ന്യൂഡൽഹി ∙ അഖിലേന്ത്യാ പരീക്ഷയായ ‘ഗേറ്റി’ൽ ബയോടെക്നോളജി, ഫിലോസഫി, ലിങ്ഗ്വിസ്റ്റിക്സ് പേപ്പറുകളിൽ മലയാളികൾക്ക് ഒന്നാം റാങ്ക്. ബയോടെക്നോളജി പേപ്പറിൽ കാസർകോട് പാലക്കുന്ന് സ്വദേശി കെ.ഐശ്വര്യയ്ക്കാണ് ഒന്നാം റാങ്ക്. സ്കോർ 79.67. വ്യോമസേനയിൽനിന്നു വിരമിച്ച കരിപ്പോടി കണ്ണംകുളം ശ്രീവത്സത്തിൽ കെ.രഘുനാഥന്റെയും കെ.രജനിയുടെയും മകളാണ്. മംഗളൂരു പി.എ.കോളജിലായിരുന്നു ബിടെക് (ബയോടെക്നോളജി) പഠനം.
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് – ഫിലോസഫി പേപ്പറിൽ ഗുരുവായൂർ സ്വദേശി കെ.എൻ.ശ്രീറാമിന് ഒന്നാം റാങ്ക് ലഭിച്ചു. സ്കോർ 72.67. പടിഞ്ഞാറെനട കൂനംപിള്ളി നാരായണൻ നമ്പൂതിരിയുടെയും കിഴിയേടം മനയ്ക്കൽ ശൈലജയുടെയും മകനാണ്.
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് – ലിങ്ഗ്വിസ്റ്റിക്സ് പേപ്പറിൽ കൊല്ലം രണ്ടാംകുറ്റി സ്വദേശി കീർത്തന നായർക്കാണ് ഒന്നാം റാങ്ക്. ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വിജസ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) എംഎ ലിങ്ഗ്വിസ്റ്റിക്സ് രണ്ടാം വർഷ വിദ്യാർഥിയാണ്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ രാജേന്ദ്രനാഥനും ഇംഗ്ലിഷ് അധ്യാപിക അഞ്ജുവുമാണു മാതാപിതാക്കൾ.