ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ വർഷം പ്ലസ് വണിൽ വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്ത തെക്കൻ ജില്ലകളിലെ 14 ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള മലബാറിലെ സ്കൂളുകളിലേക്ക് ഉടൻ മാറ്റും. ഒരു സ്കൂളിൽ ഒരേ വിഷയ കോംബിനേഷനിൽ തന്നെ ഒന്നിലേറെയുള്ള ബാച്ചുകളാവും പുനഃക്രമീകരിക്കുക. ഭൂരിപക്ഷം ബാച്ചുകളും മാറ്റുക കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്തെ സ്കൂളുകളിലേക്കാകും. പ്ലസ് വൺ ആദ്യഘട്ട പ്രവേശനത്തിനു മുൻപ് തന്നെ പുനഃക്രമീകരണം നടത്താനാണു ശ്രമം. ആദ്യഘട്ട പ്രവേശനം പൂർത്തിയായ ശേഷം സീറ്റ് വീണ്ടും ആവശ്യമായ സ്കൂളുകളിൽ അധിക ബാച്ചുകളും അനുവദിക്കും. കഴിഞ്ഞ വർഷം അനുവദിക്കുകയും ഈ വർഷവും നിലനിർത്തുകയും ചെയ്ത 81 താൽക്കാലിക ബാച്ചുകൾക്കു പുറമേയാകും ഇത്.

Read Also : സ്കൂൾ പ്രവൃത്തി ദിവസങ്ങൾ കൂട്ടണോ, കുറയ്ക്കണോ? കുട്ടികൾ പറയുന്നു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്ലസ് വൺ പ്രവേശന അവലോകന യോഗത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രമീകരണം. പ്ലസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച പ്രഫ.വി.കാർത്തികേയൻ നായർ കമ്മിറ്റി തെക്കൻ ജില്ലകളിൽ വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്ത നൂറ്റൻപതോളം ബാച്ചുകൾ പുനഃക്രമീകരിക്കണമെന്നാണു ശുപാർശ ചെയ്തത്. പക്ഷേ, പൊതു വിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതു പരിഗണിച്ചിരുന്നില്ല. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തോടെ ഭാഗികമായെങ്കിലും പുനഃക്രമീകരണം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരേ കോംബിനേഷനിൽ ഒന്നിലേറെ ബാച്ചുകളുള്ള സ്കൂളുകളിൽ നിന്ന് അതിലൊന്നു മാറ്റുമ്പോൾ അവിടെയും പ്രവേശനം പ്രശ്നമാകില്ലെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

 

പ്ലസ് വൺ ആദ്യ ഘട്ടം: അപേക്ഷ നാളെ വരെ

 

തിരുവനന്തപുരം∙ പ്ലസ് വൺ ആദ്യ ഘട്ട പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ. ഇന്നലെ വൈകിട്ടു വരെ 4,29,771 പേർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിച്ചു.  4,46,592 പേരാണ് അപേക്ഷിക്കാനായി കാൻഡിഡേറ്റ് ലോഗിൻ എടുത്തത്. കൂടുതൽ അപേക്ഷകർ മലപ്പുറത്തു നിന്നാണ്; 71607. വയനാട് (11080), ഇടുക്കി (11989), പത്തനംതിട്ട (13494) എന്നീ ജില്ലകളിലാണു കുറഞ്ഞ അപേക്ഷകരുള്ളത്. ഇതുവരെ അപേക്ഷിച്ചവരിൽ 3,97,337 പേരും എസ്എസ്എൽസിക്കാരാണ്. സിബിഎസ്ഇയിൽ നിന്ന് 23,230 പേരും ഐസിഎസ്ഇയിൽ നിന്ന് 2437 പേരും അപേക്ഷിച്ചു.

 

Content Summary : 14 Plus Two Batches of South Kerala will be shifted to Malabar Region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com