ADVERTISEMENT

ലേ ഓഫ് എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടപ്പിരിച്ചുവിടലുകൾ രാജ്യാന്തര ടെക് കമ്പനികളിൽ, പ്രത്യേകിച്ച് യുഎസിൽ തുടരുന്നതായാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയും മാർക്ക് സൂക്കർബർഗിന്റെ ഉടമസ്ഥതയിലുള്ളതുമായ മെറ്റയിൽ പതിനായിരം പേരെ പിരിച്ചുവിടുന്നതായുള്ള വാർത്ത ഇതിൽ ഏറ്റവും പുതിയതാണ്.

Read Also : ജോലി പോകുമ്പോഴുള്ള വീഴ്ചയുടെ ആഘാതം കുറയ്ക്കാം

ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ ഉൾപ്പെടെ വൻകിട ഐടി കമ്പനികളിൽ അടുത്തിടെ നടന്ന വ്യാപക പിരിച്ചുവിടൽ മൂലം ഒട്ടേറെ പേർക്കാണ് യുഎസിൽ ജോലി നഷ്ടമായത്. ഇതിൽ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്. കഴിഞ്ഞ നവംബർ മുതൽ രണ്ടുലക്ഷം പേർക്ക് ഇത്തരത്തിൽ ലേഓഫ് നടപടികളിൽ ജോലി നഷ്ടമായെന്നാണു കണക്ക്. ഇതിൽ 30 മുതൽ 40 ശതമാനം ഇന്ത്യക്കാരാണ്.

ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിഷമം അനുഭവിക്കുകയാണ് എച്ച്1ബി വീസയിൽ യുഎസിലെത്തിയ പ്രഫഷനലുകൾ.എച്ച്1ബി വീസപ്രകാരം ജോലി ചെയ്തവരിൽ പിരിച്ചുവിടപ്പെട്ടവർക്ക് ഗ്രേസ് പീരിയഡ് 60 ദിവസമാണ്. അതായത് എച്ച്1ബി വീസക്കാരുടെ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞ് 60 ദിവസത്തിനുള്ളിൽ ഇമിഗ്രേഷൻ സ്റ്റാറ്റസിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ മറ്റൊരുജോലി നേടുകയോ വേണം. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ യുഎസ് വിടേണ്ടിവരും.

നോൺ ഇമ്മിഗ്രന്റ് വിഭാഗത്തിൽപെടുന്ന വീസയാണ് എച്ച്1ബി വീസ. യുഎസ് കമ്പനികൾക്ക് സാങ്കേതികപരവും സൈദ്ധാന്തികവുമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ നിയമിക്കാനാണ് ഇതു സഹായകമാകുന്നത്.ഓരോ വർഷവും പതിനായിരക്കണക്കിന് തൊഴിലാളികളെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമായി നിയമിക്കാൻ യുഎസ് കമ്പനികൾ ഈ വീസയുടെ സൗകര്യം ഉപയോഗിക്കാറുണ്ട്.

ജോലി നഷ്ടപ്പെട്ട ശേഷം 60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്താനായി എച്ച്1ബി വീസക്കാരിൽ പലരും പാടു പെടുകയാണ്.കിടമത്സരം നിലനിൽക്കുന്ന യുഎസ് തൊഴിൽവിപണിയിൽ ഇങ്ങനെ പുറത്താകപ്പെട്ടവർ വലിയ വെല്ലുവിളി നേരിടാറുണ്ട്. അതേപോലെ തന്നെ യുഎസിന്റെ ഇമിഗ്രേഷൻ വകുപ്പിൽ എടുക്കുന്ന കാലതാമസവും മറ്റൊരു പ്രശ്നമാണ്. ടെക് കമ്പനികൾ പലപ്പോഴും നാലും അഞ്ചും തവണ ഇന്റർവ്യൂവും തിരഞ്ഞെടുപ്പ് പ്രക്രിയകളും നടത്തുന്നതും കാലതാമസമുണ്ടാക്കുന്ന കാര്യമാണ്.ആഴ്ചകളെടുക്കും ഇവ പൂർത്തിയാകാൻ.

ഇന്നലെ യുഎസ് പ്രസിഡന്റിന്റെ സുരക്ഷാസമിതിയിലെ ഉപ കമ്മിറ്റി, ഗ്രേസ് പീരിയഡ് 180 ദിവസം വരെയാക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിരുന്നു.ഇവർക്ക് പുതിയ ജോലിയോ അവസരങ്ങളോ കണ്ടെത്താൻ സമയം ലഭിക്കാനായാണ് ഇത്.

ഏഷ്യൻ അമേരിക്കക്കാർ, ഹവായിയിലെ തദ്ദേശീയ വിഭാഗക്കാർ, യുഎസ് അധീനതയിലുള്ള  പസിഫിക് ദ്വീപുകളിലെ താമസക്കാർ എന്നിവരെ പ്രതിനിധീകരിക്കുന്ന ഉപകമ്മിറ്റിയിലെ അംഗമായ അജയ് ജയൻ ഭൂട്ടോറിയയാണ് ഇതു സംബന്ധിച്ച വാദം ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ പ്രസന്റേഷനും അദ്ദേഹം അവതരിപ്പിച്ചു.

വളരെയേറെ നൈപുണ്യമുള്ള തൊഴിലാളികൾ ഇതു മൂലം രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ഇതു യുഎസിനു കനത്ത നഷ്ടമായിരിക്കുമെന്നും പ്രസന്റേഷനിൽ ചൂണ്ടിക്കാട്ടുന്നു.

60 ദിവസത്തെ സമയകാലഘട്ടത്തിനുള്ളിൽ തൊഴിൽ കണ്ടെത്താനും എച്ച്1 ബി വീസയുമായി ബന്ധപ്പെട്ട പേപ്പർവർക് നടപടികൾക്കും പ്രയോജനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഗ്രീൻ കാർഡ് അപേക്ഷകളുടെ തുടക്ക സമയത്തു തന്നെ തൊഴിലെടുക്കാനുള്ള അനുമതി നൽകാനുള്ള പദ്ധതിയും കമ്മിഷൻ മുന്നോട്ടുവച്ചു. യുഎസിൽ സ്ഥിരതാമസാനുമതി സംബന്ധിച്ച രേഖയാണ് ഗ്രീൻകാർഡ്. ഇക്കാര്യത്തിൽ നടപടിയുണ്ടാകുന്നത് ഇന്ത്യക്കാർക്ക് ഗുണമാകും.

Content Summary : Tech Layoffs Put H1B Visa Workers on Deadline to Find New Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com