ADVERTISEMENT

ന്യൂഡൽഹി ∙ യുകെയിൽ ഉപരിപഠനത്തിനെത്തുന്ന വിദ്യാർഥികളുടെ വീസ ചട്ടങ്ങളിൽ നിയന്ത്രണം വരുത്താനുള്ള നീക്കം ഏറ്റവുമധികം തിരിച്ചടിയാകുക ഇന്ത്യൻ വിദ്യാർഥികൾക്ക്. പഠനം പൂർത്തിയാക്കിയാൽ 2 വർഷം വരെ തുടരാമെന്ന വ്യവസ്ഥ 6 മാസമായി കുറയ്ക്കാൻ യുകെ ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാൻ നീക്കം നടത്തുകയാണെന്ന് ‘ദ് ടൈംസ്’ ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന യുകെ വീസയിൽ കഴിഞ്ഞ വർഷം വൻ വർധനയാണുണ്ടായത്. ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. മികച്ച പഠനാന്തരീക്ഷം, ജോലി സാഹചര്യം, പ്രവേശനം ലഭിക്കാനുള്ള എളുപ്പം എന്നിവയെല്ലാം ഇന്ത്യൻ വിദ്യാർഥികളുടെ ആകർഷണ കേന്ദ്രമാക്കി യുകെയെ മാറ്റി. 

കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണു വീസ ചട്ടങ്ങളിൽ നിയന്ത്രണം വരുത്താനുള്ള നീക്കം. 2030ൽ 6,00000 വിദേശ വിദ്യാർഥികളെയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, നിലവിൽ 6,80,000 വിദേശ വിദ്യാർഥികൾ യുകെയിലുണ്ട്. നിലവിലെ വീസ ചട്ടങ്ങൾ അനധികൃത കുടിയേറ്റത്തിനു കാരണമാകുന്നുവെന്നാണു യുകെ ആഭ്യന്തര വകുപ്പിന്റെ  കണ്ടെത്തൽ. എൻജിനീയറിങ് പോലുള്ള വിഷയങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കുന്നവർക്കു മാത്രം തൊഴിൽ വീസ അനുവദിക്കാനുള്ള നീക്കവും നടക്കുന്നു. അതേസമയം, ആഭ്യന്തര വകുപ്പിന്റെ നീക്കത്തിനെതിരെ സർവകലാശാലകൾ രംഗത്തെത്തി. പ്രധാന വരുമാന സ്രോതസ്സ് ഇല്ലാതാകുമെന്ന് ഇവർ പറയുന്നു. വിദേശ വിദ്യാർഥികൾ പ്രതിവർഷം 2590 കോടി പൗണ്ട് (ഏകദേശം 2.61 ലക്ഷം കോടി രൂപ) യുകെയിലെത്തിക്കുന്നുവെന്നാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com