ADVERTISEMENT

തൊടുപുഴ∙ എസ്എസ്എൽസി പരീക്ഷയുടെ ചൂടൻ ദിനങ്ങൾ എത്തി. ഇന്നു മുതൽ 29 വരെ നടക്കുന്ന പരീക്ഷയ്ക്ക് സർവസജ്ജമാകുന്ന തിരക്കിലാണ് കുട്ടികൾ.  കഴിഞ്ഞവർഷം 99.17 ആയിരുന്നു വിജയ ശതമാനം. മികച്ച വിജയം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂളുകളും വിദ്യാഭ്യാസ വകുപ്പും.

Read Also : ‘നന്നായി പഠിക്കും, പക്ഷേ പരീക്ഷയ്ക്കു മാർക്കില്ല’: നിസ്സാരമല്ല പഠന വൈകല്യം

ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത് 11,491 വിദ്യാർഥികളാണ്. 5,938 ആൺകുട്ടികളും 5,553  പെൺകുട്ടികളും. സർക്കാർ സ്കൂളുകളിൽ നിന്ന് 3,182 പേരും എയ്ഡഡിൽ നിന്ന് 7,498 പേരും അൺ എയ്ഡഡിൽ നിന്ന് 641 പേരും പരീക്ഷ എഴുതുന്നു. 162 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇവയിൽ 89 എണ്ണം കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലും 73 എണ്ണം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലുമാണ്. കഴിഞ്ഞവർഷം 11,389 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. 102 വിദ്യാർഥികളുടെ വർധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.

ടെൻഷനാക്കരുത് രക്ഷിതാക്കളേ...

‘‘പരീക്ഷ വന്നു തലേൽ കയറിയിട്ടും  വല്ല കുലുക്കോം ഒണ്ടോന്നു നോക്കിക്കേ’’ മിക്ക വീടുകളിലും പരീക്ഷക്കാലത്ത് കേൾക്കുന്ന ഡയലോഗാണിത്. കുലുക്കമില്ലാഞ്ഞിട്ടാകില്ല, പിരിമുറുക്കമില്ലെന്നു സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങളാകാം കുലുക്കമില്ലായ്മയായി മറ്റുള്ളവർക്കു തോന്നുന്നത്.  കുട്ടികളുടെ മാനസിക സമ്മർദം കൂടുന്ന കാലമാണ് പരീക്ഷക്കാലം. ഇതറിഞ്ഞു വേണം രക്ഷിതാക്കൾ കുട്ടികളുമായി ഇടപെടാൻ. താരതമ്യങ്ങളും വിമർശനങ്ങളും ആവശ്യമേയില്ല. ആ കുട്ടിയെ നോക്ക്, അവൻ / അവൾ പഠിക്കുന്നതു നോക്കൂ തുടങ്ങിയ താരതമ്യങ്ങൾ ഒഴിവാക്കാം. നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ചു പറഞ്ഞ് അവരെ കുറ്റപ്പെടുത്തരുത്. കുട്ടികൾക്കു പഠിക്കാനുള്ള സാഹചര്യം വീട്ടിൽ ഒരുക്കുക. 

കുട്ടിയുടെ മാനസിക സമ്മർദവും യഥാർഥ രീതിയിൽ മനസ്സിലാക്കുക. ഉറക്കക്കുറവ്, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയവ മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. ഇവ മനസ്സിലാക്കി കുട്ടിയോടു സംസാരിക്കുക. ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിൽ വേണം സംസാരം. കുട്ടിയുടെ ഉറക്കവും പ്രത്യേകം ശ്രദ്ധിക്കുക. പറ്റാവുന്ന രീതിയിൽ പഠനത്തിൽ സഹായിക്കുകയുമാകാം. പരീക്ഷ കഴിഞ്ഞെത്തുന്ന കുട്ടിക്കു മാനസികമായി പിന്തുണ നൽകാം. അടുത്ത പരീക്ഷയ്ക്കു കൂടുതൽ ഉത്സാഹത്തോടെ ഒരുങ്ങാൻ പ്രചോദനമേകാം.

പിന്തുണ ഉറപ്പ്

കുട്ടികൾക്കു വിഷയാധിഷ്ഠിതവും മാനസികവും വൈകാരികവുമായ പിന്തുണ നൽകാൻ വിദ്യാഭ്യാസവകുപ്പ് പദ്ധതി തയാറാക്കിയിട്ടുണ്ട്. സംശയനിവാരണത്തിനു പ്രത്യേക സംവിധാനവും ആവശ്യമുള്ള കുട്ടികൾക്കു കൗൺസലിങ് സഹായവും മാതാപിതാക്കൾക്ക് പേരന്റൽ കൗൺസലിങ്ങും നൽകും. വിഷയങ്ങളിലെ സംശയനിവാരണത്തിനായി വാട്സാപ് വഴിയും ഇമെയിൽ വഴിയും നേരിട്ടു മെന്റർമാരെ ഫോൺ മുഖേനയും ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഒരുക്കും. ഫോൺ നമ്പറുകൾ വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന വിദ്യാലയങ്ങൾക്കു നൽകും.

Read Also : പരീക്ഷയെ ഫലപ്രദമായി നേരിടാൻ 8 മാർഗങ്ങൾ

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ചോദ്യപ്പേപ്പറുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 11 ട്രഷറികളും 22 ബാങ്ക് ലോക്കറുകളുമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. എസ്ബിഐ, യുബിഐ, ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിലായാണ് ചോദ്യപ്പേപ്പർ സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷാദിവസം രാവിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ചോദ്യപ്പേപ്പറുകൾ ഏറ്റുവാങ്ങി സ്കൂളുകളിൽ എത്തിക്കും.

∙കെ. ബിന്ദു, ജില്ലാ വിദ്യാഭ്യാസ  ഡപ്യൂട്ടി ഡയറക്ടർ, ഇടുക്കി

പരീക്ഷയുടെ പഞ്ചതന്ത്രങ്ങൾ

∙ ചിട്ടയായും ക്രമമായും പാഠഭാഗങ്ങൾ പഠിക്കുക.

∙ മാനസികസമ്മർദം ഇല്ലാതെ പരീക്ഷ ഹാളിൽ പ്രവേശിക്കുക.

∙ കൂൾ ഓഫ് ടൈം നന്നായി ഉപയോഗിക്കുക. ആ സമയം ഉത്തരങ്ങൾ ക്രോഡീകരിക്കാൻ ശ്രമിക്കണം.

∙അറിയാവുന്ന ഉത്തരങ്ങൾ ആദ്യം എഴുതാൻ ശ്രമിക്കുക.

∙എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ ശ്രദ്ധിക്കുക.

(കടപ്പാട്– മധു സജി, അധ്യാപിക, എസ്എച്ച്  ഇഎംഎച്ച്എസ്എസ് മൂലമറ്റം)

Content Summary : Kerala: SSLC exams begins from March 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com