മറ്റൊരു കാലത്തുമുണ്ടായിട്ടില്ലാത്ത രീതിയിൽ യുവതലമുറ കേരളത്തെ കൈവിട്ട് വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്നു എന്ന മുറവിളികൾക്കിടയിലാണ് ഇത്തവണ കേരള ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യം വിദേശ രാജ്യങ്ങളാണെന്നും ഇവിടെ തൊഴിൽ ലഭ്യത കുറവാണെന്നുമുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പെടെയുള്ളവർ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുമായി നിറഞ്ഞപ്പോൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അവഗണിക്കപ്പെടുകയാണെന്ന ചിന്താഗതിയും ശക്തിയുമായി. ഈ വിമർശനങ്ങളെ ഉൾക്കൊള്ളാൻ ശ്രമിച്ചു എന്നതാണ് കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത.
Read Also : വിദ്യാർഥികൾക്കും അധ്യാപകർക്കും സന്തോഷിക്കാം
1773.09 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് പദ്ധതി വിഹിതമായി വകയിരുത്തിയിരിക്കുന്നത്. സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 95 കോടി അനുവദിച്ചതിനൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ലോഭമില്ലാതെ ഫണ്ട് അനുവദിച്ചിട്ടുമുണ്ട്. സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മികവ് ലക്ഷ്യമാക്കി 816.79 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. അക്കാദമിക് രംഗത്തെ മികവിന്റെ തെളിവായി പുതിയൊരു പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു– അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ. ഗെസ്റ്റ് ലക്ചറർമാരുടെ പ്രതിഫലം വർധിപ്പിക്കുന്നതിനൊപ്പം ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ കോളജുകൾക്ക് 98.35 കോടി രൂപയും അനുവദിച്ചു. മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 14 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കമ്മിഷന് 19 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വിവാദങ്ങൾ കൊണ്ട് വാർത്താ പ്രാധാന്യം നേടിയ കണ്ണൂർ സർവകലാശാലയിൽ സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് സയൻസ്, കോസ്റ്റൽ ഇക്കോ സിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കംപ്യൂട്ടിങ് സെന്റർ, പെട്രെമിക്‌സ് ആൻഡ് ജെനോമിക് റിസർച്ച് സെന്റർ എന്നിവയ്ക്ക് ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ പൂർവ വിദ്യാർഥികളായ തലശ്ശേരി ബ്രണ്ണൻ കോളജിൽ 30 കോടി ചെലവിൽ അക്കാദമിക് കോംപ്ലക്‌സ് സ്ഥാപിക്കും.
തൊഴിൽ നൈപുണ്യ വികസനത്തിനായി അസാപ്പിന് (അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) 35 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ എൻജീനീയറിങ് കോളജുകൾ, പോളിടെക്‌നിക്കുകൾ എന്നിവയുടെ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത കണ്ണൂരിലെ പിണറായിയിൽ പുതിയ പോളിടെക്‌നിക്ക് ആരംഭിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിന്റെ തിരുവനന്തപുരം, ചാലക്കുടി, പരപ്പനങ്ങാടി പ്രദേശിക കേന്ദ്രങ്ങൾ, കോട്ടയം സയൻസ് സിറ്റി എന്നിവയ്ക്കായി 23 കോടി രൂപയും വകയിരുത്തി. ലോകത്തെ മികച്ച 200 സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണ അസൈൻമെന്റുകൾ നേടുന്ന 100 ഗവേഷകർക്ക് സ്‌കോളർഷിപ്പ് നൽകാനുള്ളതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. ഇതിന് 46 കോടിയാണ് മാറ്റവച്ചിരിക്കുന്നത്.
Content Summary : Kerala Budget Rs 1,773 crore has been allotted for the education sector