ്നം. കഴിഞ്ഞവർഷം വരെ അപേക്ഷകർ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സ്കൂൾ ഏതു റവന്യൂ ജില്ലയിലാണോ, ആ ജില്ലയിലെ നവോദയ വിദ്യാലയത്തിലേക്ക് അപേക്ഷിക്കണമെന്നതായിരുന്നു നിബന്ധന. എന്നാൽ, അപേക്ഷകർ പഠിക്കുന്നതും താമസിക്കുന്നതും ഒരേ ജില്ലയിലാകണമെന്ന നിബന്ധന ഈ വർഷം കൂട്ടിച്ചേർത്തതോടെ താമസസ്ഥലത്തിനു പുറത്തെ ജില്ലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷ അയയ്ക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
പലരും താമസിക്കുന്ന ജില്ലയ്ക്കു തൊട്ടടുത്തുള്ള ജില്ലയിലെ സ്കൂളുകളിലാകാം പഠിക്കുന്നത്; ജില്ലാ അതിർത്തികളിൽ താമസിക്കുന്നവരാണെങ്കിൽ പ്രത്യേകിച്ചും. ഇവർക്കും ജോലിയുമായി ബന്ധപ്പെട്ട് സ്വന്തം ജില്ല വിട്ട് മറ്റൊരിടത്തു താമസിക്കുന്നവരുടെ മക്കൾക്കുമാണ് പുതിയ നിബന്ധന തിരിച്ചടിയായിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ നവോദയാ വിദ്യാലയ സമിതിയാണു ചട്ടം പരിഷ്കരിച്ചത്.
ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി, നവോദയ വിദ്യാലയ സമിതി കമ്മിഷണർ, എംപിമാർ എന്നിവർക്കു നിവേദനം നൽകിയിരിക്കുകയാണ് രക്ഷിതാക്കൾ. അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 31നു കഴിയും.
Content Summary : New Navodaya Admission Rule To Hit Many Aspirants