ന്യൂഡൽഹി ∙ മെച്ചപ്പെട്ട റാങ്കുണ്ടായിട്ടും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) വ്യവസ്ഥ മൂലം സ്വകാര്യ മെഡിക്കൽ കോളജിൽ ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടിവരുന്ന സാഹചര്യം ദൗർഭാഗ്യകരമാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. യുജി മെഡിക്കൽ പ്രവേശന കൗൺസലിങ്ങിൽ ആദ്യ 2 റൗണ്ടുകളിലായി പ്രവേശനം നേടിയവർക്കു മോപ് അപ് റൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്തു കേരളത്തിൽനിന്നുള്ള 2 വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ എംസിസിക്കും നാഷനൽ മെഡിക്കൽ കമ്മിഷനും (എൻഎംസി) നോട്ടിസ് അയച്ച കോടതി ഹർജി 13നു പരിഗണിക്കാൻ മാറ്റി.
Read Also : ജെഇഇ മെയിൻ പരീക്ഷയിൽ 100 പെർസന്റൈൽ; വിജയരഹസ്യം പങ്കുവച്ച് ആഷിക് സ്റ്റെന്നി
നിലവിലെ വ്യവസ്ഥപ്രകാരം ആദ്യ 2 റൗണ്ടുകളിലായി സ്വകാര്യ മെഡിക്കൽ കോളജിലാണ് പ്രവേശനമെങ്കിലും അവിടെ തുടർന്നു പഠിക്കണം. മോപ് അപ് റൗണ്ടിൽ സർക്കാർ സീറ്റ് ലഭ്യമാണെങ്കിലും അങ്ങോട്ടു മാറാനാകില്ല. ഇവരെക്കാൾ റാങ്ക് കുറഞ്ഞവർക്ക് ഈ മോപ് അപ് സീറ്റ് ലഭിക്കുകയും ചെയ്യും. ഇതു ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിനി സൈനബ് സലീം, കോട്ടയം സ്വദേശിനി ഗൗരി നന്ദന എന്നിവരാണ് ഹർജി നൽകിയത്.
പ്രശ്നത്തോട് അനുഭാവം അറിയിച്ചെങ്കിലും സർക്കാർ വ്യവസ്ഥയാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. എന്നാൽ, സർക്കാർ സീറ്റിലേക്കാണെങ്കിൽ മോപ് അപ് വഴി മാറ്റം അനുവദിക്കാമെന്ന നിർദേശം നൽകണമെന്ന് ഹർജിക്കാർക്കായി അഭിഭാഷകൻ റോയി ഏബ്രഹാം വാദിച്ചു. ഈ നിർദേശം മുൻപ് ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, ജെ.കെ.മഹേശ്വരി എന്നിവർ വ്യക്തമാക്കി. തുടർന്നാണ് എതിർകക്ഷികൾക്കു നോട്ടിസ് അയച്ചത്.
Content Summary : unfortunate that students with good marks have to go for payment seats, opines SC