ADVERTISEMENT

ന്യൂഡൽഹി ∙ അടുത്തകൊല്ലം മുതൽ നീറ്റ്–യുജി പരീക്ഷയിൽ തുല്യമാർക്ക് വന്നാൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്ന മുൻഗണനാക്രമത്തിൽ വിഷയം തിരിച്ചുള്ള മികവു നോക്കി റാങ്ക് നൽകുമെന്നു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) പുതിയ ചട്ടങ്ങളിൽ പറയുന്നു.

Read Also : ശനിയാഴ്ച ക്ലാസ്: പിന്നോട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

3 വിഷയങ്ങളിലും തുല്യ മാർക്കാണെങ്കിൽ സോഫ്റ്റ്‍വെയർ ഉപയോഗിച്ചു റാങ്ക് നിശ്ചയിക്കും. ഈമാസം രണ്ടിനു വിജ്ഞാപനം ചെയ്ത ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റഗുലേഷൻസിലാണ് (ജിഎംഇആ‍ർ–23) ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

 

ഫലം വരാനിരിക്കുന്ന നീറ്റ്–യുജി പരീക്ഷയ്ക്കു പുതിയ വ്യവസ്ഥകൾ ബാധകമല്ല. ഒരേ മാർക്കു വന്നാൽ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന മുൻഗണനാക്രമത്തിൽ മാർക്ക് നോക്കിയാകും റാങ്ക് നിശ്ചയിക്കുക. 3 വിഷയങ്ങളിലും ഒരേ മാർക്കാണെങ്കിൽ ഇതേ ക്രമത്തിൽ ഓരോ വിഷയത്തിലും ശരിയുത്തരങ്ങളുടെ അനുപാതം കൂടുതലുള്ളയാൾക്ക് ഉയർന്ന റാങ്ക് നൽകും.

 

നീറ്റ്–യുജി പരീക്ഷാ നടത്തിപ്പ്, കൗൺസലിങ്, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതൽ എൻഎംസിക്കു കീഴിലെ യുജി മെഡിക്കൽ എജ്യുക്കേഷൻ ബോർഡിന്റെ (യുജിഎംഇബി) നേതൃത്വത്തിലായിരിക്കും. ഇക്കൊല്ലം വരെ പരീക്ഷാ നടത്തിപ്പ് നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻടിഎ) ആയിരുന്നു.

 

പുതിയ ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥകൾ:

 

∙ യുജി മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് തയാറാക്കുന്ന ചട്ടക്കൂടുപ്രകാരമാണ് സർവകലാശാലകൾ എംബിബിഎസ് പാഠ്യപദ്ധതി രൂപപ്പെടുത്തേണ്ടത്.

∙ ഒന്നാം വർഷ പരീക്ഷ പാസാകാൻ പരമാവധി 4 അവസരം മാത്രം; കോഴ്സ് പൂർത്തിയാക്കാൻ പരാമവധി 9 വർഷം.

∙ ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതികളും യോഗയും പഠിക്കാൻ മെഡിക്കൽ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണം.

∙ വിദ്യാർഥി പ്രതിനിധികളെ തിരഞ്ഞെടുത്തുള്ള അസോസിയേഷനുകൾ എല്ലാ മെഡിക്കൽ കോളജിലും വേണം.

∙ അനുബന്ധ ക്രെഡിറ്റ് കോഴ്സുകൾ സർവകലാശാലകൾ നടത്തണം.

∙ യുജി മെഡിക്കൽ കൗൺസലിങ് നടത്താനുള്ള അതോറിറ്റിയെ സർക്കാർ തീരുമാനിക്കും.

∙ നീറ്റ്–യുജി നടത്തിപ്പിന് ഒന്നോ അതിലധികമോ ഏജൻസികളെ എൻഎംസിക്കു നിയോഗിക്കാം.

∙ നീറ്റ്–യുജി പരീക്ഷാ നടത്തിപ്പ്, എഴുതാവുന്ന ഭാഷകൾ എന്നിവ സംബന്ധിച്ചു പ്രത്യേക വിജ്ഞാപനമിറക്കും.

∙ ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യാൻ ആഗ്രഹിച്ചു വിദേശത്തു പഠിക്കുന്നവർ നീറ്റ്–യുജിയിൽ മിനിമം യോഗ്യത നേടിയിരിക്കണം.

 

കോളജുകൾക്ക് കുറഞ്ഞ പിഴ ഒരു കോടി

 

വ്യവസ്ഥകൾ (ജിഎംഇആ‍ർ–2023) ലംഘിച്ചു പ്രവേശനം നൽകുന്ന ഓരോ സീറ്റിനും മെഡിക്കൽ കോളജുകൾ ഒരു കോടി രൂപയോ ആകെ കോഴ്സ് ഫീസിനു തുല്യമായ തുകയോ (ഏതാണോ വലുത്) പിഴ നൽകണം. കുറ്റം ആവർത്തിച്ചാൽ പിഴത്തുക 2 കോടിയാകും. തുടർന്നും വ്യവസ്ഥ ലംഘിച്ചാൽ അടുത്ത വർഷം പ്രവേശനാനുമതി നൽകില്ല. ഈ രീതിയിൽ പ്രവേശനം നേടുന്നവരെ ഒഴിവാക്കുകയും ചെയ്യും.

 

Content Summary : NMC issues fresh guidelines on tiebreaker for NEET (UG) scores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com