ADVERTISEMENT

തിരുവനന്തപുരം∙ നാലു വർഷ ഡിഗ്രി കോഴ്സിൽ ചേരുന്നവർക്ക് മൂന്നാം വർഷ പരീക്ഷ എഴുതി ബിരുദം നേടി പുറത്തു പോകാനും  നാലാം വർഷ പരീക്ഷ പാസാകുന്നവർക്ക് ഓണേഴ്സ് ബിരുദം ലഭിക്കാനുമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂട് ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയിൽ അവതരിപ്പിച്ചു. ഓണേഴ്സ് നേടുന്നവർ  പിജി കോഴ്സിന് ഒരു വർഷം പഠിച്ചാൽ മതി. രണ്ടാം വർഷ പിജിക്കു ലാറ്ററൽ എൻട്രയിലൂടെ ഇവർക്ക് പ്രവേശനം നൽകും. നാലു വർഷ കോഴ്സിൽ പ്രോജക്ടുകൾക്കു പ്രാധാന്യം നൽകും. ഇപ്പോഴുള്ള മൂന്നുവർഷ കോഴ്സ് ഇനിയുണ്ടാവില്ല. 

Read Also : വിദ്യാർഥികൾക്കും അധ്യാപകർക്കും സന്തോഷിക്കാം

അടുത്ത അക്കാദമിക് വർഷം നടപ്പാക്കുന്ന പുതിയ ‘നാലു വർഷ – മൂന്നു വർഷ’ ബിരുദ കോഴ്സിന്റെ  കരട് പാഠ്യപദ്ധതി ചട്ടക്കൂടാണ് ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യയോഗത്തിൽ അവതരിപ്പിച്ചത്. സമിതി അംഗങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഒരാഴ്ച സമയം അനുവദിക്കും.

 

യുജിസിയുടെ മാർഗനിർദേശം അനുസരിച്ചുള്ള പുതിയ ഘടനയാണ് പുതിയ ഡിഗ്രി കോഴ്സിനു നിലവിൽ വരിക. ഒന്നും രണ്ടും വർഷങ്ങളിൽ ഭാഷാ വിഷയങ്ങൾക്കു നൽകുന്ന അമിത പ്രാധാന്യം ഇല്ലാതാകും. പകരം മുഖ്യ വിഷയത്തിനു പ്രാധാന്യം ലഭിക്കും. സയൻസ് പഠിക്കുന്നവർക്കു മറ്റു വിഷയങ്ങൾ കൂടി പഠിക്കാം. ആർട്സ് പഠിക്കുന്നയാളിനു സാങ്കേതിക വിഷയങ്ങളിൽ താൽപര്യമുണ്ടെങ്കിൽ പഠിക്കാം. കരിക്കുലം കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച കഴിഞ്ഞു വീണ്ടും യോഗം ചേർന്ന് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമ രൂപം നൽകും. ഇത് ഈ മാസം അവസാനത്തോടെ സർവകലാശാലകൾക്കു കൈമാറും. സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് ആണ് പാഠ്യപദ്ധതിയുടെ ഉള്ളടക്കം തീരുമാനിക്കുക.

 

പാഠ്യപദ്ധതി രൂപകൽപനയിൽ വിദ്യാർഥി കേന്ദ്രീകൃത സമീപനം വളർത്തി എടുക്കണമെന്നു യോഗത്തിൽ മന്ത്രി ആർ.ബിന്ദു നിർദേശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 28 വിദഗ്ധർ പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ, കരിക്കുലം കമ്മിറ്റി ചെയർമാൻ ഡോ. സുരേഷ് ദാസ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ഡോ.ഗംഗൻ പ്രതാപ്, ഡോ.എം.എസ്.രാജശ്രീ, ഡോ.മീന ടി.പിള്ള, ഡോ.അംബർ ഹബീബ്, ഡോ.കെ. ജി.ഗോപ്ചന്ദ്രൻ, ഡോ.നന്ദകുമാർ കളരിക്കൽ, ഡോ.എ.സന്തോഷ്, ഡോ.എ.പ്രവീൺ, ഡോ. സി. പത്മനാഭൻ, ഡോ.ഗബ്രിയേൽ സൈമൺ തട്ടിൽ, ഡോ. ആൽഡ്രിൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

 

Content Summary : Kerala sets in motion process to introduce four-year degree courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com